കശ്മീര്‍ ഇന്ന് അശാന്തിയുടെ താഴ്വരയാണ്; സൈനിക ഭരണത്തിലേക്കുള്ള, ഹിന്ദുരാഷ്ട്ര രൂപീകരണത്തിലേക്കുള്ള നീക്കമാണിത്; സീതാറാം യെച്ചൂരി

തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗം വായിക്കാം:

(സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എ കെ ജി പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ‘അനുച്ഛേദം 370 ദദ്ദാക്കല്‍; ജമ്മു കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍’ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗം)

കശ്മീര്‍ ഇന്ന് അശാന്തിയുടെ താഴ്വരയാണ്. ലോകത്ത് ഏറ്റവും സൈനിക സാന്നിധ്യമുള്ള സ്ഥലമാക്കി കശ്മീരിനെ മാറ്റിയിരിക്കുകയാണ് മോഡി സര്‍ക്കാര്‍. സൈനിക ഭരണത്തിലേക്കുള്ള, ഹിന്ദുരാഷ്ട്ര രൂപീകരണത്തിലേക്കുള്ള നീക്കമാണിത്. എല്ലാ ഭരണഘടനാമൂല്യങ്ങളും കാറ്റില്‍പറത്തി, ജനാധിപത്യ-ഫെഡറല്‍ തത്വങ്ങള്‍ അട്ടിമറിച്ചാണ് കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി വെട്ടിക്കീറിയത്. ഇതിന് രണ്ടാഴ്ചമുമ്പേതന്നെ അവിടെ വര്‍ധിച്ചതോതില്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ജനങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചും കശ്മീരിനെ അക്ഷരാര്‍ഥത്തില്‍ അധിനിവേശ പ്രദേശമാക്കി മാറ്റി. കശ്മീരിനെ ഇന്ത്യയിലെ പലസ്തീനാക്കി മാറ്റാനുള്ള നീക്കം അനുവദിക്കാനാകില്ല. രാജ്യത്തിന്റെ മൗലികമായ മതനിരപേക്ഷ സ്വഭാവം പൊളിച്ചെഴുതി തങ്ങളുടെ തീവ്രഹിന്ദുത്വ അജന്‍ഡ സ്ഥാപിക്കാനുള്ള ബിജെപി- ആര്‍എസ്എസ് ശ്രമത്തിനെതിരെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പോരാടണം.

സൂചനയാണ് കശ്മീര്‍

സംസ്ഥാനങ്ങള്‍ വിഭജിക്കണമെങ്കില്‍ ആ സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അംഗീകാരം വേണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു. ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍മുതല്‍ ആന്ധ്ര, തെലങ്കാന രൂപീകരണംവരെ ഇപ്രകാരമായിരുന്നു. പക്ഷേ, കശ്മീരില്‍ കൗശലകരവും ആസൂത്രിതവുമായ നീക്കങ്ങളാണ് ബിജെപി നടത്തിയത്. ആദ്യം അവര്‍ തങ്ങള്‍കൂടി ഭാഗമായിരുന്ന ഭരണമുന്നണിയില്‍നിന്ന് പിന്‍വാങ്ങി. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും മുന്നണിയായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായപ്പോള്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തില്‍ ഇടപെടാന്‍ അവര്‍ 367 മാറ്റിയെഴുതി. 370 ഭേദഗതി ചെയ്യാനുള്ള മാനദണ്ഡങ്ങളാണ് 367ലുള്ളത്. ഇതിനായി രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് സമ്പാദിച്ചു. പാര്‍ലമെന്റിലെ ഭൂരിപക്ഷബലത്തില്‍ കശ്മീരിനെ വെട്ടിമുറിക്കുന്ന ബില്‍ പാസാക്കി.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പരസ്യമായി ആക്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളെ അസാധുവാക്കി, ഏത് നിമിഷവും ഏത് സംസ്ഥാനത്തും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താമെന്ന സൂചനയാണ് കശ്മീര്‍ നല്‍കുന്നത്. ഏത് സംസ്ഥാനത്തിന്റെയും അതിരുകളും ഭൗതികസാഹചര്യവും സ്വഭാവവുംതന്നെയും മാറ്റാന്‍ തങ്ങള്‍ക്കാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള അതീവ അപകടകരമായ വെല്ലുവിളിയാണിത്.

