എൻഐഎ ഭേദഗതി ബിൽ കോൺഗ്രസും ബിജെപിയും ഒന്നിച്ച് പാസാക്കുകയായിരുന്നു; ഒരു മതേതര പാർടി സംഘപരിവാർ ഒരുക്കിയ കെണിയിൽ ദയനീയമായി കീഴടങ്ങി

എൻഐഎ ഭേദഗതി ബില്ലിന്മേൽ ലോക‌്സഭയിലും രാജ്യസഭയിലും ഇടതുപക്ഷമെടുത്ത നിലപാടിന്റെ പൊരുളെന്തെന്ന് അറിയാത്തവരാണ് ഇടതുപക്ഷ നിലപാടിനെ വിമർശിക്കുന്നത്.

“ആരൊക്കെ ഭീകരർക്കെതിരെ നിലപാടെടുക്കുന്നു ആരൊക്കെ ഭീകരർക്കൊപ്പം നിൽക്കുന്നു’ എന്നുള്ള അമിത് ഷായുടെ “ഭീഷണി’ക്കു വഴങ്ങി ബില്ലിന് അനുകൂലമായി വോട്ടുചെയ്തവർ ഇടതുപക്ഷ നിലപാടിനെ വിമർശിച്ചുകൊണ്ട് ജാള്യം മറയ‌്ക്കാൻ ശ്രമിക്കുകയാണ്.

എന്നാൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾ ബിൽ പാസാക്കിയെടുക്കാൻ ബിജെപിക്കൊപ്പംചേർന്ന് വോട്ടു ചെയ്തത് സംഘപരിവാർ പ്രചാരണത്തെ നേരിടാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ‌്.

അമിത് ഷായുടെ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്ത മുസ്ലിംലീഗിന്റെ ന്യായീകരണം പരിഹാസ്യമാണെന്ന് പറയാതെ വയ്യ.

ആർജവത്തോടെ നിലപാട്‌ വ്യക്തമാക്കി ഇടതുപക്ഷം

ബില്ലിന്റെ ഉള്ളടക്കം ഇടതുപക്ഷത്തിന് മനസ്സിലാകാത്തതുകൊണ്ടാണെന്നും എതിർക്കേണ്ടതൊന്നും ഇതിലില്ലെന്നും ലീഗ് നേതാവ് പറയുന്നത് ഇടതുപക്ഷത്തെ എതിർക്കാനോ അതോ അമിത് ഷായുടെ കുടിലനീക്കങ്ങളെ ലഘൂകരിക്കാനോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

പുതിയ ഭേദഗതി അനുസരിച്ച് ഇന്ത്യയുടെ താൽപ്പര്യത്തിനെതിരായി പട്ടികയിൽപ്പെടുത്തിയ ഏതെങ്കിലും കുറ്റംചെയ്താൽ എൻഐഎക്ക് കേസെടുക്കാനും വിചാരണ കൂടാതെ ജയിലിലടയ‌്ക്കാനും സാധിക്കും.

‘ഇന്ത്യയുടെ താ‌ൽപ്പര്യത്തെ ബാധിക്കുന്ന’ എന്ന‌്, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ഒരു വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തി അത് പൗരന്മാർക്കെതിരെ പ്രയോഗിക്കാൻ എൻഐഎയെപ്പോലുള്ള ഏജൻസിക്ക് പരമാധികാരം നൽകിയാൽ എന്ത് സംഭവിക്കുമെന്നത് ‘കൊണ്ടേ അറിയൂ’എന്നാണെങ്കിൽ തർക്കിക്കാനില്ല.

ഇവിടെ പ്രധാന പ്രശ്നം ‘ഇന്ത്യയുടെ താൽപ്പര്യം’ എന്നത് ആര്, എങ്ങനെ നിർവചിക്കുമെന്നതാണ്. ഭരണകൂടത്തിനോ അതിനു കീഴിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ ദുർവ്യാഖ്യാനംചെയ്ത് ആരെയും ജയിലിലടയ‌്ക്കാൻ സ്വാതന്ത്ര്യം നൽകുന്ന നിയമം എതിർക്കപ്പെടേണ്ടതല്ലെന്ന് എങ്ങനെയാണ് പറയാൻ കഴിയുന്നത്?

