ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ മിന്നലാക്രമണമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്; ജമ്മു കശ്മീരിലെ നടപടിയെക്കുറിച്ച് പ്രകാശ് കാരാട്ട്

കാരാട്ടിന്റെ ലേഖനം പൂർണ്ണരൂപത്തിൽ വായിക്കാം:

ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ ഒരു മിന്നലാക്രമണമാണ് മോഡി സർക്കാർ നടത്തിയിരിക്കുന്നത്. മോഡി-ഷാ ദ്വന്ദ്വത്തിന്റെ ആഭിമുഖ്യത്തിൽ, ഭരണഘടനയുടെ 370––ാം വകുപ്പ് കുത്തിച്ചോർത്തുകയും 35 എ വകുപ്പ് റദ്ദാക്കുകയും ചെയ്‌തിരിക്കുന്നു. അതുംപോരാഞ്ഞ് ജമ്മു കശ്‌മീരിന്റെ നിലനിൽപ്പിന് നേരേതന്നെ ആക്രമണമഴിച്ചുവിട്ടുകൊണ്ട് സംസ്ഥാനത്തെ ഇല്ലാതാക്കി, രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുകയാണ്.

ഇതെല്ലാംതന്നെ ചെയ്‌തത്‌ കപടപ്രയോഗത്തിലൂടെയാണ്; കശ്‌മീർ ജനതയെ തടങ്കലിലാക്കിയും ഭീഷണിപ്പെടുത്തിയുമാണ്. 370-ാം വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്‌മീർ സംസ്ഥാനം തകർത്തെറിയുകയും ചെയ്യുന്നതിനുള്ള പ്രസിഡന്റിന്റെ ഉത്തരവും പ്രമേയങ്ങളും ബില്ലുകളും ഫലത്തിൽ വരുത്തിയതിന്റെ രീതിയാണെങ്കിൽ, ഭരണഘടനയ്‌ക്കുമേൽ കൃത്രിമം കാട്ടുന്ന കുതന്ത്രങ്ങളുടേതാണ്.

ആഗസ്‌ത്‌ ആറുവരെ ഇന്ത്യയിൽ 29 സംസ്ഥാനങ്ങൾ ഉണ്ടായിരുന്നു. ജമ്മു കശ്‌മീർ പുനഃസംഘടനാബിൽ പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചതോടെ അത് 28 ആയി ചുരുങ്ങി.- സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അഭൂതപൂർവമായ ഒരു സംഭവമാണത്. നിലവിലുള്ള സംസ്ഥാന അതിർത്തികളിൽ ഭേദഗതി വരുത്തുകയോ പുതിയ സംസ്ഥാനങ്ങൾ ഉണ്ടാക്കുകയോചെയ്യുന്നതിനുള്ള പ്രക്രിയകൾ നിർദേശിക്കുന്ന ഭരണഘടനാവകുപ്പിന്റെ ലംഘനമാണ്‌ ബിജെപി സർക്കാർ നടത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും ഫെഡറലിസത്തിനുംനേരെ ഇത്തരമൊരു കടുത്ത ആക്രമണം ഇതിനു മുമ്പ് നടന്നിട്ടേയില്ല.

ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് ഭരണഘടനാ നിർമാണ സഭയാണ് എഴുതിച്ചേർത്തത്. ഈ വകുപ്പ് ഇന്ത്യൻ യൂണിയനിലെ ഇതരസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്‌തമായ ഒരു പദവി ജമ്മു കശ്‌മീരിന്‌ നൽകുന്നു. ആ സംസ്ഥാനത്തിന് മാത്രമായുള്ള ഒരു ഭരണഘടനാ നിർമാണസഭയാണ് അവരുടെ ഭരണഘടന തയ്യാറാക്കുക. ജമ്മു കശ്‌മീരിന്‌ വിപുലമായ സ്വയംഭരണാവകാശം നൽകിയതുകൊണ്ട്, പാർലമെന്റ് പാസാക്കിയ ഏതേത് നിയമങ്ങൾ തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കണം എന്ന് അവിടത്തെ നിയമനിർമാണസഭയ്‌ക്ക് തീരുമാനിക്കാം.

