വീണ്ടും കോഹ്ലി സെഞ്ച്വറി; ഇന്ത്യയ്ക്ക് ജയവും പരമ്പരയും

മഴ കളിച്ച പോര്‍ട്ട് ഓഫ് സ്‌പെയിന്‍ ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് നേടി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുയെ ജയം. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ വിജയത്തിന് മിഴിവേകിയത്.

ഇടയ്ക്കിടെ മഴ എത്തിനോക്കിയ മല്‍സരം 35 ഓവറാക്കി ചുരുക്കിയതോടെ വിന്‍ഡീസ് നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ്. മഴനിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 35 ഓവറില്‍ 255 റണ്‍സായി പുനര്‍നിര്‍ണയിച്ചെങ്കിലും 15 പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ അനായാസം  ലക്ഷ്യത്തിലെത്തി.

ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ ഒന്‍പതാം പരമ്പര ജയമാണിത്. ട്വന്റി-20 പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെയാണ് ഏകദിനത്തിലും ഇന്ത്യ വിജയക്കൊടി പാറിച്ചത്.

മൂന്നാം ഏകദിനത്തിലെ സെഞ്ച്വറിയോടെ കോഹ്ലിയുടെ ഏകദിന സെഞ്ച്വറികളുടെ എണ്ണം 43 ആയി. ഇതോടെ, വിന്‍ഡീസ് മണ്ണില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന സന്ദര്‍ശക ബാറ്റ്‌സ്മാനുമായി കോഹ്ലി. നാലാം സെഞ്ച്വറി കുറിച്ച കോലി ഹാഷിം അംല, മാത്യു ഹെയ്ഡന്‍, ജോ റൂട്ട് എന്നിവരുടെ പേരിലുള്ള റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.

ഒരു ടീമിനെതിരെ കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പവും കോഹ്ലിയെത്തി. ഓസീസിനെതിരെ സച്ചിനും വിന്‍ഡീസിനെതിരെ കോഹ്ലിക്കും ഒന്‍പത് സെഞ്ച്വറി വീതമുണ്ട്. സച്ചിന്റെ 49 സെഞ്ച്വറികളെന്ന റെക്കോഡ് മറികടക്കാന്‍ ഇനി കോഹ്ലിക്ക് വേണ്ടത് ഏഴ് സെഞ്ച്വറികള്‍ കൂടി മാത്രമാണ്.

99 പന്തില്‍ നിന്ന് 114 റണ്‍സുമായി പുറത്താകാതെ നിന്നാണ് കോഹ്ലി ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. ലോകകപ്പിന് ശേഷം മികച്ച കൂട്ടുകെട്ട് കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ കോഹ്ലി ക്രീസിലെത്തി. 10 റണ്ണെടുത്ത രോഹിത് ശര്‍മ റണ്ണൗട്ടായി. രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് കോഹ്ലി-ധവാന്‍ സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടു. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 61 റണ്‍സ്. 36 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 36 റണ്‍സെടുത്ത ധവാനെ കീമോ പോളിന്റെ കൈകളിലെത്തിച്ച് ഫാബിയന്‍ അലനാണ് കൂട്ടുകെട്ട് പൊളിച്ചത്.

നാലാമനായത്തെത്തിയ ഋഷഭ് പന്ത് ഗോള്‍ഡന്‍ ഡക്കോടെ നിരാശപ്പെടുത്തി. ലോകകപ്പിന് ശേഷം ടീമില്‍ തന്റെ സാന്നിധ്യമുറപ്പിച്ച ശ്രേയസ് അയ്യര്‍, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറിയൊടെ ക്യാപ്റ്റനൊത്ത പങ്കാളിയായി. 41 പന്തില്‍ മൂന്നു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം അയ്യര്‍ അടിച്ചെടുത്തത് 65 റണ്‍സ്.

കരിയറിലെ നാലാം അര്‍ധസെഞ്ചുറി. നാലാം വിക്കറ്റില്‍ കോഹ്ലി-അയ്യര്‍ സഖ്യം തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തു. വിജയത്തിനരികെ അയ്യര്‍ വീണെങ്കിലും കേദാര്‍ ജാദവിനെ  കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ, ക്രിസ് ഗെയിലിന്റെ ബാറ്റിങ്ങ് വെടിക്കെട്ടിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലേക്കെത്തിയത്. ഗെയിലും െവിന്‍ ലൂയിസും തകര്‍ത്തടിച്ചതോടെ 10 ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് 114 റണ്‍സ്.

വിന്‍ഡീസ് സ്‌കോര്‍ 500 കടക്കുമെന്ന ഘട്ടത്തില്‍ മഴയെത്തിയതോടെ റണ്‍റേറ്റ് കുറഞ്ഞു. 41 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സറുമടക്കം 71 റണ്‍സെടുത്ത ഗെയിലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ കോഹ്ലി പിടിച്ച് പുറത്താക്കി. അന്‍പത്തിനാലാം അര്‍ധ സെഞ്ച്വറി കുറിച്ച ഗെയിലിന്റെ അവസാന ഏകദിനമായിരുന്നിരിക്കാം ഇത്.

ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റെടുത്തെങ്കിലും ഏഴ് ഓവറില്‍ 68 റണ്‍സ് വഴങ്ങി. മുഹമ്മദ് ഷമി ഏഴ് ഓവറില്‍ 50 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അഞ്ച് ഓവറില്‍ 48 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റൊന്നും കിട്ടിയുമില്ല. അതേസമയം, ഭേദപ്പെട്ടുനിന്നത് സ്പിന്നര്‍മാരാണ്.

യുസ്‌വേന്ദ്ര ചെഹല്‍ ഏഴ് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും രവീന്ദ്ര ജഡേജ അഞ്ച് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. കേദാര്‍ ജാദവിന് വിക്കറ്റ് കിട്ടിയില്ലെങ്കിലും നാല് ഓവറില്‍ വഴങ്ങിയത് 13 റണ്‍സ് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News