കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്; തീരുമാനിക്കേണ്ടത് മോദിയെന്നും ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. അമേരിക്കയുടെ മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. മധ്യസ്ഥതാ വാഗ്ദാനം സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കണ്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കശ്മീര്‍ വിഷയം പരിഹരിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ഇന്ത്യയും പാകിസ്താനുമാണെന്നും എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഇമ്രാന്‍ ഖാനെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് മുന്‍പും ട്രംപ് വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഈ വാദം ഇന്ത്യ തള്ളിയിരുന്നു. ട്രംപിനോട് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here