ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതിയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടക്കമായി

കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി. വിവിധ വീടുകളിൽ നിന്ന് ശേഖരിച്ച വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണമാണ് വിതരണത്തിനായി എത്തിക്കുന്നത്. കൂടാതെ എല്ലാ ദിവസവും രക്തബാങ്കിലേക്ക് രക്തദാനം ചെയ്യുന്ന ‘ജീവാർപ്പണം പദ്ധതി’യ്ക്കും തുടക്കമായി.

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവ്വം’ എന്ന പദ്ധതിയിലൂടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർ ഭക്ഷണ പൊതികൾ നൽകുന്നത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വർഷം മുഴുവനും മുടക്കമില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നതിന്നുള്ള മുന്നൊരുക്കങ്ങളാണ് ഡിവൈഎഫ്ഐ നടത്തിയിട്ടുള്ളത്. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിക്കു കീഴിലെ 117 മേഖലാ കമ്മിറ്റികൾക്കാണ് ഓരോ ദിവസത്തേയും ഭക്ഷണ വിതരണത്തിന്റെ ചുമതലയെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി പറഞ്ഞു.

വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണമാണ് വിതരണത്തിനായി എത്തിക്കുന്നത്. ഉദ്‌ഘാടനദിവസം ഡിവൈഎഫ് ഐ ആർപ്പൂക്കര മേഖലാ കമ്മറ്റിയ്ക്കായിരുന്നു പൊതിച്ചോർ നൽകുന്നതിന്റെ ചുമതല. ഇതോടൊപ്പം രക്തബാങ്കിലേക്ക് എല്ലാ ദിവസവും രക്തദാനം ചെയ്യുന്ന ‘ജീവാർപ്പണം പദ്ധതി’ കെ സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here