മനുഷ്യന്റെ ഐക്യമാണ് നമ്മുടെ ശക്തി; ദുരന്ത മുഖത്തു തെളിഞ്ഞു നില്‍ക്കുന്ന ആ ശക്തി നമ്മുടെ നാടിന്റെ പ്രത്യാശ തന്നെയാണ്

കാലവര്‍ഷം മനുഷ്യ ജീവിതത്തെ തല്ലിത്തകര്‍ത്തു പെയ്യുമ്പോള്‍ ഒന്നും തിരിച്ചുപിടിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയില്‍ നിസ്സംഗരായിരിക്കുകയല്ല മലയാളികള്‍. അതിജീവനത്തിന്റെ എല്ലാ സാധ്യതകളും നാം ഉപയോഗിക്കുന്നു.

അതിന് മുന്നില്‍ നമുക്ക് ഒന്നും തടസ്സങ്ങളാകുന്നില്ല. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുകളും പ്രളയവും അസാധാരണമായ കെടുതികളാണ് ഇത്തവണ അവശേഷിപ്പിച്ചത്. അതിനെ നേരിടാന്‍ നാടാകെ യോജിച്ചണിനിരന്നു.

വിദ്യാലയങ്ങള്‍ക്കൊപ്പം ദുരിത ബാധിതര്‍ക്ക് ശരണ കേന്ദ്രങ്ങളായത് ആരാധനാലയങ്ങളുമാണ്. ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രൈസ്തവനെന്നോ വ്യത്യാസമില്ലാതെ ആരാധനാലയങ്ങള്‍ ജനങ്ങളെ സ്വീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് നിലമ്പുര്‍ പോത്തുകല്ല് മഹല്ല് കമ്മിറ്റിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു നിസ്‌കാര സ്ഥലം ഉള്‍പ്പെടെ പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി വിട്ടു നല്‍കി. മദ്രസയിലെ ബെഞ്ചും ഡെസ്‌കുകളും വിട്ടുകൊടുത്തു. അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്.

കേരളത്തിന്റെ മതനിരപേക്ഷ കൂട്ടായ്മയുടെയും മനുഷ്യത്വത്തിന്റെയും അനേകം അനുഭവങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിലും ആരാധനാലയങ്ങള്‍ അഭയകേന്ദ്രങ്ങളാകുന്നത് നാം കണ്ടിരുന്നു. ദിവസങ്ങളോളം നാനാ ജാതി മതസ്ഥരെ താമസിപ്പിക്കാനും അവര്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കാനും ആരാധനാലയ നടത്തിപ്പുകാര്‍ തയാറായി.

കേരളത്തിന്റെ മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹിക ജീവിതത്തിനും മതനിരപേക്ഷ പാരമ്പര്യത്തിനും നേര്‍സാക്ഷ്യങ്ങളായാണ് ഈ ആരാധനാലയങ്ങള്‍ നിലകൊണ്ടത്. അവിടെ ഒരു തരത്തിലുമുള്ള വിദ്വേഷമോ വേര്‍തിരിവോ പ്രകടമായില്ല.

പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുന്നവരും കിടപ്പാടമടക്കം എല്ലാം നഷ്ടപ്പെട്ടവരും ജീവിത സ്വപ്നങ്ങള്‍ക്ക് ഭംഗം വന്നവരും ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയുള്ളവരുമൊക്കെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിപ്പെട്ടത്. ഭക്ഷണവും പരിചരണവും പ്രാഥമിക സൗകര്യങ്ങളും അവിടെ ലഭിക്കുന്നുണ്ടെങ്കിലും നൈരാശ്യവും അരക്ഷിത ബോധവും അവരെ നയിക്കുന്നത് സ്വാഭാവികമാണ്.

അത്തരം അവസ്ഥയില്‍ ആ മനുഷ്യര്‍ക്ക് പ്രത്യാശ പകര്‍ന്നു നല്‍കുന്നതിനുള്ള ദൗത്യവും ആരാധനാലയങ്ങളോടനുബന്ധിച്ച് ഒരുക്കാന്‍ ശ്രമം നടന്നിരുന്നു. അതിന് കൂട്ട പ്രാര്‍ത്ഥനകളടക്കം സംഘടിപ്പിച്ചു. എല്ലാ മതത്തിലും പെട്ടവര്‍ അത്തരം പ്രാര്‍ത്ഥനകളില്‍ പങ്കാളികളായി. എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതിനും അവര്‍ക്ക് ശാന്തി പ്രദാനം ചെയ്യുന്നതിനുമുള്ള ഉദ്യമങ്ങളാണുണ്ടായത്.

മനുഷ്യന്റെ ഐക്യമാണ് നമ്മുടെ ശക്തി. ഈ ദുരന്ത മുഖത്തു തെളിഞ്ഞു നില്‍ക്കുന്ന ആ ശക്തി നമ്മുടെ നാടിന്റെ പ്രത്യാശ തന്നെയാണ്. ഒരു തരത്തിലുള്ള വിധ്വംസക പ്രവണതകള്‍ക്കും നമ്മെ കീഴടക്കാനാവില്ല എന്ന ഉറപ്പാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here