ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണയേറുന്നു; നികുതി നിരക്കില്‍ വന്‍ ഇളവ്‌

വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നികുതി നിരക്ക്‌ കുറയ്‌ക്കും. പരിസ്ഥിതിസൗഹൃദ യാത്രാസംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വൈദ്യുതിവാഹനങ്ങളുടെയും നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച്‌ ശതമാനമാക്കും. ചാർജറുകളുടെയും സ്‌റ്റേഷനുകളുടെയും നികുതി 18 ൽ നിന്നും അഞ്ച്‌ ശതമാനമായി കുറയ്ക്കാനും 36–മത്‌ ജിഎസ്‌ടി കൗൺസിൽ തീരുമാനിച്ചു.

ആഗസ്‌ത്‌ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. പ്രാദേശികമായി ഉദ്യോഗസ്ഥർ വാടകയ്‌ക്ക്‌ എടുക്കുന്ന, 12 ൽ കൂടുതൽ പേർക്ക്‌ യാത്രചെയ്യാൻ സൗകര്യമുള്ള വൈദ്യുതി ബസുകളെ ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കും. വീഡിയോ കോൺഫറൻസ്‌ വഴി നടന്ന യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായി. കഴിഞ്ഞമാസം ചേർന്ന കൗൺസിലിൽ വൈദ്യുതിവാഹനങ്ങളുടെയും ചാർജറുകളുടെയും ജിഎസ്‌ടി കുറയ്‌ക്കണമെന്ന ആവശ്യം മിക്ക സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നു.

വൈദ്യുതി എൻജിൻ വാഹനങ്ങളും ഐസി എൻജിൻ വാഹനങ്ങളും തമ്മിലുള്ള വിലവ്യത്യാസം കുറയ്‌ക്കാൻ തീരുമാനം സഹായകമാകുമെന്നാണ്‌ വിലയിരുത്തൽ. വൈദ്യുതി വാഹനങ്ങളുടെ സ്‌പെയർ ബാറ്ററികൾക്ക്‌ നിലവിലുള്ള 18 ശതമാനം ജിഎസ്‌ടി കൂടി കുറച്ചാൽ വില ഇനിയും കുറയും. പെട്രോൾ, ഡീസൽ കാറുകൾക്കും ഹൈബ്രിഡ്‌ വാഹനങ്ങൾക്കും 28 ശതമാനം ജിഎസ്‌ടിയും സെസും നിലവിലുണ്ട്‌.

രാജ്യത്തെ ഇ വാഹനനിർമാണകേന്ദ്രമാക്കി മാറ്റുമെന്ന്‌ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇ വാഹനങ്ങൾ വ്യാപകമാക്കാൻ 10,000 കോടിയുടെ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. വൈദ്യുതി വാഹനങ്ങൾ വാങ്ങാൻ എടുക്കുന്ന വായ്‌പയുടെ പലിശയുടെ മേൽ 1.5 ലക്ഷം രൂപയുടെ ഇളവ്‌ നൽകുമെന്നും വൈദ്യുതി വാഹനങ്ങളുടെ അനുബന്ധഭാഗങ്ങൾക്ക്‌ കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായിരുന്നു. ജിഎസ്‌ടി കുറയ്‌ക്കുന്നതിന്‌ എതിരെ പശ്‌ചിമബംഗാൾ, പഞ്ചാബ്‌, ഡൽഹി സംസ്ഥാനങ്ങൾ രംഗത്തെത്തി.

ഇലക്‌ട്രിക്ക്‌ വാഹനങ്ങളുടെ പ്രോത്സാഹനത്തിന്‌ പ്രത്യേക നടപടികളാണ്‌ കേരള സർക്കാർ സ്വീകരിക്കുന്നത്‌. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ‌് (കെഎഎൽ) ഇ– ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണം തുടങ്ങി. ആദ്യഘട്ടത്തിൽ പ്രതിവർഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലെത്തിക്കും .

സ്വിസ്സ‌് കമ്പനിയായ ഹെസ്സിന്റെ സാങ്കേതിക സഹായത്തോടെ കെഎസ്ആർടിസിയുമായി സഹകരിച്ച‌് ഒമ്പതു മാസത്തിനകം ഇലക്ട്രിക് ബസുകളുടെ നിർമാണവും കെഎഎൽ ഏറ്റെടുക്കും. ഇലക‌്ട്രിക‌് വാഹനങ്ങളുടെ ചാർജിങ് സ‌്റ്റേഷനുകൾ വിപുലമാക്കാനും നടപടി തുടങ്ങി. തലസ്ഥാനത്ത‌് സെക്രട്ടറിയറ്റിൽ ചാർജിങ് സ‌്റ്റേഷൻ പ്രവർത്തനം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News