ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് സമയബന്ധിത പരിഹാരമുണ്ടാവും; കയ്യേറ്റ സ്ഥലങ്ങള്‍ ഏറ്റെടുത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക്‌ സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇടുക്കിയിലെ വികസനത്തിന് സഹായകമാകുന്ന ചട്ടക്കൂടുണ്ടാക്കും. ചിലർ ചേർന്ന്‌ ഇടുക്കിയിലെ മൊത്തം ജനങ്ങളെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുണ്ട്‌.

ഇത്‌ ജനങ്ങൾക്ക്‌ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്‌. സ്വന്തം സത്യസന്ധത തെളിയിക്കേണ്ട അവസ്ഥയാണ്‌ ഇടുക്കിയിൽ ജനിച്ചുപോയതുകൊണ്ട്‌ അവിടത്തെ ജനങ്ങൾക്കുള്ളത്‌. ഇതിന്‌ പൂർണമായ പരിഹാരമാണ്‌ സർക്കാരിന്റെ ലക്ഷ്യം ‐ മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയില്‍ ഇതുവരെ കൈയേറിയ സര്‍ക്കാര്‍ കണ്ടെത്തി കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ പട്ടയം നല്‍കിയ ഭൂമിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനും കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 15 സെന്‍റിന് താഴെയുള്ള പട്ടയങ്ങള്‍ക്ക് അംഗീകാരം നല്‍കാനും അല്ലാത്തവ തിരിച്ചു പിടിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇടുക്കി- മൂന്നാര്‍ മേഖലകളിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുകയാണ്. ഇടുക്കിയിലെ ഭൂപ്രശ്നം മറ്റു മേഖലകളില്‍ നിന്നും വ്യത്യസ്തവും സങ്കീര്‍ണവുമായി തീരാന്‍ ഒരുപാട് കാരണമുണ്ട്. സര്‍ക്കാര്‍ താത്പര്യത്തില്‍ കുടിയേറിയവരും അനവധി കാലമായി അവിടെ താമസിച്ചിട്ടും രേഖകള്‍ ഇല്ലാത്തവരും ഇടുക്കിയിലുണ്ട്.

തോട്ടപ്പണിക്കായി വന്ന് തലമുറകളായി അവിടെ താമസിക്കുന്നവരുണ്ട്. വികസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമിനഷ്ടപ്പെട്ടവരുണ്ട്.

2005-ന് ശേഷം വിനോദസഞ്ചാരമേഖലയിലുണ്ടായ ഉണര്‍വിന് തുടര്‍ന്ന് ചെറുകിട സംരംഭങ്ങള്‍ക്കായും വന്‍കിട വ്യവസായങ്ങള്‍ക്കുമായി ഭൂമി ഉപയോഗിക്കുന്ന പതിവുണ്ടായി.

തോട്ടംമേഖലയിലെ മാന്ദ്യം കാരണം തോട്ടം ഭൂമിയും വലിയ തോതില്‍ മറ്റു ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടു.

ഇക്കാര്യത്തില്‍ പലതവണ കോടതികളുടെ വിമര്‍ശനമുണ്ടായി. പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടലുണ്ടായി. ഇടുക്കിയിലെ മൊത്തം ജനത്തേയും കൈയ്യേറ്റക്കാരും കുടിയേറ്റക്കാരുമായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവിടുത്തെ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

ഒരുഘട്ടത്തില്‍ നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഇടുക്കിയിലെ കെട്ടിട്ടങ്ങള്‍ ഇടിച്ചു നിരത്തേണ്ട അവസ്ഥ സര്‍ക്കാരുകള്‍ക്ക് ഉണ്ടായി.

കഴിഞ്ഞ പ്രളയത്തില്‍ കേരളം പഠിച്ച ഏറ്റവും വലിയ പാഠം പ്രകൃതിയോട് ചേര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആവണം ഇനി ഉണ്ടാവേണ്ടത് എന്നാണ്. ഇടുക്കിയുടെ വികസനത്തിന് സഹായകരമായ ഒരു ചട്ടക്കൂട്ട് ഉണ്ടാക്കിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നാടിന് വേണ്ട വൈദ്യുതിയും നാണ്യവിളകളിലൂടെ വിദേശനാണ്യവും നേടിതരുന്ന ഇടുക്കിയിലെ ജനങ്ങള്‍ സംസ്ഥാനത്തിന് നല്‍കുന്ന പിന്തുണ വളരെ വലുതാണ്.