മോഡി സർക്കാർ ഇത്തരം നിയമങ്ങളൊന്നും ദുരുപയോഗിക്കില്ലെന്ന അമിത് ഷായുടെ വാക്കുകൾ വിശ്വസിച്ചിട്ടാണോ കോൺഗ്രസും ഒപ്പം ലീഗും ബില്ലിനെ എതിർത്ത് വോട്ടു ചെയ്യാതിരുന്നത്?

ലോക‌്സഭയിൽ വോട്ടിങ‌് വന്നപ്പോൾ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തുകൊണ്ട് ആർജവത്തോടെ നിലപാടു വ്യക്തമാക്കുകയാണ് ഇടതുപക്ഷം ചെയ്തത്.

ലോക‌്സഭയിൽ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബില്ലുകൾ പാസാക്കിയെടുക്കുന്നതുപോലെ അത്ര എളുപ്പമല്ല, രാജ്യസഭയിലെ കാര്യങ്ങളെന്ന് എല്ലാവർക്കുമറിയാം.

പ്രതിപക്ഷ സഹകരണമില്ലാതെ ബിൽ പാസാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ഭരണകക്ഷിക്ക് സാധിക്കില്ല. ദുരുപയോഗ സാധ്യത ഇല്ലാതാക്കാനുതകുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്താനുള്ള ഇടപെടലെങ്കിലും നടത്താൻ ഈ അനുകൂല സാഹചര്യത്തിൽ പ്രതിപക്ഷത്തിനു സാധിക്കുമായിരുന്നു.

2008ൽ യുപിഎ സർക്കാർ യുഎപിഎ, എൻഐഎ ആക്ട് തുടങ്ങിയ ഭീകരവിരുദ്ധനിയമങ്ങൾ പാർലമെന്റിൽ കൊണ്ടുവന്ന ഘട്ടത്തിൽത്തന്നെ ഇതിലെ ചില വ്യവസ്ഥകളെ ഇടതുപക്ഷം ശക്തമായി എതിർത്തതാണ്.

ഈ നിയമങ്ങൾ രാഷ്ട്രീയ എതിരാളികൾക്കും മറ്റുമെതിരെ ദുരുപയോഗം ചെയ്യാൻ സാധിക്കുമെന്നതായിരുന്നു ഒന്നാമത്തെ എതിർപ്പ്.

കേന്ദ്രത്തിലെ ഭരണകക്ഷിക്ക് തോന്നിയാൽ ഏതു കേസും സംസ്ഥാനങ്ങളുടെ സമ്മതമില്ലാതെതന്നെ ഏറ്റെടുക്കുന്ന വ്യവസ്ഥ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുക്കുന്ന വ്യവസ്ഥ ഉണ്ടാകണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു.

അന്വേഷണത്തിലും വിചാരണയിലുമെല്ലാം സംസ്ഥാന ഏജൻസികളെയും സഹകരിപ്പിക്കണമെന്ന ആവശ്യവും ഇടതുപക്ഷമുയർത്തി. സംസ്ഥാനങ്ങളുമായി ചേർന്നുള്ള ഒരു അന്വേഷണസംവിധാനം വരുമ്പോൾ ഭരണകക്ഷിക്ക് അന്വേഷണ ഏജൻസിയെ ദുരുപയോഗിക്കാൻ സാധിക്കാതെവരും.

അന്വേഷണത്തിൽ സുതാര്യതയും ഉറപ്പുവരുത്താനാകും. സംസ്ഥാനങ്ങളുടെ ഇന്റലിജൻസ് സംവിധാനമാകട്ടെ കുറെക്കൂടി വിപുലമായതും ദീർഘകാലമായി നിലവിലുള്ളതുമാണ്. അതിനാൽ അന്വേഷണം കാര്യക്ഷമമാക്കാൻ ഇതു സഹായകരമാകും.

