ഉന്നാവോ ബലാൽസംഗ കേസ്; കുൽദീപ്‌സിങ്‌ സെൻഗാറിനെ സിബിഐ ചോദ്യംചെയ്‌തു; പെണ്‍കുട്ടിയുടെ നില ഗുരുതരം

ഉന്നാവോ ബലാൽസംഗ കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ്‌സിങ്‌ സെൻഗാറിനെ സിബിഐ സംഘം ചോദ്യംചെയ്‌തു. ജയിൽ സൂപ്രണ്ട്‌, ജയിലർ, ജയിൽ ആശുപത്രിയുടെ ചുമതലക്കാർ എന്നിവരെയും  ചോദ്യംചെയ്‌തു. ജയിലിലെ സിസിടിവിയും വിവിഐപി രജിസ്റ്ററും മൂന്നംഗ സംഘം പരിശോധിച്ചു. പെൺകുട്ടിക്ക്‌ ഗുരുതര പരിക്കേറ്റ വാഹനാപകടം താൻ ആസൂത്രണം ചെയ്‌തതല്ലെന്നാണ്‌ സെൻഗാറിന്റെ വാദം.

പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വ്യക്തിവൈരാഗ്യമാണ്‌ ഇത്തരം പ്രചാരണങ്ങൾക്ക്‌ പിന്നിലെന്നും അയാൾ അവകാശപ്പെട്ടു.  സെൻഗാറിനെ സിബിഐ വീണ്ടും ചോദ്യംചെയ്യും. അതേസമയം, ലഖ്‌നൗവിലെ കിങ്‌ജോർജ്‌ മെഡിക്കൽ സർവകലാശാല ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ  കഴിയുന്ന പെൺകുട്ടിക്ക്‌ ന്യുമോണിയ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ മാറ്റാനാകില്ലെന്ന്‌ അത്യാഹിതവിഭാഗം ചുമതലക്കാരനായ സന്ദീപ്‌ തിവാരി പറഞ്ഞു. പനിയുണ്ട്‌. ട്യൂബിലൂടെ ഓക്സിജൻ നൽകിയാണ്‌ ശ്വാസഗതി നിയന്ത്രിക്കുന്നത്‌.

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ അഭിഭാഷകനെ വെന്റിലേറ്ററിൽനിന്ന്‌ മാറ്റി. അപകടനില തരണംചെയ്‌തിട്ടില്ലെന്ന്‌ സന്ദീപ്‌ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക്‌ മാറ്റുന്ന കാര്യത്തിൽ തിങ്കളാഴ്‌ച സുപ്രീംകോടതി തീരുമാനമെടുക്കും.

സുപ്രീംകോടതി നിർദേശപ്രകാരം ബലാൽസംഗ കേസിന്റെ വിചാരണ ഏറ്റെടുത്ത ഡൽഹിയിലെ തീസ്‌ഹസാരി കോടതി മുഖ്യപ്രതി സെൻഗാറും മറ്റൊരു പ്രതി ശശി സിങ്ങും തിങ്കളാഴ്‌ച ഹാജരാകാൻ നിർദേശിച്ച്‌ പ്രൊഡക്‌ഷൻ വാറന്റ്‌ പുറപ്പെടുവിച്ചു. വൈകിട്ട്‌ അഞ്ചരയ്‌ക്ക്‌ ഹാജരാകാനാണ്‌ നിർദേശം. മറ്റ്‌ പ്രതികളോട്‌ ചൊവ്വാഴ്‌ച ഹാജരാകണം. തിങ്കളാഴ്‌ച മുതൽ വാദം കേൾക്കും. 45 ദിവസത്തിനകം വിചാരണ പൂർത്തീയാക്കാനാണ്‌ സുപ്രീംകോടതി നിർദേശം. സിബിഐ അന്വേഷിക്കുന്ന

വാഹനാപകട കേസ്‌ മാത്രം യുപിയിൽ തുടരും. രണ്ടാഴ്‌ചയ്‌ക്കകം അന്വേഷണം പൂർത്തീകരിക്കാനാണ്‌ നിർദേശം. ചികിൽസയിലുള്ള അഭിഭാഷകന്റെ വസതിയിൽ സിബിഐ ശനിയാഴ്‌ച പരിശോധന നടത്തി. ഡമ്മി വാഹനങ്ങളുടെ സഹായത്തോടെ അപകടരംഗം സിബിഐക്കുവേണ്ടി ഫോറൻസിക്‌ സംഘം പുനഃസൃഷ്ടിച്ചു. മുഖ്യപ്രതി കുൽദീപ്‌  സെൻഗാറിന്റെ ആയുധ ലൈസൻസ്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ റദ്ദാക്കി.  ഒരു ഇരട്ടക്കുഴൽ തോക്കും റൈഫിളും റിവോൾവറുമാണ്‌ സെൻഗാറിനുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here