ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിലെ മലയാളികള്‍ സുരക്ഷിതര്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളികളും ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ കപ്പലിലെ മലയാളികളും സുരക്ഷിതരാണന്ന് വദേശകാര്യമന്ത്രാലയം അറിയിച്ചതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു. മലയാളികളുടെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തിയതായും ഹൈബി ഈഡന്‍ വ്യക്തമാക്കി.

അതെ സമയം ഇറാന്‍ ബ്രിട്ടീഷ് പതാകയുള്ള കപ്പല്‍ പിടിച്ചെടുത്തതോടെ മേഖല വീണ്ടും സംഘര്‍ഷഭീതിയിലാണ്. അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും ഇറാനെതിരേ സാമ്പത്തിക ഉപരോധത്തിനു തയാറെടുപ്പു തുടങ്ങി.സിറിയയ്‌ക്കെതിരായ ഉപരോധം ലംഘിച്ച് അവിടേക്ക് എണ്ണ കൊണ്ടുപോകുന്നു എന്ന പേരിലാണു ഗ്രേസ് 1 എണ്ണ കപ്പല്‍ കഴിഞ്ഞ നാലിനു ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു പിടിച്ചത്. നടപടി ഇറാനെ ലക്ഷ്യമിട്ടല്ലെന്ന ബ്രിട്ടന്റെ ന്യായീകരണം അവര്‍ വിശ്വസിക്കുന്നില്ല.

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട് . പ്രശ്ന പരിഹാരത്തിന് കാവല്‍ പ്രധാനമന്ത്രി തെരേസ മേ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. പിടിച്ചെടുത്ത കപ്പലില്‍ ഇറാന്‍ പതാക ഉയര്‍ത്തി. ഇതിനിടെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാന്‍ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇടപെടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here