രാഖി കൊലക്കേസ്: അഖിലിന്റെ സഹോദരന്‍ അറസ്റ്റില്‍; കാറില്‍ വച്ചാണ് രാഖിയെ കൊന്നതെന്ന് കുറ്റസമ്മതം

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍.

മലയിന്‍കീഴില്‍ നിന്നാണ് രാഹുലിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍.

ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു. കാറില്‍ വച്ചാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് രാഹുല്‍ പൊലീസിനോട് സമ്മതിച്ചു.

കേസിലെ മൂന്നാംപ്രതി ആദര്‍ശിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, അഖിലിനെ അന്വേഷിച്ച് അന്വേഷണസംഘം ദില്ലിയിലേക്ക് തിരിച്ചു.

രാഖിയെ കൊലപ്പെടുത്തിയ ശേഷം ജൂണ്‍ 27നാണ് അവധി തീര്‍ന്ന് സൈനികനായ അഖില്‍ ദില്ലിയിലെക്ക് മടങ്ങിയത്. സൈനിക കേന്ദ്രവുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടുമിരുന്നു.

അഖില്‍ അവിടെയുള്ളതായുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലെക്ക് പുറപ്പെട്ടത്. പൂവ്വാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയിലെത്തുന്നത്.

ഇതിനിടെ കൂട്ടുപ്രതിയായ ആദര്‍ശിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ രാഖിയും അഖിലും വിവാഹിതരായെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദര്‍ശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്.

പിന്നീട് മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതിനാലാണ് രാഖി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇതെതുടര്‍ന്നാണ് രാഖിയെ വകവെരുത്താന്‍ അഖിലും രാഹുലും തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.

തക്കലയില്‍ നിന്നും മറ്റൊരു സൈനികന്റെ കാറ് വാങ്ങിയാണ് രാഖിയെ അഖില്‍ കൂട്ടികൊണ്ടു പോകുന്നതും. തുടര്‍ന്ന് അഖിലിന്റെ വീട്ടുവളപ്പില്‍ കാറിനുള്ളില്‍ വച്ച് അഖിലും രാഹുലും ചേര്‍ന്ന് കൊലപ്പെടുത്തി. അഖിലിന്റെ വീട്ടുവളപ്പില്‍ നിന്ന് പൊലീസ് രാഖിയുടെ ഫോണ്‍ കണ്ടെടുത്തിരുന്നു. കൂടാതെ തക്കലയില്‍ നിന്നും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News