നെഹ്റു കോളേജ്: സസ്പെന്‍ഷന് പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ പുറത്തേക്ക്; കോടതി വിധികള്‍ പോലും ലംഘിച്ച് പ്രതികാര നടപടികള്‍

ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്തു എന്ന കാരണത്താൽ പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്ത സംഭവത്തിന് പിന്നാലെ നെഹ്റു കോളേജിലെ നിരവധി വിദ്യാർത്ഥി പീഡനങ്ങൾ പുറത്തേക്ക്. കോടതി വിധികൾ അടക്കം ലംഘിച്ചുള്ള പ്രതികാര നടപടികളാണ് കോളേജിൽ അരങ്ങേറുന്നത്.

ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്നതിനായി എസ്എഫ്ഐ തയ്യാറാക്കിയ ജിഷ്ണു പ്രണോയിയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് ആണ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്.

കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അടക്കം ഏഴ് വിദ്യാർത്ഥികളെയാണ് ഈ വിഷയത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്.

അധ്യാപകരോട് മോശമായി പെരുമാറിയതാണ് സസ്‌പെൻഷന് കാരണം എന്ന് പറയുന്ന മാനേജ്‌മെൻറിന്റെ വാദം പൊളിക്കുകയാണ് പരാതിക്കാരനായ അധ്യാപകന്റെ ശബ്ദരേഖ.

മാനേജ്‌മെന്റ് മനപൂർവ്വം പരാതി എഴുതി വാങ്ങിയതാണെന്ന് അധ്യാപകൻ സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു.

ഈ വിഷയത്തിന് പിന്നാലെ കോളേജിൽ നടക്കുന്ന നിരവധി വിദ്യാർത്ഥി വിരുദ്ധ നടപടികളാണ് പുറത്ത് വരുന്നത്.

വിദ്യാർത്ഥികളെ മാർക്ക് തിരുത്തി തോൽപ്പിച്ച അധ്യാപകർക്ക് എതിരെ നടപടി സ്വീകരിക്കാതെ സംരക്ഷിക്കുകയാണ് മാനേജ്‌മെന്റ്,കൂടാതെ കഴിഞ്ഞ ദിവസം ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ഉണ്ണി എന്ന അധ്യാപകൻ കടന്ന് പിടിച്ച സംഭവവും ഉണ്ടായി.

ജിഷ്ണു പ്രണോയ് കേസിൽ സാക്ഷി പറഞ്ഞ വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ പാടില്ലെന്ന കോടതി വിധി ലംഘിച്ച്ആണ് വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ അംബികാ ദേവി അമ്മാൾ സസ്‌പെൻന്റ് ചെയ്തത്.

നെഹ്റു കോളേജിന്റെ വിദ്യാർത്ഥി വിരുദ്ധ നിലാപടുകൾക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എസ്എഫ്ഐ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here