വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് തലസ്ഥാന നഗരത്തിന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ മറുപടി; ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത് 400ലേറെ ടണ്‍ സാമഗ്രികള്‍; ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് സ്‌നേഹം കയറ്റിയയക്കുന്ന മേയര്‍ ബ്രോ താരമാകുന്നത് ഇങ്ങനെ

ദുരിതാബാധിതര്‍ക്ക് സ്‌നേഹവും കരുതലുമായി കൂടെ നില്‍ക്കുന്ന മേയര്‍ ബ്രോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം. തിരുവനന്തപുരം നഗരസഭാ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലുളള സംഘം ഇതിനോടകം 400 ലേറെ ടണ്‍ സാമഗ്രികളാണ് പ്രളയ ബാധിതര്‍ക്ക് എത്തിച്ച് നല്‍കിയത്. പ്രദേശിക വികാരം ഉയര്‍ത്തി കേരളത്തില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ മറുപടിയാണ് തലസ്ഥാനവാസികള്‍ നല്‍കുന്നത്.

ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് തലസ്ഥാന നഗരത്തിന്റെ കരുതല്‍ കയറ്റി അയക്കുന്ന സ്‌നേഹത്തിന്റെ വ്യാപാരിയാണ് തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. വികെ പ്രശാന്ത്. പ്രശാന്ത് ഇപ്പോള്‍ വെറും പ്രശാന്ത് അല്ല, മേയര്‍ ബ്രോയാണ്. തെക്കന്‍ എന്നും, വടക്കനെന്നും ചേരി തിരിഞ്ഞ് നിന്ന സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച തലസ്ഥാനത്തിന്റെ സ്വന്തം നഗരപിതാവ്.

മേയര്‍ ബ്രോയുടെ കൈയ്യൊപ്പ് പതിഞ്ഞ 30 ലേറെ ലോറി സാമഗ്രികള്‍ ഇതിനോടകം ദുരിതബാധിതര്‍ക്ക് എത്തി കഴിഞ്ഞു. ഗീന്‍ ആര്‍മി എന്ന തിരുവനന്തപുരം നഗരസഭയുടെ സ്വന്തം സൈന്യത്തിന്റെ സര്‍വ്വസൈന്യാധിപനാണ് ഈ ചെറുപ്പക്കാരന്‍. മഴക്കെടുതി നാശം വിതച്ച ആഗസ്റ്റ് 8 മുതല്‍ മേയര്‍ ബ്രോയുടെ സ്വന്തം സൈന്യം നഗരസഭയെ ക്യാമ്പ് ഓഫീസാക്കിയിരിക്കുകയാണ്.

രാപ്പകലില്ലാതെ 2000 ലേറെ യുവതി യുവാക്കളാണ് തങ്ങള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത നാടുകളിലേക്ക് പ്രളയ സഹായം എത്തിക്കാന്‍ കഷ്ടപെടുന്നത്. മേയര്‍ ബ്രോ തങ്ങളിലൊരാളാണെന്ന് വോളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫറും ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകനുമായ തോമസ് വര്‍ഗ്ഗീസ് സാക്ഷ്യപെടുത്തുന്നു.

മേയര്‍ ബ്രോയെ പറ്റി വോളണ്ടിയറായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നൂറ് നാക്കാണ്. രാത്രി ഒരു മണി വരെയും തങ്ങളോടൊപ്പം സാമഗ്രികള്‍ ചുമന്ന് ലോറിയില്‍ കയറ്റാന്‍ മേയര്‍ ബ്രോ ഉണ്ടാകുമെന്ന് വോളണ്ടിയര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. പ്രളയ സഹായവുമായി എത്തുന്നവര്‍ക്ക് റിവാര്‍ഡ് നല്‍കുന്നതും സാമഗ്രികള്‍ നേരിട്ടുപോയി ഏറ്റുവാങ്ങുന്നതും മേയര്‍ ബ്രോ തന്നെ.

തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ പോയിന്റിലെത്തിയ അന്തരാഷ്ട്ര വിദഗ്ദനായ മുരളി തുമ്മാരുകുടിക്കും മേയറെപറ്റി നല്ലതെ പറയാനുളളു. മേയറുടെ പ്രവര്‍ത്തനം മൂലം തെക്കനെന്നും വടക്കനെന്നുമുള്ള വേര്‍തിരിവ് ഇല്ലാതായതായും അദ്ദേഹം സാക്ഷ്യപ്പെടുത്തി. എന്നാല്‍ താന്‍ ചെയ്യുന്നത് തന്റെ കടമ മാത്രമെന്നാണ് മേയറുടെ പക്ഷം. ഓഖിയിലും മറ്റും തലസ്ഥാനവാസികളെ സഹായിച്ച സുമനസുകളെ തിരിച്ചു സഹായിക്കാനുള്ള ഒരവസരമായി മാത്രമെ താന്‍ ഇതിനെ കാണുന്നുള്ളുവെന്നും അഡ്വ. വി കെ പ്രശാന്ത് കൈരളി ന്യൂസിനോട് പറഞ്ഞു.

രാപകലില്ലാതെ അദ്ധ്വാനിക്കുന്ന ഒരു സംഘം ചെറുപ്പകാര്‍ക്ക് നേതൃത്വം നല്‍കുന്ന മേയര്‍ ബ്രോയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും തരംഗം സൃഷ്ടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here