വൈറ്റില മേല്‍പ്പാലത്തില്‍ ഐ ഐ ടി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

കൊച്ചി വൈറ്റില മേല്‍പ്പാലത്തില്‍ ഐ ഐ ടി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.മേല്‍പ്പാലം നിര്‍മ്മാണത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നെങ്കിലും ഇതുവരെ നടത്തിയ പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ല.എന്നാല്‍ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ചെന്നൈ ഐ ഐടിയിലെ വിദഗ്സംഘത്തെക്കൊണ്ട് പാലത്തില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നിര്‍മ്മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പ്പാലത്തില്‍ രാവിലെയെത്തുന്ന ഐ ഐ ടി സംഘം ബീമും സ്ലാബും തൂണുമെല്ലാം വിശദമായി പരിശോധിക്കും.പ്രൊഫ അളകസുന്ദര മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ പാലാരിവട്ടം പാലം പരിശോധിച്ചത്.എന്നാല്‍ ചെന്നൈ ഐ ഐ ടിയില്‍ നിന്നുള്ള പുതിയ സംഘമായിരിക്കും വൈറ്റില പാലത്തില്‍ പരിശോധന നടത്തുക.പൊതുമരാമത്ത് ദേശീയ പാതാ വിഭാഗവും ഗുണമേന്മാ വിഭാഗവും നടത്തിയ പരിശോധനകളില്‍ നിര്‍മ്മാണ വീ‍ഴ്ച്ചയൊന്നും കണ്ടെത്തിയിരുന്നില്ല.എന്നാല്‍ വിജിലന്‍സ് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു.ഇത് വിവാദമായതോടെ സ്വതന്ത്ര ഏജന്‍സി എന്ന നിലയില്‍ പരിശോധനക്ക് കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജിനെ സര്‍ക്കാര്‍ നിയോഗിച്ചു.

ഇവരുടെ പരിശോധനയിലും കോണ്‍ക്രീറ്റിന്‍റെ നിലവാരം ഉയര്‍ന്നതാണെന്ന് കണ്ടെത്തിയിരുന്നു.അതേ സമയം പാലാരിവട്ടം മേല്പാലത്തിന്‍റേതുപോലെ വൈറ്റില പാലത്തിലും നിര്‍മ്മാണത്തില്‍ വീ‍ഴ്ച്ചയുണ്ടായെന്ന് വ്യാപക പ്രചാരണമുണ്ടായി.പാലാരിവട്ടത്തുണ്ടായ വീ‍ഴ്ച്ചയില്‍ നിന്ന് രക്ഷപ്പെടാനായി യു ഡി എഫ് ഈ പ്രചാരണം ഏറ്റുപിടിച്ച് പ്രതിഷേധ രംഗത്തിറങ്ങി.ഈ സാഹചര്യത്തിലാണ് ചെന്നൈ ഐ ഐ ടി യില്‍ നിന്നുള്ള വിദഗ്ധ സംഘത്തെക്കൊണ്ട് പാലത്തില്‍ പരിശോധന നടത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel