”ഫിറോസേ, അന്തസ്സില്ലെങ്കില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നില്‍ക്കരുത്; പന്തീരാണ്ട് കുഴലിലിട്ടാലും നിങ്ങളുടെയൊന്നും വാലും തലയും നേരെയാകില്ലെന്നറിയാം”

കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെവി വാസുവിന്റെ മരണത്തെപ്പോലും അധിക്ഷേപിച്ച പികെ ഫിറോസിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ്.

എസ് കെ സജീഷിന്റെ വാക്കുകള്‍:

കൂത്തുപറമ്പ് രക്തസാക്ഷി സഖാവ്.റോഷന്റെ പിതാവ് സഖാവ്.വാസുവേട്ടന്റെ മരണത്തില്‍ അനുശോചിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ടു. ഫിറോസേ…. അന്തസ്സില്ലെങ്കില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നില്‍ക്കരുത്.അത് മരണപ്പെട്ടവരെ അധിക്ഷേപിക്കലാണ്…പന്തീരാണ്ട് കുഴലിലിട്ടാലും നിങ്ങളുടെയൊന്നും വാലും തലയും നേരെയാകില്ലെന്നറിയാം..

അടുത്തിടെ കേരള ഹൈക്കോടതിയില്‍ നിന്നും കണക്കിന് പ്രഹരം ഏറ്റ് വാങ്ങിയിട്ടും പിന്നെയും തുടരുന്ന സ്വമുഖ പ്രചാരണ മുഖപുസ്തക പരിപാടിക്ക് മരണത്തെ ഉപയോഗപ്പെടുത്തരുത്. ‘മരണപ്പെട്ടു പോയ ഒരാളുടെ മാനസികാവസ്ഥ ‘ എന്ന നിലയില്‍ കുറിക്കപ്പെടുമ്പോള്‍ മരണത്തിന് മുന്നെ ഒരു തവണയെങ്കിലും അദ്ദേഹത്തോട് സംസാരിച്ചിരിക്കണം.

എനിക്ക് മരിച്ചവര്‍ക്ക് ജീവന്‍ നല്‍കാനുള്ള മൃതസഞ്ജീവനി ഒന്നും അറിയില്ല, അതുണ്ടായിരുന്നെങ്കില്‍ ഞാനെന്റെ റോഷന്‍ മോന്റെ കുഴിമാടം വെട്ടിപ്പൊളിച്ച് ഇനിയും എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐ യുടെയും സമരമുഖത്തേക്ക് അയക്കുമായിരുന്നു എന്ന് പറഞ്ഞ വാസുവേട്ടനെ ഞങ്ങള്‍ക്കറിയാം..

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്. സഖാവ്.പി.എ മുഹമ്മദ് റിയാസിനൊപ്പം സ.റോഷന്റെ വീട്ടിലെത്തിയപ്പോള്‍ വാസുവേട്ടന്‍ പങ്കുവെച്ചത് നിങ്ങളുടെ കപട രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു.

ഫിറോസെ…നാദാപുരത്ത് ലീഗിന് വേണ്ടി ബോംബുണ്ടാക്കുമ്പോള്‍ ചിതറിത്തെറിച്ച് പോയ അഞ്ച് ചെറുപ്പക്കാരുടെ ശരീര ഭാഗങ്ങള്‍ ആരുമറിയാതെ സംസ്‌കരിച്ച് മറവിയുടെ ചതിക്കുഴിയില്‍ തള്ളിവിട്ട നിങ്ങളുടെ പ്രസ്ഥാനത്തിന് രക്തസാക്ഷിത്വത്തിന്റെ വിലയറിയില്ല… ഫിറോസിന്റെ അല്‍പത്തരത്തിന് മറുപടി പറയണമെന്ന് കരുതിയതല്ല, പക്ഷേ ഈ കുറിപ്പ് ഞാന്‍ സഖാവ് വാസുവേട്ടന് നല്‍കുന്ന ആദരാഞ്ജലിയാണ്…

