യെമനിൽ യുദ്ധത്തിന് ഇരയായവർക്ക് കൈത്താങ്ങായി ഇന്ത്യ- യുഎഇ ഇടപെടൽ; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് യുഎഇ

അബുദാബി/ ന്യൂഡൽഹി : യെമനില്‍ സൈന്യവും വിമതരായ ഹൂതികളും തമ്മിലുള്ള യുദ്ധം തുടരുകയാണ്. എന്നാല്‍ മരണമുഖത്തുനിന്നും ജിവിതത്തിലേക്ക് മടങ്ങിവന്ന അബ്ദുള്ള സാലേ ഹസ്സന്റെയും, ഫാത്തിമ മുഹമ്മദ് അലി മുഹസിന്റെയും മുഖത്ത് പുഞ്ചിരി തെളിയുന്നു. 3,600 കിലോമീറ്റർ അകലെയുള്ള സ്വദേശത്ത് ഇനിയും യുദ്ധം അവസാനിച്ചിട്ടില്ലെങ്കിലും മരണത്തെ മറികടന്ന ആശ്വാസത്തിലാണ് ഇവർ.

അതിന് നന്ദി പറയുന്നത് യുഎഇ സര്‍ക്കാരിനോടും ഡല്‍ഹിയിലെ മെഡിയോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും.

കാരണം ഇവരെ മരണത്തില്‍നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് മറ്റാരുമല്ല.. യുഎഇ പിന്തുണയോടെ മെഡിയോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും.

ഇവരുടെ ആത്മാര്‍ഥമായ പരിശ്രമവും, പരിപാലനവും, കരുതലുമാണ് നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ജീവിതം യുദ്ധത്തിന്റെ ഇരകൾക്ക് തിരിച്ചു നല്‍കിയത്.

ഇത് ഹസ്സന്റെയും, ഫാത്തിമയുടെയും മാത്രം ജീവിതമല്ല. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഭേദപ്പെട്ട് പത്താമത്തെ സംഘവും കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയതോടെ വിജയകരമായി ചികിത്സ പൂർത്തിയാക്കിയവരുടെ എണ്ണം അറുന്നൂറ് കടന്നു.

ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു യുഎഇ

സമീപകാലത്ത് രാജ്യം കണ്ട അതിർത്തിക്കപ്പുറത്തു നിന്നുള്ള ഏറ്റവും വലിയ സാന്ത്വന ദൗത്യമായി മാറുകയാണ് യെമനി പൗരന്മാർക്കുള്ള ചികിത്സ.

അതിന് ഇന്ത്യയോടും മെഡിയോർ ആശുപത്രിയോടും നന്ദി പറയുകയാണ് ദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന യു.എ.ഇയും.

ലോകത്തിലെ തന്നെ മികച്ച ആരോഗ്യ പരിചരണ രംഗമെന്ന മികവാണ് ഇന്ത്യയെ ദൗത്യത്തിനായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന പറഞ്ഞു.

“ഇന്ത്യയുമായുള്ള മികച്ച ബന്ധം കാരണമാണ് ഇന്ത്യയെ ഞങ്ങൾ തിരഞ്ഞെടുത്തത്. ദുരിതം അനുഭവിക്കുന്ന ഹതഭാഗ്യർക്ക് മാനുഷിക സ്പർശം നൽകുകയാണ് ആശുപത്രിയും ഡോക്ടർമാരും.

ദുബായിലെ ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഉണ്ട്. എങ്കിലും ഇന്ത്യ മികച്ച ആരോഗ്യ സേവന ദാതാവാണ്. യെമൻ രോഗികൾക്ക് മാത്രമല്ല, ചരിത്രപരമായി തന്നെ ഇന്ത്യ ആരോഗ്യ രംഗത്തു കഴിവ് തെളിയിചിട്ടുണ്ട്.

ഇന്ത്യയും യുഎഇയും തമ്മിൽ ആരോഗ്യ രംഗത്തു ആരാണ് മികച്ചതെന്ന മത്സരം ഇല്ല. പരസ്പര ബഹുമാനത്തോടെയാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നത്” അഹമ്മദ് അൽ ബന്ന പറഞ്ഞു.

