ഉത്തര്‍പ്രദേശിലെ ഹാപുരില്‍ മരുന്ന് വാങ്ങാന്‍ 30 രൂപ ആവശ്യപ്പെട്ട ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍. പണം ആവശ്യപ്പെട്ട ഭാര്യയോട് തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം യുവാവ് മുത്തലാഖ് ചൊല്ലുകയായിരുന്നു.

മുത്തലാഖ് ചൊല്ലിയതോടെ കുട്ടികളെയുമെടുത്ത് അകത്ത് കയറിയ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ആഗസ്ത് ഒന്നിന് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിങ്ങ് പറഞ്ഞു.

നിയമം മൂലം നിരോധിച്ചെങ്കിലും മുത്തലാഖ് ഉത്തര്‍പ്രദേശില്‍ വ്യാപകമാവുകയാണെന്ന് പൊലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയ യുവതിയുടെ മൂക്ക് വെട്ടിയ സംഭവം സീതാപൂരില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുസാഫര്‍ നഗറിലാകട്ടെ, വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് വാട്‌സ്ആപ്പിലൂടെയാണ് ഭാര്യയെ തലാഖ് ചൊല്ലിയത്.