കശ്മീര്‍ ബില്ലും പ്രമേയവും ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; അമിത് ഷായും അധിര്‍ രഞ്ജനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം; മിണ്ടാതെ രാഹുല്‍

ദില്ലി: ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള ബില്ലും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. കനത്ത പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലും പ്രമേയവും അമിത് ഷാ സഭയില്‍ അവതരിപ്പിച്ചത്.

രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് മോദിസര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധുരി ആരോപിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരവാസ്ഥയാണെന്നും കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അധിര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു.

ചര്‍ച്ചയ്ക്കിടെ അമിത് ഷായും അധിര്‍ രഞ്ജനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദവും നടന്നു. ഇതുവരെ രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമായിരുന്ന ജമ്മു കശ്മീര്‍ ഇപ്പോള്‍ എങ്ങനെ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമായെന്ന ചൗധരിയുടെ ചോദ്യത്തോടെയാണ് വാക്ക് തര്‍ക്കം രൂപംകൊണ്ടത്.

ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാണെന്നും അവരെ കുറിച്ച് യാതൊരു വിവരുമില്ലെന്നും ചൗധരി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നിരയില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ബില്ലിനെതിരെ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ബില്ലിനെതിരെ സംസാരിച്ച ഡിഎംകെ എംപി ടിആര്‍ ബാലു രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ചു. തന്റെ സുഹൃത്തും എംപിയുമായ ഒമര്‍ അബ്ദുള്ള എവിടെയെന്ന് എനിക്കറിയില്ലെന്ന് ടി ആര്‍ ബാലു പറഞ്ഞപ്പോഴേക്ക് സഭയില്‍ വീണ്ടും ബഹളമായി.

വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച തുടരുകയാണ്.

ഇന്നലെയാണ് ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. ജമ്മു കാശ്മീരിനെ വിഭജിക്കുന്ന ബില്‍ 61നെതിരെ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News