എന്നാൽ, ഇടതുപക്ഷമുയർത്തിയ ആശങ്കകളും നിർദേശങ്ങളും അംഗീകരിക്കാതെ വിചാരണ കൂടാതെ എത്രകാലം വേണമെങ്കിലും കുറ്റമാരോപിച്ച് തടവിൽ വയ‌്ക്കാവുന്ന യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ പാസാക്കിയെടുക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്തത്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ അനുഭവം പരിശോധിച്ചാൽ ഇടതുപക്ഷം ഉയർത്തിയ ആശങ്കകൾ ശരിയായിരുന്നുവെന്ന് ഏതൊരാൾക്കും ബോധ്യപ്പെടും.

യുഎപിഎ ചുമത്തി വർഷങ്ങളോളം ജയിലിൽ അടയ‌്ക്കപ്പെട്ട എത്ര നിരപരാധികൾ ഈ കരിനിയമങ്ങളുടെ ഇരകളായി.

വിചാരണ കൂടാതെ ശിക്ഷ അനുഭവിക്കേണ്ടിവന്ന്, പിന്നീട് വർഷങ്ങൾക്കുശേഷം നിരപരാധിത്വം തെളിയിക്കപ്പെട്ട സംഭവങ്ങൾ ഒട്ടനവധിയാണ്.

ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനു മാത്രമല്ല, രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശപ്രവർത്തകരെയും ബുദ്ധിജീവികളെയും എഴുത്തുകാരെയുംപോലും വേട്ടയാടുന്നതിന് ഈ കരിനിയമങ്ങൾ ദുരുപയോഗം ചെയ്തു.

നിരപരാധികളെ ഭീകരരും അർബൻ മാവോയിസ്റ്റുകളും ദേശദ്രോഹികളുമായി വേട്ടയാടപ്പെട്ടു. മിശ്രവിവാഹിതരെപ്പോലും വേട്ടയാടി.

കേരളത്തിൽ മാത്രം മിശ്രവിവാഹിതരായ 89 പേരെയാണ് എൻഐഎ ചോദ്യംചെയ്തത്. സംഘപരിവാറിന്റെ പ്രചാരണമായ ലൗ ജിഹാദിന്റെ പ്രായോജകരായി എൻഐഎ മാറി.

ആധുനിക സമൂഹത്തിൽ സ്വാഭാവികമായി ഉണ്ടാകേണ്ട, ജനാധിപത്യസമൂഹം ആഘോഷിക്കേണ്ട മിശ്രവിവാഹത്തിനുപോലും ഭീകരതയുടെ പുകമറയുണ്ടാക്കി.

സംഘപരിവാറിന്റെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് സർവാധികാരമുള്ള ഒരു അന്വേഷണ ഏജൻസിയെ നഗ്നമായി ദുരുപയോഗം ചെയ്യുമ്പോൾ അതൊന്നും രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷികൾക്കും ഗൗരവമുള്ള കാര്യമായി തോന്നിയില്ല.

കോൺഗ്രസ്‌ ഒളിച്ചോടി

കാവിഭീകരതയെ സംരക്ഷിക്കാനും എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനും ഏറെ ദുരുപയോഗിക്കപ്പെട്ട ഏജൻസിയായി ബിജെപി ഭരണത്തിൽ എൻഐഎ മാറിയിട്ടുണ്ട്.

അത്തരമൊരു ഏജൻസിക്ക് കൂടുതൽ അധികാരം നൽകുമ്പോൾ തൊലിപ്പുറം മാത്രം ചിന്തിക്കുന്ന സമീപനമല്ല ഇടതുപക്ഷം സ്വീകരിച്ചത്. അക്കാരണത്താലാണ് കൂടുതൽ പരിശോധനയ്ക്കായി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടത്.

പ്രതിപക്ഷം ഇക്കാര്യത്തിൽ യോജിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിൽ ബിൽ സെലക്ട് കമ്മിറ്റിക്കു വിടാൻ ഭരണപക്ഷം നിർബന്ധിതമാകുമായിരുന്നു.

അതുവഴി ഭേദഗതി നിയമം മാത്രമല്ല, 2008ലെ അടിസ്ഥാന നിയമംതന്നെ പുനഃപരിശോധിക്കാനും ഭേദഗതികൾ നിർദേശിക്കാനും സാധിക്കുമായിരുന്നു.

