സ്കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; കണ്ടക്ടര്‍ക്ക് പത്ത് ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ശിക്ഷ വിധിച്ച് കലക്ടര്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കാത്ത ബസ് കണ്ടക്ടര്‍ക്ക് വ്യത്യസ്തമായ ശിക്ഷയുമായി മലപ്പുറം ജില്ലാകലക്ടര്‍. പത്തു ദിവസം ശിശുഭവനില്‍ കെയര്‍ടേക്കര്‍ ജോലിചെയ്യണമെന്നാണ് കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഉത്തരവ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം സ്റ്റോപ്പില്‍ ഇറക്കാതിരുന്ന ബസ് കണ്ടക്ടര്‍ക്കാണ് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക് സേവനം ശിക്ഷയായി നല്‍കിയത്.

വഴിക്കടവ്-പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊരമ്പയില്‍ ബസ്സിലെ കണ്ടക്ടര്‍ പാലേമാട് സ്വദേശി സക്കീറലിക്കാണ് ശിശുഭവനില്‍ പത്തുദിവസം കെയര്‍ടേക്കര്‍ ജോലി ചെയ്യാന്‍ കലക്ടര്‍ ഉത്തരവിട്ടത്.

പത്തുദിവസവും രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് നാലുമണിവരെ ശിശുഭവനില്‍ ജോലി ചെയ്യണം. ശിശുഭവനിലെ സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ആര്‍ ടി ഒ അനൂപ് വര്‍ക്കി പറഞ്ഞു.

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ വേങ്ങരക്ക് സമീപം തിങ്കളാഴ്ച വൈകീട്ടാണ് വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്‍ ഇറക്കാതിരുന്നത്.

യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി ഷാജഹാന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ദൃശ്യം മന്ത്രി കെ ടി ജലീലിന്റെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News