മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് എ.വിജയരാഘവന്‍; കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ താന്‍ അധിക്ഷേപിച്ചെന്ന മനോരമയും, ചില മാധ്യമങ്ങളും നടത്തുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു നടത്തുന്ന സമരം വിദ്യാര്‍ത്ഥികളില്ലാതെ ചീറ്റിയതോടെ, ജാള്യത മറച്ചുവെയ്ക്കാനാണ് ഇത്തരം പ്രചാരണം നടത്തുന്നത്. സെക്രട്ടറിയേറ്റ് വളപ്പ് ചാടിക്കടന്ന യുവതി വിദ്യാര്‍ത്ഥിനിയല്ല. അവര്‍ തൃശ്ശൂരിലെ അഭിഭാഷകയാണ്. അക്കാര്യം പറയുക മാത്രമാണ് താന്‍ ചെയ്തത്. അല്ലാതെ ഒരു വിഭാഗത്തെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

കെ.എസ്.യു സമരത്തിന് വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ പുറത്തുനിന്ന് ആളെ വാടകയ്ക്കെടുത്തിരിക്കുയാണ്. കൂലിക്ക് ആളെ കൊണ്ടുവന്നിട്ടും ഈ സമരം വിജയിക്കാതെ വന്നപ്പോള്‍, താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞൂവെന്ന് പ്രചരിപ്പിച്ച് ആളെ കൂട്ടാനാകുമോയെന്ന് നോക്കുകയാണ്.

മനോരമയും മറ്റ് പത്രങ്ങളുമാണ് കെ.എസ്.യു സമരം സ്പോണ്‍സര്‍ ചെയ്യുന്നത്. സ്വന്തം നേതാവിനെ കത്തികൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെ.എസ്.യു നേതാവും സമരത്തിനുണ്ട്. എന്നാല്‍ ഇതൊന്നും സമരത്തെ മഹത്വവത്ക്കരിക്കുന്ന മാധ്യമങ്ങള്‍ കണ്ടഭാവം നടിക്കുന്നില്ല.

കെ.എസ്.യു സമരത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയതിനെ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ സംസാരിച്ചൂവെന്ന് മനോരമ വളച്ചൊടിക്കുകയായിരുന്നു. ഒരു വിഭാഗത്തിനെതിരേയും ആക്ഷേപമായി താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. എന്നിട്ടും കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം എല്ലാവരും തിരിച്ചറിയുമെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News