അവിടെയുള്ള ജനങ്ങള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കേണ്ടതായിട്ടുണ്ട്. അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമി സ്വതന്ത്രമാക്കാനും പരിസ്ഥിതി സൗഹൃദമായ കെട്ടിട്ടനിര്‍മ്മാണം ഉറപ്പുവരുത്താനും ഇടുക്കിയിലെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ അവകാശം ഉറപ്പാക്കുമായി ഒരു പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും കാലം സര്‍ക്കാര്‍.

ഇതിനായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു. വിദഗ്ദ്ധരും പ്രശസ്തരുമായവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ ശേഖരിച്ചു.

കോടതിയില്‍ വന്ന ഒരു കേസിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇടുക്കിയില്‍ പുതിയൊരു ഭൂനയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ഇടുക്കിയെ ഭൂമികൈയ്യേറ്റവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവയാണ്

1 എത്രത്തോളം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട് എന്ന് കണ്ടെത്തുക
2 വീടിനും കൃഷിക്കുമായി അനുവദിച്ചതും 12 വര്‍ഷത്തേക്കുമായി കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമായ തുണ്ടു ഭൂമികള്‍ ഒരുമിച്ച് വാങ്ങി ഒന്നാക്കിയത് കണ്ടെത്തുക.
3. പതിച്ചു നല്‍കിയ ആവശ്യത്തിന് അല്ലാതെ ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക
4. ഭൂവിനിയോഗ ബില്ലിന് വിരുദ്ധമായി ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക
5. പട്ടയത്തിന്‍റെ നിബന്ധകള്‍ ലംഘിക്കപ്പെടുകയോ 21-1-2010 ലെ ഹൈക്കോടതി ഉത്തരിന്‍റെ അടിസ്ഥാനത്തിലുള്ള നിരാക്ഷേമപത്രം, നിര്‍മാണ അനുമതി എന്നിവ ഇല്ലാത്തവയുമായ ഭൂമിയും കെട്ടിട്ടങ്ങളും തരംതിരിക്കുക.

മേല്‍പ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തില്‍ വരുന്നതെല്ലാം കൈയേറ്റ ഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ അവ തിരിച്ചു പിടിക്കാനുള്ള തുടര്‍നടപടി സ്വീകരിക്കും. വാഗമണ്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മൊത്തം കൈയേറ്റങ്ങള്‍ മേല്‍പ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ 15 സെന്‍റിന് താഴെയുള്ള പട്ടയഭൂമികളില്‍ ഉടമയുടെ ഉപജീവനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന തരത്തില്‍ 1500 ചതുരശ്രഅടിയ്ക്ക് താഴെ തറവിസ്തൃതി മാത്രമുള്ള കെട്ടിട്ടമാണ് ഉള്ളതെങ്കില്‍, ഭൂമി കൈവശം വച്ചയാള്‍ക്കും അയാളുടെ അടുത്ത ബന്ധുകള്‍ക്കും വേറെ എവിടെയും ഭൂമിയില്ലെന്ന് ആര്‍ഡിഒ സാക്ഷ്യപ്പെടുത്തിയാല്‍ മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന തീയതി വരെ അവ ക്രമീകരിക്കുന്നതിന് 1964-ലെ ഭൂചട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തും

1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരം പതിച്ചു നല്‍കിയ 15 സെന്‍റ് വരെയുള്ള പട്ടയഭൂമിയില്‍ 1500 ചതുരശ്ര അടിവരെ വിസ്തൃതി വരെയുള്ള കെട്ടിട്ടങ്ങള്‍ ഉള്ളവര്‍ അതവരുടെ ഏക വരുമാനം മാര്‍ഗ്ഗമാണെന്ന് തെളിയിക്കണം. അവ ജില്ലാ കളക്ടര്‍ പ്രത്യേകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കണം. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും.

ഇതില്‍ പറയാത്ത പട്ടയഭൂമിയിലുള്ള വാണിജ്യനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമിയും വസ്തുകളും സര്‍ക്കാര്‍ വീണ്ടെടുക്കും.

ഈ ഭൂമി പുതിയ നയം അനുസരിച്ച് പാട്ടത്തിന് നല്‍കും. ഈ പറയുന്ന വിഭാഗത്തില്‍ വരാത്തതും സര്‍ക്കാര്‍ ഭൂമി കൈയേറി നടത്തിയ പട്ടയമില്ലാത്ത ഭൂമിയും അതിലെ നിര്‍മ്മാണവും ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.

