കര്‍ണാടക: വിമതര്‍ ഇന്ന് ഹാജരാകില്ല; കൂടുതല്‍ സമയം ആവശ്യപെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപെട്ട് വിമത എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.ഇന്ന് വൈകിട്ട് ആറിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി 11.42 ഓടെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചിരുന്നു. ചൊവാഴ്ച പകല്‍ 10ന് സഭ വീണ്ടും ചേരുമെന്നും വൈകിട്ട് നാലുവരെ ചര്‍ച്ച തുടരും, തുടര്‍ന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മറുപടി പറയുമെന്നും ആറു മണിക്കുളളില്‍ വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയാണ് സ്പീക്കര്‍ സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞതായി അറിയിച്ചത്. വിശ്വാസവോട്ടെടുപ്പ് ചൊവാഴ്ച നടത്തിയാല്‍ മതിയെന്ന് കോണ്‍ഗ്രസും സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് ജെഡിഎസും ആവശ്യപ്പെട്ടിരുന്നു.തിങ്കളാഴ്ച സഭയില്‍ അത്യന്തം രാഷ്ട്രീയപിരിമുറുക്കമുണ്ടാക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്. സഭയില്‍ ന്യൂനപക്ഷമായ കോണ്‍ഗ്രസ്-, ജെഡിഎസ് സഖ്യസര്‍ക്കാര്‍ വോട്ടെടുപ്പിന് സാവകാശം തേടിയത് സ്പീക്കറും ഭരണപക്ഷവും തമ്മിലുള്ള അപൂര്‍വ തര്‍ക്കത്തിനും വഴിവച്ചു.

വോട്ടെടുപ്പില്‍നിന്ന് പിന്‍വാങ്ങാനാകില്ലെന്ന നിലപാടില്‍ സ്പീക്കര്‍ കെ ആര്‍ രമേഷ് ഉറച്ചുനിന്നു. തന്നെ ബലിയാടാക്കരുതെന്ന് ഭരണപക്ഷത്തോട് അഭ്യര്‍ഥിച്ച സ്പീക്കര്‍, ഒരുഘട്ടത്തില്‍ രാജിഭീഷണി മുഴക്കി. ഇതിനിടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെതെന്ന പേരില്‍ രാജിക്കത്തും പ്രചരിച്ചു. കുമാരസ്വാമി ഇത് നിഷേധിച്ചു.വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കുമുമ്പ് രാജിക്കത്ത് നല്‍കിയ എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിമത എംഎല്‍എമാര്‍ ചൊവ്വാഴ്ച ഹാജരാകണമെന്ന് സ്പീക്കര്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു.എന്നാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപെട്ട് ഇപ്പേള്‍ വിമത എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News