370-ാം വകുപ്പ് ഇല്ലാതാക്കിയ വിധം
പ്രശ്നങ്ങളുടെ മൂലകാരണം കശ്‌മീർ ജനതയ്‌ക്ക്‌ നൽകിയ ഉറപ്പിൽ നിന്നുള്ള പിന്മാറ്റമാണ്. 1953 മുതൽതന്നെ കാലാകാലങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ ജമ്മു കശ്‌മീരിന്‌ 370––ാം വകുപ്പ് നൽകിയ സ്വയംഭരണാവകാശം ഇല്ലായ്‌മചെയ്യാനുള്ള നടപടികൾ കൈക്കൊണ്ടുപോന്നിരുന്നു. അറുപതുകളിലും എഴുപതുകളിലും എൺപതുകളിലുമായി തുടർന്നുപോന്നത് അധികാര കേന്ദ്രീകരണത്തിന്റെയും സംസ്ഥാന സ്വയംഭരണാവകാശ നിഷേധത്തിന്റെയും നടപടിക്രമങ്ങളായിരുന്നു. സംസ്ഥാനത്തിന് അനുവദിച്ചിരുന്ന സ്വയംഭരണാവകാശം കവർന്നെടുക്കാൻ 370––ാം വകുപ്പ് തകിടംമറിക്കുകയായിരുന്നു. ജമ്മുവിനും കശ്‌മീരിനും ഭരണഘടന ബാധകമാക്കുന്ന 1954ലെ ഉത്തരവ് മുതൽക്കിങ്ങോട്ട് 2010 വരെ അത്തരം 42 ഉത്തരവുകളുണ്ട്. അവയൊക്കെയും കേന്ദ്ര ഇടപെടലിനുള്ള സാധ്യത വർധിപ്പിക്കുന്നവയും 370––ാം വകുപ്പ് അംഗീകരിക്കുന്ന സമയത്ത് ആലോചിക്കുകപോലും ചെയ്യാത്തവയുമായിരുന്നു. നിയമവിദഗ്ധനായ എ ജി നൂറാനി രേഖപ്പെടുത്തിയതുപോലെ, 370––ാം വകുപ്പ് അതിന്റെ യഥാർഥ അന്തഃസത്ത കുത്തിച്ചോർത്തി വിവസ്‌ത്രമാക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര ലിസ്റ്റിലെ 97 നിയമനിർമാണവിഷയങ്ങളിൽ 94 എണ്ണവും ജമ്മു കശ്‌മീരിന് ബാധകമാക്കിയിട്ടുണ്ട്.

