മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15 സെന്റ് ഭൂമി വിട്ടു നൽകാനാണ് വടകര സ്വദേശി പി.പി പ്രഭാകരന്റെ തീരുമാനം.

ദുഷ്പ്രചരണങ്ങൾ തള്ളി, നന്മ വറ്റാത്ത സുമനസ്സുകളുടെ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവഹിക്കുകയാണ്. മഴക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നാണ് വടകര കീഴല്‍ സ്വദേശി പി പി പ്രഭാകരന്റെ കുടുംബം 15 സെന്റ് സ്ഥലം വിട്ടു നൽകുന്നത്. പ്രഭാകരൻ അധ്യാപക ജോലിയില്‍ നിന്നു വിരമിച്ച ശേഷം വീടിനടുത്ത് വാങ്ങിയ 25 സെന്റ് സ്ഥലത്തിൽ നിന്നാണ് 15 സെന്റ് പ്രളയ പുനരധിവാസത്തിനായി നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന പ്രചരണത്തിനുള്ള മറുപടിയാണിതെന്ന് പി പി പ്രഭാകരൻ പറയുന്നു.

സന്തോഷത്തേടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഭാര്യ ശാലിനി പറഞ്ഞു. സമ്പാദ്യത്തില്‍ നിന്ന് 15 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായ ഇവർക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ. സാംസ്കാരിക രംഗത്ത് സജീവമായ പി പി പ്രഭാകരൻ സി പി ഐ (എം) മേമുണ്ട ലോക്കല്‍ കമ്മിറ്റി അംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here