യെച്ചൂരിയെയും ഡി രാജയെയും വിമാനത്താവളത്തില്‍ തടഞ്ഞത് ഭരണകൂട ഭീകരത; അപലപനീയം: സിപിഐഎം

കശ്‌മീര്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഭരണകൂട ഭീകരത അങ്ങേയറ്റം അപലപനീയമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും, എം.എല്‍.എ യുമായ മുഹമ്മദ്‌ യൂസുഫ്‌ തരിഗാമിയേയും മറ്റ്‌ ജനകീയ നേതാക്കളേയും കാണാനും, കശ്‌മീര്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കാനുമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി നേതാക്കള്‍ അവിടെ എത്തിയത്‌.

ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക്കിനെ നേരത്തെ അറിയിച്ച ശേഷമാണ്‌ നേതാക്കള്‍ എത്തിയത്‌. തടവിലാക്കപ്പെട്ട കശ്‌മീരിലെ ജനനേതാക്കളെ കാണാനുള്ള അവകാശം നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കള്‍ക്കുണ്ട്‌.

അത്‌ നിഷേധിക്കുന്നത്‌ ഫാസിസ്റ്റ്‌ നടപടിയാണ്‌. അടിയന്തിരാവസ്ഥയെ കടത്തിവെട്ടുന്ന രീതിയിലുള്ള സ്വേച്ഛാധിപത്യ നടപടിയാണ്‌ കശ്‌മീരില്‍ ഉണ്ടായിരിക്കുന്നത്‌.

65 വര്‍ഷമായി കശ്‌മീരിന്‌ നല്‍കിയ പ്രത്യേക പദവിയും, ജനങ്ങള്‍ക്കുള്ള പ്രത്യേക പരിരക്ഷയും ഞൊടിയിടയില്‍ ഇല്ലാതാക്കിയ മോദി ഭരണം കശ്‌മീരിനെ ഒരു തടവറയാക്കി മാറ്റിയിരിക്കുകയാണ്‌.

അതിന്റെ പരസ്യ പ്രഖ്യാപനമാണ്‌ സീതാറാമിനേയും ഡി.രാജയേയും തടഞ്ഞ നടപടി. ഇതില്‍ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here