ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു; ഡിജോയുടെ കുടുംബം കൈരളി ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ

കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളി ഡിജോ പാപ്പച്ചന്‍ വെള്ളിയാഴ്ച ഫോണ്‍ ചെയ്തിരുന്നതായി ഡിജോയുടെ കുടുംബം കൈരളി ന്യൂസിനോട് പറഞ്ഞു.

ഡിജോ നല്‍കിയ വിവരം അനുസരിച്ച് കപ്പലില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും തൃപ്പൂണിത്തുറ സ്വദേശിയായ ജീവനക്കാരനും ഉണ്ട്. വെള്ളിയാഴ്ച ദുബൈയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്.

മെയ് 18ന് അവധിക്കായി നാട്ടിലെത്തിയ ഡിജോ വീണ്ടും ജൂണ്‍ 18നാണ് ജോലിയില്‍ പ്രവേശിച്ചത്. ഗുജറാത്തില്‍ നിന്നും ഫുജൈറയിലേക്ക് പോയ ഡിജോ ജൂലൈ 19ന് രാവിലെ അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. ഫുജൈറയിലെ ജോലി തീര്‍ന്നുവെന്നും തങ്ങള്‍ സൗദിയിലേക്ക് പോവുകയാണെന്നും പറഞ്ഞ ഡിജോ രാത്രി വിളിക്കാം എന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീട് ഡിജോയെ ബന്ധപ്പെടാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല.

ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും, തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരു ജോലിക്കാരനും കപ്പലില്‍ ഉണ്ടെന്ന് ഡിജോ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞതായി ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് കമ്പനിയില്‍നിന്ന് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത വിവരം വീട്ടുകാര്‍ അറിയുന്നത്. ബ്രിട്ടനില്‍ താമസിക്കുന്ന സഹോദരി ദീപ പാപ്പച്ചന്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പല്‍ വിട്ട് ലഭിക്കുന്നതിനു ആവശ്യമായ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നുമാണ് കമ്പനി നല്‍കിയ മറുപടി. 26 വയസുകാരന്‍ ഡിജോ മെസ് മാനായി ജോലി ചെയ്യുന്ന മൂന്നാമത്തെ കപ്പലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here