പിഎസ്‌സി പൊലീസ്‌ കോൺസ്‌റ്റബിൾ പരീക്ഷാക്രമക്കേട്‌ സംബന്ധിച്ച്‌ സമഗ്രമായ പൊലീസ്‌ അന്വേഷണം വേണം: ഡിവൈഎഫ്ഐ

കോട്ടയം: പിഎസ്‌സി പൊലീസ്‌ കോൺസ്‌റ്റബിൾ പരീക്ഷാക്രമക്കേട്‌ സംബന്ധിച്ച്‌ സമഗ്രമായ പൊലീസ്‌ അന്വേഷണം വേണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിജസ്ഥിതി പുറത്തുകൊണ്ടുവന്ന്‌ പിഎസ്‌സി വിശ്വാസ്യത വീണ്ടെടുക്കണം. യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട്‌ ആരോപണം വന്നപ്പോൾ പിഎസ്‌സി തന്നെ അന്വേഷണം പ്രഖ്യാപിച്ച്‌ ഗൗരവമായി ഇടപെട്ടു. പിഎസ്‌സിയെക്കുറിച്ച്‌ തെറ്റായ ആക്ഷേപങ്ങൾ ഉയർത്തുന്നതിനോട്‌ യോജിപ്പില്ല.

ആർഎസ്‌എസ്‌ ഇന്ത്യൻ ഭരണഘടനക്കുനേരെ നടത്തുന്ന സർജിക്കൽ അറ്റാക്കാണ്‌ കശ്‌മീർ ജനതയോട്‌ സ്വീകരിക്കുന്നത്‌.

ഏകപക്ഷീയ നിലപാട്‌ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ആർഎസ്‌എസ്‌ പ്രത്യയശാസ്‌ത്രത്തിന്റെ പ്രയോഗവൽക്കരണം രാജ്യത്ത്‌ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാരിന്റെ ശ്രമം.

രാജ്യത്തെ തൊഴിലില്ലായ്‌മയുടെ സ്ഥിതി 45 വർഷം മുമ്പുള്ള അവസ്ഥയിലാണ്‌. അധ്വാനിക്കാൻ ശേഷിയുള്ള 86 കോടി ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും തൊഴിലില്ല.

ഇതിൽ 42 കോടി യുവാക്കളാണ്‌. ഒരുവർഷം 15ലക്ഷത്തിലധികം എൻജിനീയർമാർ പുറത്തിറങ്ങുന്നുണ്ട്‌. എന്നാൽ ഇവർക്ക്‌ യോഗ്യതക്കനുസരിച്ച്‌ തൊഴിൽ ലഭിക്കുന്നില്ല. മതതീവ്രവാദവുമായ ബന്ധപ്പെട്ട ആക്രമണങ്ങളിൽ ചെറുപ്പക്കാരെ ഉപയോഗിക്കുന്നു.

ആഗോളവൽക്കരണ രാഷ്ട്രീയത്തിന്റെ ഇരകളാണ്‌ ഈ ചെറുപ്പക്കാർ. വർഗീയത വേണ്ട തൊഴിൽ മതി എന്ന ഡിവൈഎഫ്‌ഐ മുദ്രാവാക്യത്തിന്‌ കാലികപ്രസക്തിയുണ്ട്‌.

ആഗസ്‌ത്‌ 15ന്‌ മുഴുവൻ ജില്ലാകേന്ദ്രങ്ങളിലും യൂത്ത്‌സ്‌ട്രീറ്റ്‌ സംഘടിപ്പിച്ച്‌ ഈ വിഷയങ്ങളാകെ ജനങ്ങളോട്‌ സംവദിക്കും.

പ്രചാരണജാഥക്ക്‌ വലിയ പിന്തുണയാണ്‌ പൊതുസമൂഹത്തിൽ നിന്ന്‌ ലഭിക്കുന്നത്‌. തുടർക്യാമ്പയിൻ ഏറ്റെടുക്കുമെന്നും എസ്‌ സതീഷ്‌ പറഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ്‌, കോട്ടയം ജില്ലാപ്രസിഡന്റ്‌ കെ ആർ അജയ്‌, സെക്രട്ടറി സജേഷ്‌ ശശി, സംസ്ഥാനകമ്മിറ്റിയംഗം എൻ അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News