ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

ജമ്മു കാശ്‌മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം. ഈ മാസം 20-ന്‌ വൈകിട്ട്‌ 4.30ന്‌ എ.കെ ജി പഠന ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സെമിനാറിലാണ് യെച്ചൂരിയുടെ പ്രഭാഷണം. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, എ.വിജയരാഘവന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

മോദി സര്‍ക്കാര്‍ ഭരണഘടനയുടെ 370-ാം വകുപ്പ്‌ റദ്ദാക്കിയതും ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കി വിഭജിച്ചതും ഇന്ത്യയുടെ ജനാധിപത്യക്രമത്തിനേറ്റ കനത്ത പ്രഹരമാണ്‌. പാകിസ്ഥാനില്‍ നിന്നുള്ള അധിനിവേശക്കാരെ ചെറുത്താണ്‌ കാശ്‌മീര്‍ ജനത ഇന്ത്യയില്‍ ചേര്‍ന്നത്‌. അന്ന്‌ ഇന്ത്യന്‍ ഭരണകൂടം അവര്‍ക്ക്‌ പ്രത്യേക പദവിയും സ്വയംഭരണവും വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതാണ്‌ 370-ാം വകുപ്പിന്റെ അടിസ്ഥാനം. ഈ വാഗ്‌ദാനത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോയിക്കൊണ്ട്‌ മോദി സര്‍ക്കാര്‍ ജമ്മു കാശ്‌മീരിലെ ജനതയെ വഞ്ചിച്ചിരിക്കുകയാണ്‌.
സ്വേഛാപരമായ ഈ നടപടിയുടെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം അറസ്റ്റ്‌ ചെയ്യുകയും പതിനായിരക്കണക്കിന്‌ സൈനികരെ അവിടെ വിന്യസിക്കുകയും വാര്‍ത്താവിനിമയസൗകര്യങ്ങള്‍ വിഛേദിക്കുകയും ചെയ്‌തു. ഇതിനു പുറമേ ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരവും തടഞ്ഞിരിക്കുകയാണ്‌. ജനാധിപത്യമൂല്യങ്ങളോടും ജനങ്ങളുടെ സമ്മതിയോടുമുള്ള മോദി സര്‍ക്കാരിന്റെ അവഗണനയാണ്‌ ഇതിലൂടെ പ്രകടമാകുന്നത്‌.

ഇന്ത്യയുടെ ഐക്യം അതിന്റെ വൈവിദ്ധ്യത്തിലാണെന്നത്‌ പരക്കെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്‌. എന്നാല്‍ ബി.ജെ.പി – ആര്‍.എസ്‌.എസ്‌ ഭരണാധികാരികള്‍ രാജ്യത്തിന്റെ വൈവിദ്ധ്യവും ഫെഡറല്‍ തത്വങ്ങളും അംഗീകരിക്കുന്നില്ല. ജമ്മുകാശ്‌മീരിനെ അധിനിവേശപ്രദേശമായാണ്‌ അവര്‍ കണക്കാക്കുന്നത്‌. ഭരണഘടനയെ ചവിട്ടിമെതിച്ചു കൊണ്ട്‌ അവര്‍ ജമ്മു കാശ്‌മീരിനെയും ലഡാക്കിനെയും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയിരിക്കുന്നു.

ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്‌ എന്ന സങ്കല്‍പ്പനത്തിനും ദേശീയ ഐക്യത്തിനുമെതിരായ ഏറ്റവും വലിയ ആക്രമണമാണിത്‌. സര്‍ക്കാര്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ വാഗ്‌ദാനം ചെയ്‌തിരുന്നതു പോലെ ഇന്ത്യയുടെ മറ്റ്‌ ഭാഗങ്ങളുമായുള്ള ജമ്മു കാശ്‌മീര്‍ ജനതയുടെ ബന്ധം ശക്തമാക്കേണ്ടത്‌ എല്ലാ വിഭാഗക്കാരുമായുള്ള രാഷ്‌ട്രീയ സംവാദ പ്രക്രിയയിലൂടെയായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ ഏകപക്ഷീയമായ നടപടി കാശ്‌മീര്‍ ജനതയുടെ അന്യവത്‌കരണത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. ഇന്ത്യയുടെ ഐക്യത്തിനും അഖണ്‌ഡതയ്‌ക്കും ഇത്‌ ഹാനികരമാണ്‌. ഇത്‌ ജമ്മു കാശ്‌മീരില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന വിഷയമല്ല. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ഭരണഘടനക്ക്‌ തന്നെയും എതിരായ ആക്രമണമാണിത്‌.
ജമ്മു കാശ്‌മീര്‍ ജനതയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ഭരണഘടനക്കും ഫെഡറലിസത്തിനും നേരേയുള്ള ആക്രമണത്തെ ചെറുക്കുന്നതിനായി ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്‌.

ഈ സാഹചര്യത്തില്‍ ജമ്മു കാശ്‌മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എ.കെ.ജി. പഠനഗവേഷണകേന്ദ്രം 2019 ആഗസ്റ്റ്‌ 20-ന്‌ വൈകിട്ട്‌ 4.30ന്‌ ഒരു പ്രഭാഷണം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത്‌ എ.കെ.ജി ഹാളില്‍ നടക്കുന്ന പ്രഭാഷണം സ.സീതാറാം യച്ചൂരി ഉദ്‌ഘാടനം ചെയ്യും. സ. പിണറായി വിജയന്‍, സ. കോടിയേരി ബാലകൃഷ്‌ണന്‍, സ.എ.വിജയരാഘവന്‍, സ.ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News