മഹാരാഷ്ട്രയിലെ പ്രളയ ദുരിത കാഴ്ചകൾ ഹൃദയഭേദകം

കോലാപ്പൂർ : മുംബൈ കേരളാ ഹൗസിൽ നിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട പതിനാലംഗ സംഘം ഇന്ന് രാവിലെ കോലാപൂരിലെത്തുമ്പോൾ ഉൾഗ്രാമങ്ങളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമെന്നാണ് വിവരിച്ചത്. രാവിലെ കോലാപൂരിലെ സൈനിക കേന്ദ്രം ആസ്ഥാനമാക്കിയുള്ള പ്രധാന ദുരിതാശ്വാസ ക്യാമ്പിൽ ജില്ലാ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥ സംഘമാണ് മുംബൈ മലയാളികളുടെ സഹായ ഹസ്തങ്ങൾ ഏറ്റു വാങ്ങിയത്.

മുംബൈയിൽ നിന്നും കേരളീയ കേന്ദ്ര സംഘത്തിന്റെ ജനറൽ സെക്രട്ടറി മാത്യു തോമസിന്റെ നേതൃത്വത്തിലുള്ള 14 പേരടങ്ങുന്ന ടീമാണ് ഇന്ന് രാവിലെ സാധന സമഗ്രകികളുമായി ക്യാമ്പിലെത്തിയത്. മാത്യു തോമസിനോടൊപ്പം ശശികുമാർ നായർ, ജി എസ് പിള്ള, സിബി സത്യൻ, പി പി അശോകൻ, വത്സൻ മൂർക്കോത്ത്, വി കെ രാജൻ, ആശിഷ് എബ്രഹാം, ദിനേശ് പൊതുവാൾ, സിന്ധു നായർ, രഞ്ജിത്ത്, സുനീപ്, നവീൻ, അനീഷ് എന്നിവരാണ് അനുഗമിച്ചത്.

പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ച പ്രദേശങ്ങളായ ജാദവ് വാഡി , രാജീവ് ഗാന്ധി നഗർ, ടോൾ നാക , അമ്പാടി നഗർ, തുടങ്ങിയ ഉൾഗ്രാമങ്ങളിലും മലയാളി സംഘം സന്ദർശിച്ചു സഹായങ്ങൾ കൈമാറി. സർവ്വതും നഷ്ടപ്പെട്ട നിരാലംബരായ ഒരു കൂട്ടം ഗ്രാമവാസികളെയാണ് ഇവിടെ കാണുവാനായത്. പൊട്ടി കരഞ്ഞു കൊണ്ടാണ് മലയാളികൾ നൽകിയ സഹായങ്ങൾ ഇവരെല്ലാം ഏറ്റു വാങ്ങിയത്.

ഗണേശോത്സവത്തിനായി ഗണപതി വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതിന് പേര് കേട്ട ഒരു പ്രദേശമാണ് മുഴുവനായും പ്രളയം വിഴുങ്ങിയത്. ഗണപതി വിഗ്രഹങ്ങൾ ഉണ്ടാക്കി ഉപജീവനം നടത്തിയിരുന്നവരാണ് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും പേറി പ്രകൃതിയുടെ വികൃതിക്ക് മുൻപിൽ പകച്ചു പോയത്. പണി പൂർത്തിയാക്കിയ വിഗ്രഹളും പന്തലുമടക്കം പ്രളയത്തിൽ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഇവർ സ്ഥലം സന്ദർശിച്ച മലയാളികളോട് പങ്കു വച്ചത്. ദൈവം പോലും കൈവെടിഞ്ഞ നിഷ്കളങ്ക മനുഷ്യർ ആഴ്ചകളായി വെള്ളവും റേഷനുമില്ലാതെ കഷ്ടപ്പെടുന്നത് മഴക്കെടുതിയുടെ ദുഃഖ ചിത്രങ്ങളാണ് പകർന്നാടിയത്.

ഉറ്റവരേയും വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന നിഷ്കളങ്ക ജന്മങ്ങൾ. പ്രളയം ബാക്കി വച്ച കുന്നുകൂടിയ മാലിന്യങ്ങൾക്കിടയിൽ ജീവന്റെ സ്പന്ദനം തിരയുന്നവർ. പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുട്ടികൾ. കരയാൻ കണ്ണീരു പോലും ബാക്കിയില്ലാത്ത ഒരു തീരാവേദനയുടെ ബാക്കിപത്രമായ് ഗ്രാമീണ ജനത കൂപ്പുകൈകളോടെ മുംബൈയിൽ നിന്നെത്തിയ കാരുണ്യത്തെ ഏറ്റുവാങ്ങി. അവരുടെ കണ്ണുകളിൽ അപ്പോൾ അവശേഷിച്ച പ്രതീക്ഷകളുടെ തിളക്കമായിരുന്നു.

ഭാഷയും ജാതിയും സംസ്കാരവും അതിരുകൾ തീർക്കാത്ത മനുഷ്യത്വത്തിന്റെ ദേവരൂപങ്ങളായി മുംബൈയിൽ നിന്നെത്തിയ മലയാളി സംഘം അവരുടെ കണ്ണീർ പെയ്ത്തിൽ സാന്ത്വനമായി അവതരിച്ചു. അവരുടെ മുന്നിൽ നാളെയുടെ പ്രകാശ രേണുക്കളായി. അത് ഗ്രാമത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് ജീവവായുവായി.

ഇന്നലെ രാത്രി കേരളാ ഹൌസിൽ നിന്നും ഏകദേശം അയ്യരത്തിലധികം കിറ്റുകളാണ് കൊൽഹാപ്പൂർ സാംഗ്ലി എന്നീ പ്രളയബാധിത പ്രദേശങ്ങളിലെക്കായി മുംബൈ മലയാളികൾ കയറ്റി അയച്ചത്. മുംബൈയിലെ മലയാളി സമാജങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ കൂട്ടായ്മകൾ , വിദ്യാർത്ഥികൾ, കൂടാതെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സേവകരുമടങ്ങുന്ന ഇരുനൂറിലധികം പേരുടെ രാപ്പകൽ അദ്ധ്വാനത്തിന്റെ ചാരിതാർഥ്യമാണ് ഗ്രാമവാസികളുടെ കണ്ണുകളിൽ വിടർന്ന പ്രതീക്ഷയുടെ മുകുളങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News