പുരുഷ രക്ഷാധികാരിയുടെ അനുമതി വേണ്ട; സൗദി സ്ത്രീകള്‍ക്ക് ഇനി വിദേശയാത്ര ചെയ്യാം

പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഇനി മുതല്‍ വിദേശയാത്ര നടത്താമെന്ന് ഉത്തരവ്. വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിന്‍റെ അനുമതിയില്ലാതെ പാസ്‌പോർട്ടിനായി അപേക്ഷിക്കാം. കുട്ടികളുടെ ജനനം, വിവാഹം, വിവാഹമോചനം എന്നിവ രജിസ്റ്റർ ചെയ്യാനുള്ള അവകാശവും രാജകീയ ഉത്തരവുകൾ സ്ത്രീകൾക്ക് നൽകുന്നു.

സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുള്ള ചട്ടങ്ങളിലും മാറ്റം വരുത്തി. ലിംഗഭേദം, വൈകല്യം, പ്രായം എന്നിവ അടിസ്ഥാനമാക്കി വിവേചനം പാടില്ലെന്നും എല്ലാ പൗരന്മാർക്കും ജോലി ചെയ്യാന്‍ അവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇതുവരെ സൗദിയിലെ സ്ത്രീകള്‍ക്ക് പാസ്‌പോർട്ട് എടുക്കുന്നതിനോ വിദേശയാത്ര ചെയ്യുന്നതിനോ ഭർത്താവ്, അച്ഛൻ അല്ലെങ്കിൽ പുരുഷനായ അടുത്ത ബന്ധു എന്നിവരില്‍ ആരുടെയെങ്കിലും അനുമതി വാങ്ങണമായിരുന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, രാജ്യത്ത് നിലവിലുള്ള പല വിവേചനപരമായ നിയമങ്ങളിലും മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. സ്ത്രീകൾ വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഒരു വലിയ മുന്നേറ്റത്തിന്‍റെ തുടക്കമായിരുന്നു. 2030 ഓടെ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യാനുള്ള ഒരു പദ്ധതി അദ്ദേഹം 2016-ൽ അവതരിപ്പിച്ചിരുന്നു. അതില്‍ തൊഴിലിടങ്ങളിലെ സ്ത്രീ സ്ത്രീ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യമാണ് സല്‍മാന്‍ മുന്നോട്ടുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here