കോട്ടയത്ത് കനത്ത മഴ തുടരുന്നു; ഉരുള്‍പൊട്ടലുണ്ടായെന്ന വാര്‍ത്ത വ്യാജം

കോട്ടയത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മീനച്ചില്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. അതിനിടെ, ഉരുള്‍പൊട്ടലുണ്ടായെന്ന വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതും ജനങ്ങളില്‍ ആശങ്ക പരത്തുന്നുണ്ട്.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസമായി കനത്തമഴ തുടരുകയാണ്. മഴ ശക്തിപ്പെട്ടതോടെ പുഴകളിലേയും തോടുകളിലേയും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പ് പാലങ്ങള്‍ക്കൊപ്പം വരെ ഉയര്‍ന്നിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ പാലാ അടക്കം താഴ്ന്ന മേഖലകളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്.

മഴക്കൊപ്പം വീശുന്ന ശക്തമായ കാറ്റില്‍ വിവിധയിടങ്ങളില്‍ കൃഷിനാശവുമുണ്ടായിട്ടുണ്ട്. മണ്ണിടിഞ്ഞും മരംമറിഞ്ഞുവീണും പൂഞ്ഞാറില്‍ രണ്ട് വീടുകള്‍ക്ക് നാശം സംഭവിച്ചു. പൂഞ്ഞാര്‍ മറ്റയ്ക്കാട്ട് സംരക്ഷണഭിത്തിയിടിഞ്ഞ് മാളിയേക്കല്‍ സുരേഷിന്റെയും ഉപ്പൂട്ടില്‍ ബിജുവിന്റെയും വീടുകള്‍ അപകടാവസ്ഥയിലായി.

ഈരാറ്റുപേട്ട – വാഗമണ്‍ റൂട്ടില്‍ കാരികാട് ടോപ്പില്‍ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇരുവശത്തുനിന്നുമുള്ള വാഹനങ്ങള്‍ക്ക് മണിക്കൂറുകളോളം റോഡില്‍ കിടന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. ഇതിനിടെ, കിഴക്കന്‍ മലയോരമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ല താലൂക്ക് ആസ്ഥാനങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News