കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 489 പേര്‍

ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. തീരമേഖലയില്‍നിന്ന് 120 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ചിറയന്‍കീഴ് താലൂക്കില്‍ 11 ഉം തിരുവനന്തപുരം താലൂക്കില്‍ മൂന്നും വീടുകള്‍ കടല്‍ക്ഷോഭത്തില്‍ ഭാഗീകമായി തകര്‍ന്നു.

കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. വലിയതുറ ബഡ്സ് യു.പി. സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപില്‍ 16 കുടുംബങ്ങളിലെ 58 പേര്‍ കഴിയുന്നുണ്ട്. വലിയതുറ ഗവണ്‍മെന്റ് യു.പി.എസില്‍ 65 കുടുംബങ്ങളിലെ 282 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

വലിയതുറ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും പേട്ട സെന്റ് റോച്ചസ് സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 114 പേരും കഴിയുന്നുണ്ട്. ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന വലിയതുറ ഫിഷറീസ് ഗോഡൗണില്‍ എട്ടു കുടുംബങ്ങളിലെ 32 പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്ക്് ആഹാരവും മറ്റ അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓരോ ക്യാംപിലും ചാര്‍ജ് ഓഫിസര്‍മാരായി ഉദ്യോഗസ്ഥരെ നിയോഗച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here