തുടരുന്ന ‘കര്‍’നാടകം; പിടിമുറുക്കി ഇരുപക്ഷവും

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ‘കര്‍’നാടകം ഇന്നു പുനഃരാരംഭിക്കും. എന്നാല്‍
കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ ആര്‍.ശങ്കറും എച്ച്.നാഗേഷും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇന്നുതന്നെ വിശ്വാസം തെളിയിക്കണമെന്നു സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാറും വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച ഗവര്‍ണര്‍ നല്‍കിയ സമയപരിധി സര്‍ക്കാരും സ്പീക്കറും 3 തവണ ലംഘിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ ബിജെപി ഏജന്റ് എന്നു വിളിച്ചതും ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി. വിപ്പ് നല്‍കാനുള്ള രാഷ്ട്രീയ കക്ഷികളുടെ അവകാശത്തില്‍ വ്യക്തത ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും സമര്‍പ്പിച്ച ഹര്‍ജികളും ഇന്നു കോടതി പരിഗണിക്കാന്‍ ഇടയുണ്ട്. എംഎല്‍എമാര്‍ക്ക് വിപ്പില്‍ വ്യക്തത ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

അതേസമയം സഭയില്‍ ഭൂരിപക്ഷം നേടാനുള്ള അവസാന തന്ത്രങ്ങളുമായി ഭരണസഖ്യവും രംഗത്തുണ്ട്. മുംബൈയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന വിമതരെയും സ്വന്തം എംഎല്‍എമാരെയും കൈവിട്ടുപോകാതെ ബിജെപിയും അണിയറ നീക്കം ശക്തമാക്കി കഴിഞ്ഞു.രാജിപിന്‍വലിച്ച കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി.

വിമതരില്‍ ചിലരെ സ്വാധീനമുപയോഗിച്ച് കൂടെക്കൊണ്ടുവരാന്‍ രാമലിംഗറെഡ്ഡിയോട് ഗൗഡ ആവശ്യപ്പെട്ടു. എംടിബി നാഗരാജ്, കെ സുധാകര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ശ്രീമന്ത് പാട്ടീലും ബി നാഗേന്ദ്രയും ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ഭരണസഖ്യം 99 ആയി. ബിജെപിക്ക് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ടു സ്വതന്ത്ര എംഎല്‍എമാരില്‍ എച്ച് നാഗേഷ് ബിജെപിയെ പിന്തുണച്ചേക്കും.

അതേസമയം ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ താല്‍പര്യമില്ലെന്ന് നിയമസഭ ചേരുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി കുമാരസ്വാമി ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സമയം തേടുകയും ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്ന ബിജെപി, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തത്ത്വങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെങ്ങനെയെന്ന് രാജ്യത്തെ അറിയിക്കുകയുമാണ് തന്റെ ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം, കുമാരസ്വാമി സര്‍ക്കാരിന്റെ അവസാന ദിനമായിരിക്കും ഇന്നെന്നും മുഖ്യമന്ത്രി സമയം വിലയ്ക്കു വാങ്ങനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.ബിഎസ്പി അംഗം എന്‍ മഹേഷിനോട് സഖ്യസര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബിഎസ്പി അധ്യക്ഷ മായാവതി നിര്‍ദേശിച്ചു. മറ്റൊരു സ്വതന്ത്രനായ ആര്‍ ശങ്കര്‍ വിട്ടുനില്‍ക്കും. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ വിമതരുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി നേതൃത്വം. സഖ്യസര്‍ക്കാരിന് ഭരണം ഉറപ്പിക്കാന്‍ വിമതരില്‍ ഒമ്പതുപേരുടെ പിന്തുണ ആവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News