മലപ്പുറം ജില്ലയില്‍ വന്‍ ഉരുള്‍പൊട്ടല്‍; മല ഇടിഞ്ഞു; 40 പേരെക്കുറിച്ച് വിവരമില്ല

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഒരു ഗ്രാമം മുഴുവന്‍ മണ്ണിലടിയിലാണ്. എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. നാല്‍പ്പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി പ്രദേശവാസി മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കവേ പറഞ്ഞു. വ്യാഴാഴ്ച അഞ്ച് മണിയ്ക്കാണ് ഉരുള്‍ പൊട്ടലുണ്ടായതെന്നും ഇതുവരെയും രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ കഴിഞ്ഞില്ലെന്നും പ്രദേശവാസി മാതൃഭൂമി വ്യക്തമാക്കി. ഒരു കുട്ടി മരിച്ചെന്നും ഇയാള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയത് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ്, വെള്ളിയാഴ്ച പത്ത് മണിയോടെ മാത്രമാണ് നാട്ടുകാര്‍ക്ക് പോലും സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞത്.നിലവില്‍ മലപ്പുറത്തെ സന്നദ്ധ സംഘടനയായ ട്രോമാ കെയര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. റോഡ്മാര്‍ഗം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതിനാല്‍ വ്യോമസേനയുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here