ഭരണയന്ത്രത്തെ ചലിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് മര്‍മപ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഭരണയന്ത്രത്തെ അതിവേഗത്തില്‍ ചലിപ്പിക്കുന്നതില്‍ മര്‍മപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണയന്ത്രം ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്റെ പ്രധാന ഉദാഹരണമാണ് പ്രളയദുരന്തത്തെ നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഭരണസിരാകേന്ദ്രമായാണ് സെക്രട്ടേറിയറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ സംസ്ഥാനത്തെ ഭരണസംവിധാനമാകും മെച്ചപ്പെടുക. സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കുന്നതു സംബന്ധിച്ച് ദര്‍ബാര്‍ ഹാളില്‍ നടന്ന ഡെപ്യൂട്ടി സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഫയല്‍ മുന്നിലെത്തിയാല്‍ വച്ചുതാമസിപ്പിക്കുന്നത് വികസനപ്രകിയയെ തടസ്സപ്പെടുത്തുമെന്നും ഒപ്പം ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആശ്വാസം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് ജീവനക്കാര്‍ പിന്തുടരേണ്ടത്.് ഈ കാഴ്ചപ്പാടോടെ വേണം ഏതൊരു ഫയലിനെയും സമീപിക്കാനെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഫയലുകളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അവ തീര്‍പ്പാക്കാനാണ് ശ്രമിക്കേണ്ടത്. നാട്ടിലെ സാധാരണക്കാരന് എന്തു നേട്ടമാണുണ്ടാവുക എന്ന കണക്കിലെടുത്തുവേണം ഏതു നയപരമായ തീരുമാനവും കൈക്കൊള്ളാന്‍.

പൊതുവായ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് കാര്‍ഷിക, വ്യാവസായികമേഖലയിലെ മുരടിപ്പാണ്. ഇതിന് മാറ്റം വരണമെങ്കില്‍ ഈ രംഗത്ത് പശ്ചാത്തലസൗകര്യങ്ങളില്‍ വലിയ കുതിപ്പ് ഉണ്ടാകേണ്ടതുണ്ട്. അത്തരം കുതിപ്പ് ഉണ്ടാകണമെങ്കില്‍ നമുക്ക് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം.

ഏറ്റവും വലിയ ശാപമായി പൊതുവെ കണക്കാക്കുന്ന ചുവപ്പുനാടയില്‍നിന്ന് വലിയതോതില്‍ നമുക്ക് മോചനം നേടാനാവണം. ഈ കാഴ്ചപ്പാടോടെ നമ്മുടെ നാടിന്റെ വികസനപ്രക്രിയയില്‍ അണിചേര്‍ന്ന് മുന്നോട്ടുപോവേണ്ട ഉത്തരവാദിത്വമാണ് മധ്യനിര ഉദ്യോഗസ്ഥര്‍ക്കുള്ളത്.

ഫയലുകളില്‍ വേഗത്തില്‍, കൃത്യമായ തീരുമാനമെടുക്കുന്ന സംസ്‌കാരത്തിലേക്ക് എത്തിച്ചേരാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വറി ഇട്ട് ഫയലുകള്‍ താമസിപ്പിക്കുന്നതിനു പകരം ചര്‍ച്ചയിലൂടെ തീരുമാനമെടുക്കാന്‍ കഴിയണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചര്‍ച്ച നടത്തിയാല്‍ ഫയല്‍നീക്കം എളുപ്പമാകും. ഫയലുകള്‍ കുന്നുകൂടേണ്ട അവസ്ഥയുണ്ടാകില്ല. സെക്രട്ടേറിയറ്റിന്റെ ഏറ്റവും വലിയ പോരായ്മ ഇത്തരം സംസ്‌കാരം വികസിപ്പിച്ചെടുക്കുന്നതില്‍ വന്നിട്ടുള്ള പോരായ്മയാണ്. ഇതിനു മാറ്റം വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപനതത്തിലും ഇടപെടലിലും ആവശ്യമായ മാറ്റമുണ്ടാവുകയാണ് ഇതിനു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്യക്ഷമവും പ്രാപ്തിയുള്ളതുമായ സിവില്‍ സര്‍വീസ് ഉണ്ടാവണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ പ്രതീക്ഷിച്ച തലത്തിലുള്ള സംഭാവനകള്‍ ഉണ്ടാകാത്തതില്‍ ജീവനക്കാര്‍ സ്വയംപരിശോധന നടത്തണം. പൊതുജനങ്ങളുടെ സന്ദര്‍ശനസമയത്ത് ഉദ്യോഗസ്ഥര്‍ പരമാവധി സീറ്റിലുണ്ടാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ ഫയലുകളും മലയാളത്തില്‍ കൈകാര്യം ചെയ്യാനാവണം. ജോലിസമയത്ത് മൊബൈല്‍ വിനോദോപാധിയായി മാറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല. ജോലി ചെയ്യാതെ മാറിനില്‍ക്കുന്നവരെ മനസ്സിലാക്കി ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളാണ് പരമാധികാരികള്‍. അത്തരത്തിലാണ് സംവിധാനം രൂപപ്പെടേണ്ടത്.

നമ്മുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയില്‍തന്നെ ഇ-ഫയലുകള്‍ വലിയതോതില്‍ ഇ.ഓഫീസ് വഴി കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണെന്നതാണ്. ഇതിലെ അപാകതകള്‍ പരിഹരിക്കാനാവുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും.

ജീവനക്കാരുടെ കാര്യക്ഷമതാവര്‍ധന സര്‍ക്കാര്‍ ഏറ്റവു ംപ്രധാനമായി കാണുന്നു. ഇതിനാവശ്യമായ പരിശീലനവും ശേഷീവര്‍ധനയും ഐഎംജി വഴി നടപ്പാക്കും. മൂന്നുമാസത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യത്തില്‍ നല്ല രീതിയില്‍ തീര്‍പ്പുണ്ടാക്കാനാകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് പരമപ്രധാനമെന്നും അത് നടപ്പാകാതെ വരുമ്പോള്‍ സദ്ഭരണം നഷ്ടമാകുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്.സെന്തില്‍, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News