എന്നാൽ, ഇടതുപക്ഷ നിലപാടിന്റെകൂടെ നിൽക്കാതെ, ബിജെപിയെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾ ചെയ്തത്.

ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടതുപക്ഷ ആവശ്യം അംഗീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചപ്പോൾ പ്രതിഷേധിച്ചുകൊണ്ട് സഭയിൽനിന്ന് ഇറങ്ങിപ്പോകുകയാണ് ഇടതുപക്ഷം ചെയ്തത്.

ഇടതുപക്ഷത്തിന്റെ അഭാവത്തിൽ വോട്ടിനു പോലും ആവശ്യപ്പെടാതെ കോൺഗ്രസും ബിജെപിയും ഒന്നിച്ച് ബിൽ പാസാക്കുകയായിരുന്നു.

എതിർത്ത് വോട്ടു ചെയ്താൽ തങ്ങൾ ഭീകരർക്കൊപ്പം നിൽക്കുന്നുവെന്ന സംഘപരിവാർ പ്രചാരണത്തെ നേരിടാനുള്ള ത്രാണി കാട്ടേണ്ടതിനു പകരം ഒരു മതേതര പാർടി സംഘപരിവാർ ഒരുക്കിയ കെണിയിൽ ദയനീയമായി ‘കീഴടങ്ങി’. ഹിന്ദുത്വ ഭീകരതയെ സംരക്ഷിക്കുന്ന സംഘപരിവാർ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്നതിനു പകരം ഒളിച്ചോടുകയായിരുന്നു കോൺഗ്രസ് ചെയ്തത്.

ബില്ലിന്മേൽ എന്തു നിലപാടെടുക്കണമെന്ന കാര്യത്തിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ ആശയക്കുഴപ്പം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

കോൺഗ്രസിൽനിന്ന് ബിജെപിക്കുവേണ്ടി പ്രവർത്തിക്കുകയാണ‌് ഇപ്പോൾ. വർഗീയ വിഭജനത്തിനായി ഗോവധ നിരോധനവും ആൾക്കൂട്ട ആക്രമണങ്ങളും ബിജെപി ആയുധമാക്കുമ്പോൾ പശുക്കടത്തിന്റെപേരിൽ ന്യൂനപക്ഷങ്ങൾക്കുനേരെ യുഎപിഎ ചുമത്തി ബിജെപിയോട് മത്സരിക്കുകയാണ് കോൺഗ്രസ്.

ആരാധനാലയങ്ങളെയും ഹൈന്ദവ ചോദ്യചിഹ്നങ്ങളെയും മതവിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുമ്പോൾ താനും പൂണൂൽ ധരിക്കുന്ന ബ്രാഹ്മണനാണെന്നു പറഞ്ഞാണ് കോൺഗ്രസ് അധ്യക്ഷൻ (രാജിവച്ച) അതിനെ നേരിട്ടത്.

നരേന്ദ്ര മോഡി ഗുഹാധ്യാനത്തിനു പോകുമ്പോൾ തെരഞ്ഞെടുപ്പുകാലം ക്ഷേത്രസന്ദർശനത്തിനുവേണ്ടി വിനിയോഗിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം ചെയ്തത്.

ഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ടും സംഘപരിവാറിന്റെ തീവ്രദേശീയതയുടെ തട്ടിപ്പ് തുറന്നുകാട്ടാതെയും ഹിന്ദുത്വശക്തികളെ നേരിടാനാകുമെന്നു കരുതുന്നത് മൗഢ്യമാണ്.

സംഘപരിവാർ ശക്തികളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കേണ്ടതുണ്ട്. കറകളഞ്ഞ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുക മാത്രമാണ് അതിനുള്ള പോംവഴി.

ന്യൂനപക്ഷ പ്രീണനമെന്നു പ്രചരിപ്പിച്ച് ഹിന്ദുത്വശക്തികളുടെ കടന്നാക്രമണത്തെ ഭയപ്പെട്ട് ഉറച്ച നിലപാടെടുക്കുന്നതിൽനിന്ന് ഒളിച്ചോടുകയല്ല വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News