ഭൂമി ഒന്നു കുലുങ്ങിയാൽ എല്ലാം തീരില്ലേ?; തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

മാധ്യമ പ്രവർത്തകർ സമാഹരിച്ച സാധനങ്ങളുടെ ലോഡുമായി നിലമ്പൂരിലെത്തിയ തിരക്കഥാകൃത്ത് സജീവ് പാഴൂർ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

“നിലമ്പൂരിലെ പച്ചപ്പ് മാത്രമാണ് ഓർമയിലുണ്ടായിരുന്നത്. പക്ഷെ , ഇന്നലെ കണ്ടത് ചെളി നിറഞ്ഞ, പൊടിപടലം ഉയർന്നു പൊങ്ങുന്ന നിലമ്പൂരാണ്. അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയാണ് എവിടെയും. സത്യം പറഞ്ഞാ വിശ്വസിക്കുവോ സിനിമക്കായി കേരളത്തിലെ മുഴുവൻ പാലങ്ങളും പരത്തുന്ന കൂട്ടത്തിൽ നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ പാലത്തിന്റെ പടം വിഷ്ണു Vishnu N Venugopal അയച്ചു തന്നിരുന്നു. ഇതിലും നല്ലൊരു പാലവും ദേശവും വേറെ കിട്ടില്ലെന്ന് അവൻ പ്രമോഷനും നടത്തി. ഫോട്ടോ അല്ലാതെ പാലവും പ്രദേശവും അന്ന് നേരിൽ കണ്ടതുമില്ല. പക്ഷെ, ഇന്നലെ കണ്ടു. കാണണ്ടായിരുന്നു എന്ന് തോന്നുന്ന കോലത്തിൽ . തിരുവനന്തപുരത്തെ മാധ്യമ സുഹൃത്തുക്കൾ ശേഖരിച്ച ആറ് ലോഡ്‌ സ്നേഹത്തിൽ അവസാനത്തെ മൂന്ന് നിറലോഡുമായി നിലമ്പൂരിൽ എത്തിയപ്പോൾ. അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയാണ് എങ്ങും. നിറം മങ്ങിയ ഭൂമിയിൽ നിരാശരായ മനുഷ്യരുടെ പ്രകാശമില്ലാത്ത മുഖങ്ങൾ അവിടവിടെ.. ഒപ്പം, പ്രതീക്ഷയോടെ അവർക്കായി പ്രവർത്തിക്കുന്ന നൂറ് കണക്കിന് മനുഷ്യർ വേറെ .

ആദ്യ കാഴ്ച

പോത്തുകല്ല് പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് വാഹനം കയറുന്നതിന് നേരെ എതിരെ ഒരു സൂപ്പർമാർക്കറ്റ്. പീപ്പിൾസ് ഫ്രീ സൂപ്പർമാർക്കറ്റ്. ദുരന്തബാധിതർക്ക് അവർക്ക് യോജിക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗജന്യ സംവിധാനം.

2) ബസ്സ് സ്റ്റാൻഡിലെ കടമുറികൾ വലിയ ഗോഡൗണുകളാണിപ്പോൾ. 4000 കുടുംബങ്ങളുടെ പുനരധിവാസത്തിന് പല ദേശത്തു നിന്നായി എത്തുന്ന സാമഗ്രികൾ ശേഖരിക്കുന്ന ഇടം. രാപകലില്ലാതെ ഇത് സ്വീകരിക്കാനും സൂക്ഷിക്കാനും സന്നദ്ധരായവരുടെ വലിയ സംഘം അവിടെ.

3) സന്നദ്ധ പ്രവർത്തകർക്ക് ആഹാരവും അവിടെ തന്നെ . ദിവസവും രണ്ടായിരത്തിൽ അധികം പേർക്ക് . ആഹാരവുമായി പലരും എത്തുന്നു. പോരാത്തത് പാചകം ചെയ്യുന്നു.

4) വീടുകളുടെ ക്ലീനിങ്ങ് യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു.

5) ഇനിയുള്ളത് കിണർ ശുചീകരണം. പ്ലമ്പർ മാരെയും ഇലക്ടീഷ്യൻമാരെയും വേണം. ഒപ്പം പമ്പ് സെറ്റും. സന്നദ്ധരായവർ എത്തുന്നുണ്ട്. 250 പേർ പമ്പ് സെറ്റ് സഹിതം എത്തുമെന്ന് ഒരു ഫോൺ അതിനിടെ സംഘാടകർക്ക് എത്തി. വരുന്നവർക്ക് ഒരു കണ്ടീഷൻ മാത്രം. ജോലി ഉണ്ടാവണം.

5) മടക്കയാത്രയിൽ എടവണ്ണയിലുൾപ്പെടെ പലയിടത്തും വണ്ടി തടഞ്ഞു നിർത്തി ക്ഷണിക്കുന്ന നാട്ടുകാർ. ദുരിതാശ്വാസ പ്രവർത്തകർക്ക് ഒരുക്കിയിട്ടുള്ള ഭക്ഷണം കഴിക്കാനാണത്. അപേക്ഷയാണ്. കൂടുതലും ചെറുപ്പക്കാർ . എന്തൊരു പ്രകാശമാണ് അവരുടെ മുഖത്ത്.

വിഷ്ണുവിനെ കൂടാതെ ഞങ്ങൾ Aravind S Sasi S Lallu Sindhul Kumar എന്നിവരാണ് യാത്രയിലുണ്ടായത്. സാധനങ്ങൾ ശേഖരിക്കുന്നതിനിടെ പേര് വെളിപ്പെടുത്താതെ സഹായം ചെയ്തവരെ സ്മരിക്കുന്നു. മാധ്യമ സുഹൃത്തുക്കൾ ഭാര്യയും മക്കളുമായെത്തിയായിരുന്നു പാക്കിങ്ങും ലോഡിങ്ങും. ആരുടെയൊക്കെ പേര് പരാമർശിക്കും. ഉത്സവം പോലെ കുറച്ച് ദിവസങ്ങൾ. ശ്യാംലാലിനെപ്പോലെ അറ്റു നിൽക്കുന്ന നിരവധി പേർ.

ശ്മശാന വൈരാഗ്യം.

ഭൂമി ഒന്ന് കുലുങ്ങിയാൽ എല്ലാം തീരില്ലെ എന്ന് മടക്കയാത്രയിൽ എത്ര വട്ടം ആശങ്കയോടെ പറഞ്ഞു. പക്ഷെ , ഈ ദുരന്ത കാഴ്ച മറന്നാൽ ഉടൻ പഴയ അഹങ്കാരിയാവാതെ പറ്റില്ലല്ലോ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News