വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; ബുധനാഴ്ചവരെ ശക്തമായി തുടരും; കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുകയാണ്. ബുധനാഴ്ചവരെ ശക്തമായ മഴ തുടരും. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നീട്ടി. അതെസമയം തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കാണാതായ 4 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.

ഇന്ന് മുതല്‍ ഈ മാസം 24 വരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലും ജൂലൈ 22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

10 ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ 4 ദിവസം കൂടി തുടരുമെന്നാണ് അറിയിപ്പ്. കേരള തീരത്തേക്ക് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്തുടനീളം കടല്‍ പ്രക്ഷുബ്ദമാണ്. കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളാണ് പുര്‍ണമായും ഭാഗീകമായും തകര്‍ന്നത്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതെസമയം വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഉള്‍ക്കടലില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ക്ഷീണിതരായതിനാല്‍ പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍ പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് മത്സ്യത്തൊഴിലാളികളെ കടലിലെയ്ക്ക് അയക്കുന്ന ബോട്ടുടമകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News