അന്യവൽക്കരണവും തീവ്രവാദ വളർച്ചയും
സ്വയംഭരണാവകാശത്തിലെ ശോഷണത്തെത്തുടർന്നുണ്ടായതാണ് ജനാധിപത്യനിഷേധവും ജനാധിപത്യാവകാശ നിരോധനവും. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ അട്ടിമറിക്കപ്പെട്ടു. 1987ലെ തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ തെരഞ്ഞെടുപ്പു കൃത്രിമങ്ങൾ ആവർത്തിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് വൻതോതിലുള്ള അന്യവൽക്കരണത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതാകട്ടെ, പൊട്ടിപ്പുറത്തുവന്നത് തീവ്രവാദത്തിന്റെയും സായുധ കലാപത്തിന്റെയും രൂപത്തിലാണ്. കാലംചെല്ലുന്നതോടെ ഈ അതൃപ്തി പ്രയോജനപ്പെടുത്തിയത് പാകിസ്ഥാൻ പിന്തുണയുള്ള ഹിസ്‌ബുൾ മുജാഹിദ്ദീൻ പോലുള്ള ഇസ്ലാമികശക്തികളും കടുത്ത തീവ്രവാദ ഗ്രൂപ്പുകളായ ജെയ്‌ഷെ മുഹമ്മദും ലഷ്‌കർ ഇ തോയ്‌ബയുമാണ്‌. നാടുവാഴിഭരണത്തിനെതിരെ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന് തുടക്കംമുതൽ എതിരായിരുന്നു ഹിന്ദു വർഗീയശക്തികൾ. ജനസംഘത്തിന്റെ ആദ്യരൂപമായ പ്രജാ പരിഷത്ത് മഹാരാജാവ്‌ ഹരിസിങ്ങിനൊപ്പമായിരുന്നു. ജനസംഘവും ഹിന്ദുമഹാസഭയും 370––ാം വകുപ്പിനുമാത്രമല്ല, ജമ്മു കശ്‌മീരിന്‌ ഏതെങ്കിലും തരത്തിലുള്ള സ്വയംഭരണം നൽകുന്നതിനും എതിരായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രമുള്ള ആർഎസ്എസ് നേതൃത്വത്തിൽ ആദ്യം ജനസംഘവും പിന്നീട് ബിജെപിയും തങ്ങളുടെ കേന്ദ്രീകൃത അഖണ്ഡഭാരത സങ്കൽപ്പത്തിനൊത്ത് 370––ാം വകുപ്പിനെതിരെ നിരന്തരം എതിർപ്പ് പ്രകടിപ്പിച്ചുപോന്നു. അവരുടെ എതിർപ്പ് രൂപംകൊണ്ടത് കശ്‌മീർ താഴ്‌വര മുസ്ലീംസ്വാധീനമുള്ള പ്രദേശമായിരുന്നു എന്നതിനാലാണ്.

അതിർത്തിക്കപ്പുറമുള്ള തങ്ങളുടെ ഇസ്ലാമിക എതിരാളികളെപ്പോലെ ഹിന്ദുത്വവാദികളും ആർഎസ്എസും ആവശ്യപ്പെട്ടുപോന്നത് ജമ്മു കശ്‌മീരിനെ മതാടിസ്ഥാനത്തിൽ മൂന്നായി മുറിക്കണമെന്നായിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു, മുസ്ലിം ആധിപത്യമുള്ള താഴ്‌വര, പിന്നെ ബുദ്ധമതക്കാർക്ക് നേരിയ ഭൂരിപക്ഷമുള്ള ലഡാക്കും.

മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മു കശ്‌മീരിന്റെ നിലനിൽപ്പുതന്നെ അവർക്ക് ചതുർഥിയായിരുന്നു. ആർഎസ്എസ്– ബിജെപിയുടെ സഹജ മുസ്ലിം വിരോധമാണ് അവരെ കശ്‌മീരിജനതയുടെ ഏത് ജനാധിപത്യാഭിലാഷത്തിനും എതിരാക്കി മാറ്റുന്നത്. 370––ാം വകുപ്പ് റദ്ദാക്കുന്നതിനുവേണ്ടി വാദിച്ചുകൊണ്ടിരുന്നപ്പോൾ, അവരുദ്ദേശിച്ചത് താഴ്‌‌വരയിലെ ജനങ്ങളെ ഭരണകൂട സുരക്ഷാസംവിധാനം വഴി അടിച്ചൊതുക്കണം എന്നാണ്. ആർഎസ്‌എസിനും മോഡി––ഷാ ദ്വന്ദ്വത്തിനും കശ്‌മീർ അഖണ്ഡഭാരതത്തിന്റെ അവിഭാജ്യ ഭൂഭാഗമാണ്. അതേയവസരം അവിടത്തെ ജനങ്ങളെ മുസ്ലിങ്ങളായതുകൊണ്ടുതന്നെ അന്യരായാണ് അവർ നോക്കിക്കണ്ടത്. ജമ്മുവിനും താഴ്‌വരയ്‌ക്കും ഇടയിൽ വർഗീയമായ വിഭജനം ഉണ്ടാക്കിയെടുക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ആർഎസ്‌എസും -ബിജെപിയും. 2014ൽ മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതോടെ, ഈ ശ്രമം പതിന്മടങ്ങ് വർധിച്ചു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി തീവ്രവാദികളോടൊപ്പം ചേരുന്നത് പ്രദേശത്തെ യുവാക്കളാണ്, അതും വർധിച്ചതോതിൽ. കൊല്ലപ്പെടുന്ന സുരക്ഷാഭടന്മാരുടെയും തീവ്രവാദികളുടെയും എണ്ണം നാൾക്കുനാൾ കൂടിക്കൂടിവരികയാണ്.

