മഴയുടെ ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; റെഡ് അലേര്‍ട്ട് എങ്ങുമില്ല; മരണസംഖ്യ ഉയരാന്‍ സാധ്യത

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ കുറഞ്ഞതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി.

സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും മഴക്കെടുതി രൂക്ഷമാണ്. ഇതിനോടകം 76 പേരാണ് സംസ്ഥനത്ത് മരിച്ചത്. വയനാട് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 50 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം ആളുകളാണുശ്ശത്. കോഴിക്കോട് മാത്രം അരലക്ഷം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ 76 മരണം സ്ഥിരീകരിച്ചു. 61 പേരെ കണ്ടെത്താനുണ്ട്. 1639 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലുള്ളത് മലപ്പുറത്ത്,– 56,203 പേര്‍. വയനാട്ടില്‍ 37,059 പേരും കണ്ണൂരില്‍ 19,924 പേരും തൃശൂരില്‍ 42,176പേരും ക്യാമ്പുകളിലാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കലക്ടര്‍മാര്‍ക്കാണ് ഏകോപനച്ചുമതല.

കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്നര മുതല്‍ 3.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News