ജനങ്ങളെ ഭീതിദമായ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു
കശ്മീര്‍ മാത്രമല്ല പ്രത്യേക പരിഗണന ലഭിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. 370നു പുറമെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന പത്ത് അനുച്ഛേദമുണ്ട്. ‘371’, ‘371 എ’ മുതല്‍ ‘ഐ’ വരെയുള്ള അനുച്ഛേദങ്ങള്‍ പ്രധാനമായും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കുമെല്ലാം ഇത്തരം പരിഗണന നല്‍കുന്നതാണ്. അവയെയൊന്നും തൊടാതെ, പ്രത്യേക പരിഗണന ലഭിക്കുന്നതില്‍ മുസ്ലിംഭൂരിപക്ഷമുള്ള ഏക സംസ്ഥാനം എന്നതിനാലാണ് കശ്മീര്‍ ആക്രമിക്കപ്പെട്ടത്.

കശ്മീരിനെപ്പോലെ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാനാകില്ല. എന്നാല്‍, കശ്മീരില്‍മാത്രം ഈ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തി, മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിന്റെ ജനഘടന ഉടച്ചുവാര്‍ക്കുകയെന്ന തീവ്രഹിന്ദുത്വ അജന്‍ഡയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. പലസ്തീനില്‍ ജൂതകുടിയേറ്റം പ്രോത്സാഹിപ്പിച്ച് അധിനിവേശത്തിന് നിയമസാധുത നല്‍കിയ ഇസ്രയേല്‍ ഭരണമാതൃകയാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ പിന്തുടരുന്നത്.

മുമ്പ് കശ്മീരിലേക്കുള്ള കേന്ദ്ര പ്രതിനിധിസംഘത്തിന്റെ ഭാഗമായി പോവുകയുണ്ടായി. സന്ദര്‍ശനശേഷം കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കണമെന്നും എല്ലാവിഭാഗവുമായുള്ള ചര്‍ച്ചയിലൂടെ സമാധാനം പുനഃസൃഷ്ടിക്കണമെന്നും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, ഇസ്രയേല്‍ മാതൃകയില്‍ കശ്മീരില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പ്രദേശത്തെ പൂര്‍ണമായും സൈനികനിയന്ത്രണത്തിലാക്കി. ജനങ്ങളെ ഭീതിദമായ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. കശ്മീരുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തി സമാധാനം സ്ഥാപിക്കാന്‍ പ്രാപ്തരായ രാഷ്ട്രീയ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

കശ്മീരില്‍ എല്ലാം സാധാരണ നിലയിലാണെന്ന സര്‍ക്കാര്‍ വാദം ഖണ്ഡിക്കുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നെയും ഡി രാജയെയും സിപിഐ എം നേതാവും നാലുതവണ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണുന്നതില്‍നിന്ന് വിലക്കിയതും കശ്മീരിന്റെ യാഥാര്‍ഥ സ്ഥിതിഗതികള്‍ ലോകമറിയരുത് എന്ന നിര്‍ബന്ധത്തിന്റെ ഭാഗമാണ്. ഒരു ജനതയെയാകെ ഒറ്റപ്പെടുത്തി നടപ്പാക്കിയ വിഭജനം ഏതെല്ലാം തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.

ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍

ആര്‍എസ്എസ് കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ് കശ്മീര്‍ വിഭജനവും. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പാകിസ്ഥാന്‍ ഇസ്ലാമിക് രാജ്യമായി ഫ്യൂഡല്‍ സംരക്ഷകരായി മാറാന്‍ തീരുമാനിച്ചു. ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയുടെ ഭാഗമാകാനാണ് കശ്മീര്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യശേഷം കശ്മീരിനെ ആക്രമിച്ച പാകിസ്ഥാന് എതിരായി ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള കശ്മീരിലെ മുസ്ലിങ്ങള്‍ നിലപാടെടുത്തു. ഭൂരിപക്ഷ ജനവികാരവും ഇന്ത്യക്ക് അനുകൂലമായിരുന്നു. ബിജെപിയുടെ പൂര്‍വരൂപമായ പ്രജാ പരിഷത്ത് കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നതിന് എതിരായിരുന്നു. കശ്മീര്‍ സ്വതന്ത്രരാജ്യമായി തുടരണമെന്ന നിലപാടിലായിരുന്നു അവര്‍ എന്നത് ബിജെപി ഇപ്പോഴും തുടര്‍ന്നുവരുന്ന ഇരട്ടത്താപ്പിന്റെ വളരെ പഴയ ദൃഷ്ടാന്തമാണ്. ഇവരുടെ പിന്മുറക്കാരായ ബിജെപിയാണ് ഇന്ന് ഈ ചരിത്രത്തെയാകെ വികൃതമാക്കി വളച്ചൊടിച്ച് ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. ഷേഖ് അബ്ദുള്ള ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോഴും പ്രജാപരിഷത്ത് അതിനെ എതിര്‍ത്തു. അനുച്ഛേദം 370ന്റെ സംരക്ഷണം ഉണ്ടായതിനാലാണ് ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ ഷേക്ക് അബ്ദുള്ളയ്ക്ക് കഴിഞ്ഞത്. പ്രഥമ ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് പല ബില്ലും നിയമസഭയില്‍ പാസാക്കിയെങ്കിലും രാഷ്ട്രപതി അംഗീകാരം നല്‍കുകയുണ്ടായില്ല.