പാർലമെന്റിൽ കശ്‌മീരിന്റെ ഭരണഘടനാപദവിയിൽ മാറ്റം വരുത്തുന്ന ബിൽ കൊണ്ടുവരുന്നതിന് മുമ്പുതന്നെ വൻതോതിലുള്ള സുരക്ഷാ നീക്കമാണ്‌ ബിജെപി സർക്കാർ നടത്തിയത്‌. ഇതുവഴി അവിടത്തെ ജനതയോടുള്ള അവജ്ഞയാണ് സർക്കാർ പ്രകടിപ്പിച്ചത്. പതിനായിരക്കണക്കിന് കേന്ദ്ര സായുധ പൊലീസ്‌ സേനാംഗങ്ങളെയും പട്ടാളക്കാരെയുമാണ് കശ്‌മീരിൽ വിന്യസിച്ചത്. പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ തടവിലാണ്. അവിടെനിന്ന്‌ ഒരു വാർത്തയും പുറത്തുവരുന്നില്ല. ഇന്റർനെറ്റും മൊബൈൽ ഫോൺ സേവനവും നിർത്തിവച്ചു. അമർനാഥ് യാത്ര റദ്ദാക്കി തീർഥാടകരെ തിരിച്ചയച്ചു. കശ്‌മീർ ഒരു വലിയ തടവറയായി മാറിയിരിക്കുന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരു സംസ്ഥാനത്തെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്ന ബില്ലുമായി ബന്ധപ്പെട്ട്‌ അവിടത്തെ ജനങ്ങളെ ഇങ്ങനെയൊക്കെയാണ് കൈകാര്യംചെയ്യുന്നത്. 370––ാം വകുപ്പ് റദ്ദാക്കുന്നതിനുള്ള ന്യായമായി ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത് ഹിന്ദുത്വ ക്യാമ്പ് പറഞ്ഞുതഴഞ്ഞ പഴയ കാര്യങ്ങൾതന്നെയാണ്. ജമ്മു കശ്‌മീരിനെ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിന് തടസ്സംനിൽക്കുന്ന ഒന്നാണ് 370–-ാം വകുപ്പ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. കശ്‌മീർ ജനത സ്വമേധയാ ഇന്ത്യയിൽ ചേർന്നത് പിന്നീട് ആ വകുപ്പിന്റെ രൂപത്തിൽവന്ന ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്. ഈ ഭരണഘടനാപരിരക്ഷയാണ്, തങ്ങളുടെ ഭാവി ഇന്ത്യയിൽ ഭദ്രമാണെന്ന് അവർക്ക് ഉറപ്പ് നൽകിയത്. പക്ഷേ അമിത് ഷാ പറയുന്നത്, 370––ാം വകുപ്പ് വിഭജനവാദവും തീവ്രവാദവും വളർത്തുകയാണ് എന്നാണ്.

