സംസഥാനത്ത് മഴ ശക്തം; 6 പേര്‍ മരിച്ചു; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

സംസഥാനത്ത് മഴക്കെടുതി ശക്തമായി തുടരുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹയര്‍ സെക്കന്‍ഡറിസ്‌കൂളിനു സമീപം കിഴക്കാനിയില്‍ ചന്തേരക്കാരന്‍ രവിയുടെയും എം സുനിതയുടെയും മകന്‍ എം രതുല്‍ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇരിട്ടി മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ ലിതീഷിനെ കണ്ടെത്താനായില്ല. ജീപ്പ് കണ്ടെത്തി. ചൊവ്വാഴ്ചയും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നു ദിവസമായി പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ശ്രീകൃഷ്ണപുരത്ത് ലൈന്‍ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൊടുമ്പ് തേങ്കുറുശ്ശി രാരത്ത് വീട്ടില്‍ ആറുച്ചാമിയുടെ മകന്‍ പ്രദീപാണ് (36) മരിച്ചത്. തൃശൂര്‍ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. രണ്ട് വീട് ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തീരദേശത്ത് കടലേറ്റം രൂക്ഷമാണ്. ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 90പേരുണ്ട്.

കോട്ടയത്ത് തിങ്കളാഴ്ച മഴ കുറഞ്ഞെങ്കിലും മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നില്ല. മലവെള്ളം ഒഴുകിയെത്തി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഒമ്പത് ക്യാമ്പുകള്‍ തുറന്നു. 51 കുടുംബങ്ങളിലെ 212 പേര്‍ ക്യാമ്പുകളിലുണ്ട്.ആലപ്പുഴയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുകൂടി തുറന്നു. കണിച്ചുകുളങ്ങര പില്‍ഗ്രിം സെന്ററിലാണ് ക്യാമ്പ് തുറന്നത്. മൂന്നു ക്യാമ്പുകളിലായി 72 കുടുംബങ്ങളിലെ 288 പേരുണ്ട്. കുട്ടനാട്ടില്‍ മുട്ടാര്‍, കൈനകരി, രാമങ്കരി, പുളിംകുന്ന് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ലോറേഞ്ചിലും ഹൈറേഞ്ചിലും മഴയ്ക്ക് ശമനമുണ്ട്. മഴ കനത്ത തിനെ തുടര്‍ന്ന് തുറന്ന് വിട്ട കല്ലാര്‍കുട്ടി, മലങ്കര ,പാംബ്ല എന്നീ ഡാമുകള്‍ ഇന്ന് അടച്ചേക്കും. കാര്യമായ അപകടങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകട സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് ഹൈറേഞ്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 6 കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

എറണാകുളത്ത് രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആലങ്ങാട് തിരുവാലൂര്‍ സ്‌കൂള്‍, ഏലൂര്‍ മേത്താനം പകല്‍വീട് എന്നിവിടങ്ങളിലാണ് ക്യാമ്പ്. എറണാകുളം, കണയന്നൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു.മലപ്പുറം പൊന്നാനിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോഴിക്കോട്ട് വടകര താലൂക്കിലെ വില്യാപ്പള്ളിയില്‍ രണ്ടു കുടുംബങ്ങളില്‍ നിന്ന് 10 പേരെയും കൊയിലാണ്ടി കീഴരിയൂരില്‍നിന്ന് 79 പേരെയും ക്യാമ്പുകളിലേക്ക് മാറ്റി.മൈസൂരു ഡിവിഷന് കീഴിലുള്ള സകലേഷ്പുരക്കടുത്ത് സിരിബാഗിലുവിനും സുബ്രഹ്മണ്യ റോഡിനുമിടയിലാണ് മണ്ണിടിഞ്ഞ് വീണ് ബംഗളൂരു- മംഗളൂരു ട്രെയിന്‍ ഗതാഗതം താറുമാറായി.

കടലില്‍ പോകരുത്

സംസ്ഥാനതീരത്ത് പടിഞ്ഞാറ് ദിശയില്‍നിന്ന് 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് ചൊവ്വാഴ്ച രാത്രി 11.3
സംസ്ഥാനതീരത്ത് പടിഞ്ഞാറ് ദിശയില്‍നിന്ന് 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരപ്രദേശത്ത് ചൊവ്വാഴ്ച രാത്രി 11.30വരെ 3.5 മുതല്‍ 4.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News