ഗതാഗത മേഖലയിലെ നൂതന സംരംഭങ്ങളിൽ കേരളം മുന്നിൽ; പ്രകീർത്തിച്ച്‌ നിതിൻ ഗഡ്‌കരി

രാജ്യത്തെ ഉപരിതല ഗതാഗതരംഗത്ത് വരും വർഷങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നവി മുംബൈയിൽ സിഡ്‌കോ എക്സിബിഷൻ ഹാളിൽ നടന്ന രാജ്യത്തെ ബസുടമളുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്ക്കരി.

എത്തനോൾ ജൈവ ഇന്ധനം എന്നിവ വ്യാപകമാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുമെന്നും എത്തനോൾ ഇന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കർഷകരുടെ സാമ്പത്തിക നില ഉയർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവള മാതൃകയിൽ രാജ്യത്താകമാനം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസ്സ്‌പോർട്ടുകൾ നിർമ്മിക്കാനും പാർക്കിംഗ് പ്ലാസകൾ രൂപകൽപ്പന ചെയ്യുവാനും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത വാഹനങ്ങൾ ഓടിക്കുന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പാർലിമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന മോട്ടോർ വാഹന നിയമത്തിൽ സംസ്ഥാനങ്ങൾ ആശങ്കപ്പെടേണ്ടതില്ലായെന്ന് വേദിയിൽ കേരള ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പങ്കു വച്ച ആശങ്കകൾക്ക് മറുപടിയായി കേന്ദ്ര മന്ത്രി ഉറപ്പ് നൽകി.

ഗതാഗത മേഖലയിൽ കേരളം പരീക്ഷിക്കുന്ന നൂതന സംരംഭങ്ങളെ മന്ത്രി പ്രകീർത്തിച്ചു. കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഈ മേഖലയിൽ മുന്നിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

വാഷിയിൽ നടന്ന സമ്മേളനത്തിൽ ആയിരക്കണക്കിന് രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ബസുടമകൾ പങ്കെടുത്തു . ഏകദേശം അഞ്ഞൂറോളം ബസുടമകളാണ് കേരളത്തിൽ നിന്ന് മാത്രമായി സമ്മേളനത്തിൽ പങ്കെടുത്തത്.

ഇതര സംസ്ഥാനങ്ങളിൽ ഈ കോമേഴ്‌സ് പോളിസി ഇല്ലാത്തതിനാലാണ് ഓൺലൈൻ സംവിധാനത്തെ നിയന്ത്രിക്കാൻ കഴിയാതിരുന്നതെന്നും എന്നാൽ കേരളത്തിൽ ഈ പോളിസി പ്രാബല്യത്തിൽ കൊണ്ട് വരുവാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നുവെന്നും സമ്മേളനത്തിൽ പങ്കെടുത്ത ബസ് ഉടമകളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

കേരള ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ , എം പി മാരായ മന്ദ മാത്രേ, പ്രശാന്ത് താക്കൂർ, മുൻ എം പി മാരായ കിരിത് സോമയ്യ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here