വസ്‌തുത നേരേമറിച്ചാണ്. 370––ാം വകുപ്പിലെ സ്വയംഭരണാവകാശം വെട്ടിക്കുറച്ചതും നിഷ്‌ഠുരമായ അടിച്ചമർത്തൽ നടത്തിയതുമാണ് അസംതൃപ്തിയും അന്യവൽക്കരണവും വളർത്തിയത്‌. പിന്നീട്‌ അതാണ്‌ വിഘടനവാദത്തിലേക്കും പാക്ക് സഹായവും പ്രോത്സാഹനവുമുള്ള ഭീകരവാദത്തിലേക്കും നയിച്ചത്‌. നിരാകരിക്കപ്പെട്ട സ്വയംഭരണാവകാശവും ജനാധിപത്യാവകാശങ്ങളും പുനഃസ്ഥാപിച്ചുകൊണ്ടുമാത്രമേ അന്യവൽക്കരിക്കപ്പെട്ട ജനതയെ തിരിച്ചുകൊണ്ടുവരാൻ ആകുമായിരുന്നുള്ളൂ.

സംസ്ഥാനത്തെ വികസനപിന്നോക്കാവസ്ഥയ്‌ക്കും സാമ്പത്തിക വികസനമില്ലായ്‌മയ്‌ക്കും കാരണമായി 370––ാം വകുപ്പിനെയാണ് അമിത് ഷാ കുറ്റപ്പെടുത്തിയത്. ഒരു രാഷ്‌ട്രീയപരിഹാരത്തിലെത്തിച്ചേരുകയും സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കുകയുംചെയ്യാതെ, അമിത് ഷാ അവകാശപ്പെട്ടതുപോലെ വികസനത്തിലും തൊഴിലിലും വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനാകും എന്ന് കരുതുന്നത്, ഒരു വൃഥാ സ്വപ്‌നം മാത്രമായിരിക്കും. അവസാനം, സംസ്ഥാനത്തെ വൻതോതിലുള്ള അഴിമതിക്കും പൊതുപണം ചോർന്നുപോകുന്നതിനും കാരണമായി അമിത്‌ ‌ഷാ കുറ്റപ്പെടുത്തിയത് 370––ാം വകുപ്പിനെയാണ്. ജമ്മു കശ്‌മീരിൽ അഴിമതി ഏറെയാണെന്നും ഭരണസംവിധാനംതന്നെ തകരാറിലാണെന്നുമുള്ളത് വാസ്‌തവമാണ്‌. പക്ഷേ, ഇത്തരമൊരവസ്ഥ സംജാതമാക്കുന്നത് ജനാധിപത്യപ്രക്രിയയുടെ അഭാവവും ഉത്തരവാദിത്തനിർണയത്തിന്റെ കുറവുമാണ്. ജമ്മു കശ്‌മീർ ഏറെക്കുറെ ഒരു പൊലീസ്‌ സ്‌റ്റേറ്റായി മാറിയിട്ട് ഏറെക്കാലമായി. ദീർഘകാലമായി (ആകെകൂടി പത്തു വർഷം) അത് കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. കേന്ദ്രീകൃതമായ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വവും സുരക്ഷാസംവിധാനവും ആരോടും ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയനേതൃത്വവുമാണ് യഥാർഥത്തിൽ സംസ്ഥാനത്ത്‌ അഴിമതി വർധിപ്പിച്ചത്‌.

ഭരണഘടനാപരമായ തട്ടിപ്പ്
ഭരണഘടനയ്‌ക്കെതിരെ മോഡി സർക്കാർ നടത്തിയ ഈ അട്ടിമറിയുടെ രീതി രാജ്യത്ത് നിലവിൽവന്ന ഏകാധിപത്യ ഭരണസമീപനത്തിന്റെ ഒത്ത ലക്ഷണമാണ്. 370––ാം വകുപ്പ് പ്രകാരമുള്ള പ്രസിഡന്റിന്റെ ഒരുത്തരവ് 367–-ാംവകുപ്പ് പുതുക്കിയെഴുതാനാണ് ഉപയോഗിക്കുന്നത്. എന്നിട്ട് അതിനെയാണ് 370––ാം വകുപ്പിന്റെ അന്തഃസത്ത ഇല്ലായ്‌മ ചെയ്യാൻ ഉപയോഗപ്പെടുത്തുന്നത്‌.

