ശബരിമല നട തുറന്നു; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു.ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ അഗ്‌നിപകര്‍ന്നതോടെയായിരുന്നു, ഇരുമുടി കെട്ടേന്തി ശരണം വിളികളുമായി കാത്തുനിന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിച്ചുള്ളൂ.നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.ചിങ്ങം ഒന്നായ 17.8.19 ന് പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറക്കും.

തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടക്കും.5.15 ന് മഹാഗണപതി ഹോമം. രാവിലെ 7.30 ന് ഉഷപൂജ. തുടര്‍ന്ന് ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. നട തുറന്ന ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എന്‍.വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം.ഹര്‍ഷന്‍ എന്നിവര്‍ ദര്‍ശനം നടത്തി.

ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവയുണ്ടാകും.ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21.8.19 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും.ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി 9.9.19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതിരുനട തുറക്കും.13.9.19 ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News