കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; കേരളത്തിന്റെ വികാരം അവര്‍ക്കൊപ്പം; മോദി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധനടപടിയില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് ഏഴിന് എല്‍ഡിഎഫ് പ്രകടനവും പൊതുയോഗവും

തിരുവനന്തപുരം: ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുകയും പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത മോദി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് ഏഴിന് പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്താന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ മതനിരപേക്ഷതയുടെ മുഖമാണ് ജമ്മു കശ്മീര്‍. 370-ാം വകുപ്പും, ആര്‍ട്ടിക്കിള്‍ 35-എ ഉം, ഇന്ത്യന്‍ മതനിരപേക്ഷതയും, ജനാധിപത്യപരവുമായ ഉള്ളടക്കവുമനുസരിച്ച് ഒരു പ്രത്യേക ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണ്.

അത് ഭരണഘടനാ വിരുദ്ധമായി എടുത്തുകളയുക വഴി ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഇതിലൂടെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ ഭരണഘടനയെ അധികാരത്തിന്റെ ഹുങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചവിട്ടിമെതിച്ചിരിക്കുകയാണ്. ഭരണഘടനയും ജനാധിപത്യവും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ബി.ജെ.പി സര്‍ക്കാര്‍ ഇതുവഴി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. കാശ്മീര്‍ ജനതയ്ക്ക് പ്രത്യേക പദവി നല്‍കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണ്.

രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കാശ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കാന്‍ തീരുമാനിച്ചത്. കാശ്മീരി ജനതയുടെ മൗലിക അവകാശങ്ങള്‍ പോലും ഇല്ലാതാക്കിയിരിക്കുകയാണ്.

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ തടങ്കലിലാക്കി ഒരു ജനതയെ അരാജകത്വത്തിലേക്ക് തള്ളുന്ന ബി.ജെ.പിയുടെ അമിതാധികാര വാഴ്ചയാണ് രാജ്യം കണ്ടത്.

കാശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും കേരളത്തിന്റെ വികാരം അവര്‍ക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതിനും ആഗസ്റ്റ് ഏഴിന് നടക്കുന്ന പ്രകടനവും യോഗവും വിജയിപ്പിക്കണമെന്ന് എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here