പിന്നെ ഒരു കാര്യം ഡിവൈഎഫ്ഐ കൂത്തുപറമ്പില്‍ പരിയാരം മെഡിക്കല്‍ കോളേജിനെതിരെ സമരം നടത്തിയ കാലത്ത് കോളേജ് നിങ്ങളുടെ യു.ഡി.എഫ് നേതക്കളുടെ സ്വകാര്യ സ്വത്തായിരുന്നു,സര്‍ക്കാര്‍ ഭൂമിയില്‍ പൊതുപണം ഉപയോഗിച്ച് നിര്‍മ്മിച്ച മെഡിക്കല്‍ കോളേജെങ്കില്‍,ഇന്ന് പ്രിയപ്പെട്ട രക്തസാക്ഷി റോഷന്റെ പിതാവ് വാസുവേട്ടന്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജാണ്’പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത ഗവണ്‍മന്റ് മെഡിക്കല്‍ കോളേജ്’.

സ്വകാര്യവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ ആഗോളവല്‍ക്കരണ നയത്തിനുമെതിരായ ലോകത്തിലെ തന്നെ ആദ്യ രക്തസാക്ഷിത്വമാണ് കൂത്ത്പറമ്പ് രക്തസാക്ഷിത്വം.അതാണ് ഫിറോസെ ഡിവൈഎഫ്ഐ ചെന്നൈ അഖിലേന്ത്യ സമ്മേളനത്തിന്റെ വിലയിരുത്തല്‍,അതാണ് നിങ്ങളുടെ പോസ്റ്റിലെ ചിത്രത്തിലും ഉള്ളത്… പോസ്റ്റും മുമ്പ് വായിക്കണം സ്വമുഖപ്രചാരകാ… സഖാവ് വാസുവേട്ടന്‍ അവസാനമായി ചികില്‍സ തേടിയതും വിട്ടുപിരിഞ്ഞതും തന്റെ മകന്‍ ഉള്‍പ്പെടെ ഡിവൈഎഫ്ഐ നടത്തിയ പോരാട്ടത്തിന്റെ ഉല്‍പന്നമായി ഗവണ്‍മെന്റ് ഏറ്റെടുത്ത പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.പിന്നെ ഫിറോസെ ഒന്നുകൂടി പറയാം കെ.വി.വാസു എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റ്കാരന്റെ നിലപാടും മനക്കരുത്തും അറിയണമെങ്കില്‍ ‘ചത്തകുതിര’യെന്ന് ജവഹര്‍ലാല്‍നെഹ്റു വിശേഷിപ്പിച്ച മുസ്ലിം ലീഗില്‍ നിന്നും നിങ്ങള്‍ പഠിച്ച ചരിത്രബോധം മതിയാവില്ല.

ആര്‍എസ്എസ് ആസൂത്രണം ചെയ്ത തലശേരി കലാപകാലത്ത് തൊക്കിലങ്ങാടിയില്‍ സഘടിച്ചെത്തിയ ആര്‍എസ്എസ് കാര്‍ ആയുധങ്ങളുമായി മുസ്ലീങ്ങളെ ആക്രമിക്കാനിറങ്ങിയപ്പോള്‍ നെഞ്ചൂക്കോടെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കിയ സഖാവ്,ഇരുവിഭാഗം കലാപകാരികള്‍ നാട് കത്തിക്കാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ക്കിടയിലൂടെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ചെങ്കൊടികെട്ടിയ വാഹനത്തില്‍ അനുഗമിച്ച കമ്മ്യൂണിസ്റ്റ് സേനാംഗം തുടങ്ങി ഒരുപാട് പറയാനുണ്ട് വാസുവേട്ടനെകുറിച്ച്…

കരുത്തോടെ ജ്വലിച്ച് നിന്ന ആ വിപ്ലവനക്ഷത്രത്തില്‍ നിന്ന് അടര്‍ന്ന് വീണ രക്തനക്ഷത്രമാണ് ഞങ്ങളുടെ റോഷന്‍. എന്ന് കൂടി വക്കാലത്ത് ഫിറോസ് കുട്ടിയെ ഓമ്മിപ്പിക്കുന്നു.

(ഫിറോസെ കുറേ നാളായില്ലെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇനി എപ്പൊഴാണ് ഒരു അനുശോചന കുറിപ്പെഴുതാന്‍ പഠിക്കുക)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here