ജമ്മു കശ്മീർ വിഷയം; ഹർജികളിൽ പിഴവുകളെന്ന് സുപ്രീം കോടതി

ജമ്മു കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹര്ജികളിൽ പിഴവുകളെന്ന് സുപ്രീം കോടതി. ഗൗരവമേറിയ വിഷയത്തിൽ ഇത്തരം ഹർജികൾ എങ്ങനെ ഫയൽ ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയി ചോദിച്ചു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും അടുത്ത ആഴ്ച ഒരുമിച്ച് പരിഗണിക്കും. സുരക്ഷാ ഏജൻസികളെ വിശ്വസത്തിൽ എടുക്കണം എന്ന് നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാർ മറുപടി നൽകി.

പ്രത്യേക പദവി എടുത്ത് കളഞ്ഞ രാഷ്ട്രപതിയുടെ വിജ്ഞാപനം ചോദ്യം ചെയ്ത് അഭിഭാഷകൻ എം എൽ ശർമ നൽകിയ ഹർജി പരിഗണിക്കവെയാണ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഹര്ജികളിൽ പിഴവുകളുണ്ടെന്ന സുപ്രീം കോടതിയുടെ വിമർശനം. അര മണിക്കൂർ വായിച്ചിട്ടും എം എൽ ശർമയുടെ ഹർജി മനസിലായില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയി ഹർജി തള്ളാത്തത് മറ്റ് ഹര്ജികളെയും ബാധിക്കുന്നതിനാൽ ആണെന്നും വ്യക്തമാക്കി. മറ്റ് ഹർജികളുടെ അവസ്ഥയും ചീഫ് ജസ്റ്റിസ് രജിസ്ട്രിയോട് ആരാഞ്ഞു.

6 ഹര്ജികളിൽ 2 എണ്ണത്തിന്റെ പിഴവുകൾ മാത്രമാണ് ഇതുവരെ തിരുത്തിയതെന്ന് രജിസ്ട്രി അറിയിച്ചു. ഇത്ര ഗൗരവമേറിയ വിഷയത്തിൽ പിഴവുകൾ ഉള്ള ഹർജികൾ എങ്ങനെ ഫയൽ ചെയ്യുന്നുവെന്നും കോടതി ചോദിച്ചു. ഹർജി തിരുത്താൻ എംഎൽ ശർമയ്ക്ക് കോടതി പിന്നീട് അനുമതി നൽകി. മാധ്യമ നിയന്ത്രത്തിനെതിരായ കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്ററുടെ ഹർജിയും ഇന്ന് കോടതിയിലെത്തി. ഫോൺ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഇന്ന് വൈകുന്നേരത്തോടെ നീങ്ങുമെന്നാണ് വാർത്തകൾ. അതിനാൽ ഹർജി കുറച്ച് കഴിഞ്ഞ് കേൾക്കാമെന്ന് കോടതി പറഞ്ഞു.

എന്നാൽ മാധ്യമ പ്രവർത്തകരെ സുരക്ഷാ ജീവനക്കാർ തടയുന്ന കാര്യം ഹർജിക്കാരിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. സുരക്ഷാ ഏജൻസികളെ വിശ്വസത്തിൽ എടുക്കണമെന്നായിരുന്നു ഇതിന് കേന്ദ്ര സർക്കാരിന്റെ മറുപടി. ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റിയ കോടതി ബാക്കി 4 ഹർജികൾ അടക്കം അടുത്തയാഴ്ച ഒരുമിച്ച് കേൾക്കും. പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ, വിവിധ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ എന്നിവയാണ് സുപ്രീം കോടതി പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News