കണ്ണൂർ വളപട്ടണം പുഴയിലെ തുരുത്തുകളിൽ കരയിടിച്ചിൽ രൂക്ഷം

കണ്ണൂർ വളപട്ടണം പുഴയിലെ തുരുത്തുകളിൽ കരയിടിച്ചിൽ രൂക്ഷം. മയ്യിൽ പഞ്ചായത്തിലെ കോറളായി തുരുത്തിലെ ഫുട്‌ബോൾ മൈതാനം ഉൾപ്പെടെ ഏക്കർ കണക്കിന് ഭൂമിയാണ് പുഴയെടുത്തത്. തീര സംരക്ഷണത്തിന് ജൈവ ഭിത്തി നിർമിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ തേടാൻ പ്രദേശങ്ങൾ സന്ദശിച്ച ഉന്നത തല സംഘം തീരുമാനിച്ചു.

ആന്തൂർ നഗര സഭയുടെയും മയ്യിൽ പഞ്ചായത്തിന്റെയും തീര പ്രദേശങ്ങളിൽ ഏക്കർ കണക്കിന് ഭൂമിയാണ് പുഴയെടുത്തത്. എരഞ്ഞികടവ്, കമ്പിൽക്കടവ്, കോറളായി ദ്വീപ്, നണിച്ചേരികടവ്, കോൾതുരുത്തി, മുല്ല ക്കൊടി, പറശ്ശിനിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കരയിടിച്ചിൽ രൂക്ഷമായി തുടരുന്നത്. ഈ സ്ഥലങ്ങൾ ജെയിംസ് മാത്യു എം എൽ എ യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. കരയിടിച്ചിൽ സംബന്ധിച്ച പഠന റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം തയ്യാറാകുമെന്ന് ജെയിംസ് മാത്യു എം എൽ എ പറഞ്ഞു.

തീര സംരക്ഷണത്തിന് ജൈവ ഭിത്തി നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ തേടും. തീരവും പുഴയും സംരക്ഷിക്കാൻ ജനകീയ സമിതികൾ രൂപീകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ജനകീയ സമിതികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യും. കരയിടിച്ചിൽ തടയാൻ വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങടേയും ജനകീയ സമിതിയുടെയും യോജിച്ച പ്രവർത്തനം അവശ്യമാണെന്നും ഉന്നത തല സംഘം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here