അനധികൃതമായി നല്‍കിയ പട്ടയങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ചതായ പട്ടയങ്ങളെ പരിശോധിക്കുന്നതിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ പട്ടയങ്ങള്‍ സംബന്ധിച്ച് സമിതി നല്‍കിയ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ മൂന്ന് മാസത്തിനകം സ്വീകരിക്കും. മൂന്നാര്‍ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം നേരത്തെ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.

അവിടുത്തെ കേസുകള്‍ എവിടെ നിന്നാണോ വന്നത് ആ കോടതികളിലേക്ക് തന്നെ തിരിച്ചു ട്രാന്‍സ്ഫര്‍ ചെയ്യും. ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം അനുവദിച്ച ഭൂമിയില്‍ പട്ടയവ്യവസ്ഥ ലംഘിച്ച് വാണിജ്യനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടത്താതെ ഇരിക്കണം.

ഇതിനായി ബന്ധപ്പെട്ട കെട്ടിട്ട നിര്‍മ്മാണചടങ്ങളില്‍ ഏത് ആവശ്യത്തിനാണോ പ്രസ്തുത പട്ടയം അനുവദിച്ചത് എന്ന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും. ആ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കാവൂ.

മൂന്നാര്‍ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന് മന്ത്രിസഭ തീരുമാനിച്ചു. പുതുതായി നിര്‍മ്മിക്കുന്ന വസ്തുകളില്‍ സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സോളാര്‍ പാനലും മഴവെള്ളസംഭരണിയും മാലിന്യസംസ്കരണത്തിനുള്ള കൃത്യമായ സംവിധാനവും ഉണ്ടാവണം.

വട്ടവട,ചിന്നക്കന്നാല്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ഈ നയത്തിന് അനുസരിച്ചുള്ള ടൗണ്‍ പ്ലാനിംഗ് സ്കീം കൊണ്ടു വരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഉപജീവനത്തിന്‌ വേണ്ടിമാത്രം ഉപയോഗിക്കുന്ന 1600 ചതുരശ്ര അടിയിൽ താഴെ ഭൂമിയുള്ളവർക്ക്‌ മറ്റ്‌ ഭൂമി ഇല്ലാ എങ്കിൽ ഭൂചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്‌.

കലക്‌ടർ റിപ്പോർട്ട്‌ നലകുന്നതിനനുസരിച്ചാകും ഇത്‌. സർക്കാർ ഭൂമിയിലുള്ള കയ്യേറ്റങ്ങൾ ഏറ്റെടുത്ത്‌ സർക്കാരിൽ നിക്ഷിപ്‌തമാക്കി പൊതു ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്‌.

രവീന്ദ്രൻ പട്ടയങ്ങളുടെ പരിശോധനയും സമയബന്ധിതമായി പൂർത്തിയാക്കും. മൂന്നാറിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ മുഖ്യപങ്കും സോളാറിൽനിന്ന്‌ ഉൽപാദിപ്പിക്കണം. മെച്ചപ്പെട്ട മാലിന്യ സംസ്‌ക്കരണ സംവിധാനവും ഏർപ്പെടുത്തണം. ഇത്‌ പരിശോധിക്കാനും കലക്‌ടറെ ചുമതലപ്പെടുത്തി.

ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയ സംസ്ഥാനമാണ്‌ നമ്മുടേത്‌. ഇവിടെ ഭൂകേന്ദ്രീകരണത്തിന്റേതായ പ്രശ്‌നങ്ങൾ അവസാനിച്ചിട്ടുണ്ട്‌.

കർഷകരുടെ പട്ടയ പ്രശ്‌നത്തിൽ നേരത്തേ തന്നെ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. ഇടുക്കിയിൽ ഭൂമിയുടെ പട്ടയ പ്രശ്‌നം ഏറ്റവും സജീവമായി നിലനിൽക്കുന്നത്‌ പട്ടിക ജാതി ‐ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിലാണ്‌.

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 2284 പേര്‍ക്കായി 3123 ഏക്കര്‍ ഭൂമി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

5723 പേര്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 12952 കുടുംബങ്ങള്‍ക്ക് ഇതിനോടകം പട്ടയം നല്‍കി.

ഭൂരഹിതരമായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കാനുള്ള ശ്രമം തുടരുകയാണ്. 1970 ജനുവരി ഒന്നിന് മുന്‍പായി വനഭൂമി കൈവശം വച്ചിരുന്ന പട്ടികജാതികാര്‍ക്ക് ആ ഭൂമിയില്‍ പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ‐ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here