ഭരണകക്ഷിയുടെ തന്ത്രങ്ങൾക്കും മോഡി സർക്കാരിന്റെ ഭീഷണികൾക്കും എത്രമാത്രം ഫലമുണ്ടാക്കാനാകും എന്ന കാര്യമാണ് ബിജെഡി, വൈഎസ്ആർ കോൺഗ്രസ്‌, ടിഡിപി, ടിആർഎസ് തുടങ്ങിയ പ്രാദേശിക രാഷ്ട്രീയകക്ഷികൾ ഫെഡറൽ വിരുദ്ധ നടപടികൾക്കു പിന്നിൽ അണിനിരക്കുന്നതുവഴി വെളിപ്പെടുന്നത്. സ്വന്തം കാല് മുറിക്കാനായി മഴു രാകുന്നതുപോലെയാണത്. 370––ാം വകുപ്പ് നൽകുന്ന സ്വയംഭരണം വെട്ടിച്ചുരുക്കുന്നതിലെ ആദ്യ പ്രതി കോൺഗ്രസ് പാർടിയാണെങ്കിലും, ഇക്കാര്യത്തിൽ അതൊരു വിഭജിക്കപ്പെട്ട തറവാട് പോലെയായി, പ്രതികരിക്കാൻ കഴിയാത്ത മട്ടിലായി.

മുന്നിലുള്ളത് നീണ്ട പോരാട്ടം
പ്രസിഡന്റിന്റെ ഉത്തരവിനും പാസാക്കപ്പെട്ട ബില്ലുകൾക്കുമെതിരെ നിയമപരമായ അപ്പീലുകൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, കശ്‌മീർ ജനതയ്‌ക്ക് നൽകിയ ഉറപ്പ് തകർത്ത വഞ്ചനയ്‌ക്കെതിരെ നീണ്ട പോരാട്ടമാണ് മുന്നിലുള്ളത്. ഇത് കശ്‌മീരിനുവേണ്ടി മാത്രമുള്ളതല്ല, അത് ഇന്ത്യയിൽ ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനുള്ള പോരാട്ടമായിരിക്കും. ഭരണഘടനയുടെ 370–- -ാം വകുപ്പ് നൽകുന്ന സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനായി സിപിഐ എം എന്നും നിലകൊണ്ടിട്ടുണ്ട്. ഭരണഘടനാ വകുപ്പ്‌പ്രകാരമുള്ള സ്വയംഭരണാധികാരം വെട്ടിച്ചുരുക്കുന്നതിനെ എതിർത്തുപോന്നിട്ടുണ്ട്. ബിജെപി നിലപാടിന് എതിരായിക്കൊണ്ട് സിപിഐ എം എടുത്തുപോന്ന നിലപാട്, കശ്‌മീരിലെ മൂന്ന്‌ പ്രദേശങ്ങൾക്കും -ജമ്മുവിനും താഴ്‌വരയ്‌ക്കും -ലഡാക്കിനും പരമാവധി സ്വയംഭരണാവകാശം നൽകണം എന്നാണ്. തീവ്രവാദികളുടെ സായുധ ആക്രമണങ്ങളെയും അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരപ്രവർത്തനങ്ങളെയും കർശനമായി നേരിടാനുള്ള നടപടികൾ എടുക്കുന്നതോടൊപ്പം, സംസ്ഥാനത്തെ എല്ലാ തരത്തിലുംപെട്ട രാഷ്ട്രീയാഭിപ്രായങ്ങളിൽപെട്ടവരുമായി ഒരു രാഷ്ട്രീയചർച്ചയ്‌ക്ക് തയ്യാറാകണം എന്നതാണ് സിപിഐ എം നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News