കർദിനാൾ ജോർജ് ആലഞ്ചേരിക്കെ നെതിരായ ഉപവാസ സമരം തുടരുമെന്ന് വൈദികർ

കർദിനാൾ ജോർജ് ആലഞ്ചേരിക്കെ നെതിരായ ഉപവാസ സമരം തുടരുമെന്ന് വൈദികർ. സ്ഥിരം സിനഡ് അംഗങ്ങളുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനം. ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും ചർച്ചകൾ തുടരുമെന്നും വൈദികർ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥിരം സിനഡ് അംഗങ്ങളുമായി നടത്തിയ അഞ്ചര മണിക്കൂർ നീണ്ട ചർച്ചക്കു ശേഷമാണ് വിമത വൈദികർ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ സമരം തുടരാൻ തീരുമാനിച്ചത്. ചർച്ച ആശാവഹമായിരുന്നെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് വൈദികർ പറഞ്ഞു. ഉപവാസ സമരം തൽക്കാലം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും ചർച്ചകൾ തുടരുമെന്നും ഫാദർ ജോസ് വൈലിക്കോടത്ത് പറഞ്ഞു.
കർദിനാൾ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണച്ചുമതലയിൽ നിന്ന് മാറ്റണമെന്നതടക്കം അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് വിമത വൈദികർ രണ്ട് ദിവസമായി ഉപവാസം തുടരുന്നത്. വൈദികരുടെ ആവശ്യപ്രകാരം സിനഡ് ഇടപെട്ട് ചർച്ച നടത്തിയെങ്കിലും വൈദികർ മുന്നോട്ട് വെച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് സിനഡ് പ്രതിനിധി പ്രതിഷേധക്കാരെ അറിയിച്ചു.
സമ്പൂർണ്ണ സിനഡ് വരെ കാത്തിരിക്കാൻ നിർദേശിച്ച സിനഡ് പ്രതിനിധികൾ സമരം പിൻവലിക്കാൻ വൈദികരോട് ആവശ്യപ്പെട്ടു. എന്നാൽ ചില വിട്ടുവീഴ്ചകൾ ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് നിലപാടെടുത്ത വൈദികർ ബിഷപ്പ് ഹൗസിലെത്തി മറ്റ് വൈദികരുമായി ചർച്ച നടത്തി സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here