ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ 18 പേര്‍ ഇന്ത്യക്കാര്‍; മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍.

സംഘത്തില്‍ മലയാളികള്‍ ഉണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്‍ കണ്ടുകെട്ടിയത്.

അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്.

ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. കപ്പല്‍ തീരത്തടുപ്പിച്ച് ഹോര്‍മോസ്ഗന്‍ തുറമുഖഅധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ചെറിയ കപ്പലുകളും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയായിരുന്നുവെന്ന് സ്റ്റെനാ ഇംപേരോയുടെ ഉടമയായ കമ്പനി പറഞ്ഞു. കപ്പല്‍ ഇറാനിലേക്ക് നീങ്ങുകയാണെന്നും ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here