ചായക്കടക്കാരൻ കുഞ്ഞിക്കയുടെ നല്ല മധുരമുള്ള സംഭാവന, ദുരിതാശ്വാസ നിധിയിലേക്ക് കുഞ്ഞിക്ക നൽകിയത് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ

തന്റെ ചെറിയ ചായക്കടയിൽ നിന്നുള്ള പത്ത് മാസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് തൃശൂർ ചാവക്കാട് അഞ്ചങ്ങാടിയിലെ ചായക്കടക്കാരൻ സി.കെ മൊയ്ദീൻ കുഞ്ഞെന്ന നാട്ടുകാരുടെ സ്വന്തം ‘കുഞ്ഞിക്ക’. പത്തുമാസം കൊണ്ട് സ്വരൂപിച്ച ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് കുഞ്ഞിക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.

ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ ‘ഫരീദ’ എന്ന പേരിൽ ചായക്കട നടത്തുകയാണ്’കുഞ്ഞിക്ക. 2018ലെ പ്രളയ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സാലറി ചലഞ്ചിന് ആഹ്വാനം ചെയ്തപ്പോഴാണ് നൽകാൻ സാലറിയില്ലാത്ത കുഞ്ഞിക്ക അഞ്ചങ്ങാടിയിലെ തന്റെ ചായക്കടയിൽ ദുരിതാശ്വാധനിധിയിലേക്ക് സംഭാവന നൽകുക എന്ന ബോർഡ് അടക്കം ഒരു പണം നിക്ഷേപിക്കാനുള്ള പെട്ടി സ്ഥാപിച്ചത്. തുടർന്ന് ഓരോ മാസവും ഒരു ദിവസത്തെ കടയിലെ വരുമാനം കുഞ്ഞിക്ക പെട്ടിയിൽ നിക്ഷേപിച്ചു. ചായക്കടയിലെത്തുന്നവരും ഈ പെട്ടിയിൽ ചില്ലറകൾ നിക്ഷേപിച്ചതോടെ പത്തുമാസം കൊണ്ട് തുക ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിൽ എത്തി. ഈ തുകയാണ് കുഞ്ഞിക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് കുഞ്ഞിക്കയിൽ നിന്നും ഈ തുക ഏറ്റുവാങ്ങി. ഇനിയും തന്റെ സഹായ പ്രവർത്തികൾ തുടരുമെന്ന് പറയുന്ന കുഞ്ഞിക്കയുടെ അടുത്ത ലക്ഷ്യം തന്റെ ചുറ്റുമുള്ള നിർദ്ധന കുടുംബങ്ങളെ സഹായിക്കുക എന്നതാണ്. ഇത്തവണ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ കൂടാതെ കഴിഞ്ഞ വർഷം 32000 രൂപയും കുഞ്ഞിക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News