രമ്യ ഹരിദാസിന് കാര്‍; തമ്മിലടി തുടര്‍ന്നതോടെ പിരിവ് നിര്‍ത്തിച്ചു; മലക്കംമറിഞ്ഞ് രമ്യയും രംഗത്ത്

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നതിനിടെ കെപിസിസി ഇടപെട്ട് പിരിവ് നിര്‍ത്തിച്ചതായി സൂചന.

ഇതിന് പിന്നാലെ തീരുമാനത്തില്‍നിന്ന് മലക്കംമറിഞ്ഞ് രമ്യ ഹരിദാസും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് കാര്‍ വാങ്ങുന്നതിനെ അനുകൂലിച്ച എംപി ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശം അംഗീകരിക്കുന്നു എന്നാണ് പറയുന്നത്.

എംപിക്ക് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രമ്യയ്ക്ക് കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ എംപിയുടെ ശമ്പളം കാര്‍ വാങ്ങാന്‍ തികയില്ലെന്ന് പറഞ്ഞ് അനില്‍ അക്കര എംഎല്‍എ മുല്ലപ്പള്ളിയെ തിരുത്തി രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ വഷളായത്.

ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയാണ് രമ്യയ്ക്ക് കാര്‍ വാങ്ങുന്നതിനായി പണം സ്വരൂപിക്കാന്‍ തീരുമാനിച്ചത്. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്.

ബൂത്ത് കമ്മിറ്റികളിലൂടെ പ്രധാന യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലാണ് പിരിവ് സംഘടിപ്പിക്കുന്നത്. തീരുമാനം വിവാദമായതോടെ പ്രതികരണവുമായി രമ്യ രംഗത്തെത്തിയിരുന്നു. ‘യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു.

‘ആലത്തൂര്‍ എംപി കുമാരി രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി’ എന്ന് അച്ചടിച്ച കൂപ്പണില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപാണ് ഒപ്പിട്ടിരിക്കുന്നത്. എംപിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും ലഭിക്കുമ്പോള്‍ പണം പിരിച്ച് വാഹനം വാങ്ങുന്നതിനെയാണ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്.

എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിന്‍യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ ദേശസാല്‍ക്കൃത ബാങ്കുകള്‍ വാഹനവായ്പ നല്‍കാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരില്‍നിന്ന് പണം പിരിച്ച് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.

നേതാക്കള്‍ക്ക് അഴിമതി നടത്താനുള്ള ഉപാധിയാണ് വാഹനക്കൂപ്പണെന്നും എത്ര കൂപ്പണ്‍ അച്ചടിച്ചുവെന്നത് മറച്ചുവച്ചിട്ടുണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News