ചികിത്സ ദൗത്യത്തിന്റെ വിശദാംശങ്ങൾ ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

യുഎഇ തുടങ്ങിയ മാനുഷിക ദൗത്യം

യെമനില്‍ തുടരുന്ന യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന പട്ടാളക്കാര്‍ക്കും ജനങ്ങള്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി യുഎഇ സര്‍ക്കാര്‍ ആരംഭിച്ച സഹായ പദ്ധതിയുടെ ഭാഗമായാണ് പൗരന്മാരും സൈനികരും ഇന്ത്യയില്‍ എത്തുന്നത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിനു കീഴിലുള്ള ന്യൂഡല്‍ഹിയിലെ മെഡിയോര്‍ ആശുപത്രിയിലാണ് വിദഗ്ധ ചികിത്സ.

2017ല്‍ യുഎഇ വ്യോമസേനയുടെ സി-17 വിമാനത്തിലായിരുന്നു 2017 ഏപ്രിലിൽ ആദ്യ സംഘത്തിന്റെ വരവ്. പിന്നീട് പല സംഘങ്ങളായി സൈനികരെയും സാധാരണക്കാരെയും എത്തിച്ചു.

മാസങ്ങളായി ചികിത്സ പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ പ്രത്യേക വിമാനത്തിൽ 28 പേരെ കഴിഞ്ഞ ദിവസം യമനിൽ നിന്ന് എത്തിച്ചു. പരിക്കേറ്റവരും അകമ്പടിയെത്തിയവരും അടക്കം ആകെ 1054 പേരാണ് ഇതുവരെ ഇന്ത്യയിൽ എത്തിയത്.

വെടിയേറ്റവര്‍, അംഗഭംഗം വന്നവര്‍ തുടങ്ങിയവരെയാണ് യുഎഇ സര്‍ക്കാര്‍ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്. ഓര്‍ത്തോപീഡിക്, ന്യൂറോസര്‍ജറി, ജനറല്‍ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ഒപ്താല്‍മിക് സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ 50 അംഗ പ്രത്യേക ടീമാണ് ഇവരെ ചികിത്സച്ചത്.

പരിചരണത്തിനായി 300ൽ അധികം വരുന്ന നേഴ്‌സുമാരുടെയും മറ്റുള്ളവരുടെയുമായ ഒരു പ്രത്യേകം ടീമും ആശുപത്രി മാനേജ്‌മെന്റ് ഇതിനായി സജ്ജമാക്കിയിരുന്നു.

‘യെമനില്‍ ദുരിതം അനുഭവിക്കുന്നവരുടെ ചികിത്സയ്ക്കായി ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയത് അബുദാബിയുടെ കീരീടാവകാശിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാനാണ്.

പരിക്കേറ്റവര്‍ക്കുള്ള വിദഗ്ധ ചികിത്സ നല്‍കാനായി അദ്ദേഹം വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മെഡിയോര്‍ ഹോസ്പിറ്റല്‍ തെരഞ്ഞെടുത്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

ഞങ്ങളുടെ മേലുള്ള യുഎഇ സര്‍ക്കാരിന്റെ വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വിശ്വാസം ഉറപ്പിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറ്കടറുമായ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

യെമനി പൗരന്മാരെ ചികിത്സയ്ക്ക് എത്തിക്കുന്നതിൽ ഇന്ത്യൻ സർക്കാർ നൽകിയ സഹായങ്ങൾ ചെറുതല്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണ് ഇതെന്നും വിപിഎസ് ഗ്രൂപ്പ് ഡയറക്ടർ ഡോ: ഷാജിർ ഗഫാർ പറഞ്ഞു.

ഇന്ത്യയിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകപരമാണ്. ചെലവു കുറഞ്ഞതും, അന്താരാഷ്ട്ര നിലവാരത്തിലുമുള്ള ചികിത്സ ഉറപ്പാക്കാനാണ് യുഎഇ ഭരണാധികാരികള്‍ മെഡിയോര്‍ ഹോസ്പിറ്റല്‍ തെരഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.

‘യുഎഇ ഭരണാധികാരികളുടെ തീരുമാനത്തെ അംഗീകാരമായാണ് കാണുന്നത്. ഇവിടെ ചികിത്സയ്ക്കായി എത്തുന്ന ഓരോ യെമനി പൗരരേയും സഹോദരസ്‌നേഹത്തോടെ പരിചരിക്കാനാണ് ശ്രമം.’

യുഎഇ സര്‍ക്കാരും എമിറേറ്റ്‌സ് റെഡ് ക്രസന്റും സംയുക്തമായി നടത്തുന്ന പദ്ധതിയിലൂടെ നിരവധി യെമനികള്‍ക്കാണ് പുതുജീവിതം ലഭിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ തെളിവുകൂടിയാണ് ഈ ദൗത്യം.

##

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News