അസമില്‍ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവന്ന നടപടിയിലും എന്‍ഡിഎ സര്‍ക്കാരിന്റെ ഹിന്ദുത്വ അജന്‍ഡയാണ് വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ജീവിച്ചുവന്ന 41.2 ലക്ഷം ജനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഇന്ത്യന്‍ പൗരന്മാരല്ലാതായിരിക്കുന്നു. രണ്ടായിരത്തി ഇരുപതോടെ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കാനാണ് തീരുമാനം. രാജ്യം മുഴുവന്‍ ഇതിനായി സെന്‍സസ് നടത്തും. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാനാകാത്തവരെ പുറത്താക്കും. എന്നാല്‍, മുസ്ലിമല്ലാത്തവര്‍ക്ക് പൗരത്വം ലഭ്യമാക്കും. ഇതിനായി മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നു. മറ്റ് രാജ്യങ്ങളില്‍നിന്ന് വന്ന് താമസമാക്കിയവര്‍, മുസ്ലിങ്ങളല്ലെങ്കില്‍, പൗരനാകാം എന്നാണ് ഈ ബില്‍ പറയുന്നത്. രാജ്യത്തിന്റെ മൗലികമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ബില്ലാണിത്. ഇത് ദേശവ്യാപകമായി ഹിന്ദു- മുസ്ലിം വേര്‍തിരിവുണ്ടാക്കും.

മുത്തലാഖ്, അയോധ്യ, അനുച്ഛേദം 370 തുടങ്ങി ബിജെപിയുടെ വര്‍ഗീയ അജന്‍ഡ ഒന്നൊന്നായി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഇവര്‍ കഠിനമായി പരിശ്രമിച്ചു

മുത്തലാഖ്, അയോധ്യ, അനുച്ഛേദം 370 തുടങ്ങി ബിജെപിയുടെ വര്‍ഗീയ അജന്‍ഡ ഒന്നൊന്നായി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഇവര്‍ കഠിനമായി പരിശ്രമിച്ചു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ശക്തിയും സ്വാധീനവുംകൊണ്ട് അത് നടന്നില്ല. ഇതിന്റെ അമര്‍ഷമാണ് ഗാന്ധിവധത്തില്‍ കലാശിച്ചത്. പിന്നീട്, രാജ്യത്തിന്റെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃക്രമീകരണത്തിനെതിരെയും ഇവര്‍ നിലകൊണ്ടു. വൈവിധ്യം എന്ന ആശയത്തിന് എന്നും എതിരായിരുന്നു ബിജെപി. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു ഭരണഘടന, ഒരു നികുതി തുടങ്ങിയ ഏകാധിപത്യ ആശയങ്ങള്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

ഇതിനുള്ള തുടക്കമാണ് കശ്മീരിനെ ഇന്ത്യയുടെ പലസ്തീനാക്കാനുള്ള നീക്കം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതിനു വിരുദ്ധമായ നിലപാട് അനുവദിക്കരുത്. രാഷ്ട്രീയവും സാമൂഹ്യവുമായ സമത്വം രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതിന്റെ നിരാകരണത്തെ സിപിഐ എം പൂര്‍ണമായും എതിര്‍ക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ ഘടനയെ മാറ്റി, ഫാസിസ്റ്റ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള ആര്‍എസ്എസ് അജന്‍ഡയാണ് കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇതിന് തടസ്സമാകുന്ന ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും തച്ചുടയ്ക്കാന്‍ നോക്കുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തുന്നു.

മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രാജ്യത്തെ നിലനിര്‍ത്തണോ, അതോ ഫാസിസ്റ്റ്, ഏകാധിപത്യ, ഹിന്ദുരാഷ്ട്രമായി മാറ്റാന്‍ അനുവദിക്കണോ എന്ന് നമ്മള്‍ തീരുമാനിക്കണം. രാജ്യത്തിന്റെ വൈവിധ്യവും മതനിരപേക്ഷതയും ഫെഡറല്‍ തത്വവും സംരക്ഷിക്കാന്‍ ദേശാഭിമാനികളായ എല്ലാ ആളുകളും ഒന്നുചേരണം. ആ പോരാട്ടത്തെ കേരളം മുന്നില്‍നിന്ന് നയിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News