രാജ് താക്കറെ ഇന്ന് ഹാജരാകും; അനുയായി ആത്മഹത്യാ ചെയ്തു

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒറ്റയാനും എം എൻ എസ് നേതാവുമായ രാജ് താക്കറേയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

ഇതിനിടെയാണ് താനെയിലെ അനുയായി ആത്മഹത്യചെയ്ത സംഭവം പുറത്തു വന്നിരിക്കുന്നത്. എം എൻ എസ് തലവനെതിരെയുള്ള നടപടിയിൽ മനം നൊന്താണ് 28 വയസ്സ് പ്രായമുള്ള പ്രവീൺ ചൗഗുലെ ആത്മഹത്യ ചെയ്തതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കൽവയിലെ വീട്ടിൽവെച്ചാണ് പ്രവീൺ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാർട്ടിയുടെ സജീവ പ്രവർത്തകനായ പ്രവീൺ, രാജ് താക്കറെക്കെതിരെയുള്ള നടപടികളിൽ ആശങ്ക പുലർത്തിയിരുന്നതായാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്.

നേതാവിനെ അനുകൂലിച്ചു ഫേസ് ബുക്കിൽ ആയിരത്തോളം പോസ്റ്റുകൾ ഇട്ടിരുന്നതും ശ്രദ്ധേയമാണ്. രാജിനെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും ചോദ്യം ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരെ തീ കൊളുത്തുമെന്നും പരസ്യമായി ഇയാൾ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും പ്രവീണിന്റെ ആത്മഹത്യാകുറിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ശിവ സേനാ നേതാവ് മനോഹർ ജോഷിയുടെ മകൻ ഉന്മേഷ് ജോഷിയും രാജ് താക്കറെയും ഉടമസ്ഥത വഹിക്കുന്ന മുംബൈയിലെ കോഹിനൂർ സി ടി എൻ എൽ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനവും ഐ.എൽ. ആൻഡ് എഫ്.എസ്.

എന്ന ധനകാര്യസ്ഥാപനവും തമ്മിലുണ്ടായിരുന്ന പണമിടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുന്നത്.

ഇതിൽ പ്രതിഷേധിച്ചു മുംബൈ, താനെ, കല്യാൺ എന്നിവടങ്ങളിൽ പാർട്ടി ബന്ദ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.

ദാദറിൽ ശിവസേനാ ഭവനോടു ചേർന്നുള്ള പഴയ കോഹിനൂർ മില്ലിന്റെ സ്ഥലംവാങ്ങി അവിടെ പാർപ്പിടസമുച്ചയം പടുത്തുയർത്താനാണ് രാജ് താക്കറേയും ഉൻമേഷും കെട്ടിടനിർമാതാവായ രാജൻ ശിരോദ്കറും ചെർന്ന് കോഹിനൂർ സി.ടി.എൻ.എൽ. ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയത്.

കടക്കെണിയിൽപ്പെട്ടു വലയുന്ന ധനകാര്യസ്ഥാപനമായ ഐ.എൽ. ആൻഡ് എഫ്.എസ്. കോഹിനൂരിൽ ഓഹരിയെടുത്തതും പിന്നീട് വായ്പനൽകിയതും ഓഹരി വിറ്റ് രാജ് താക്കറേ സ്ഥാപനം വിട്ടതും സംശയാസ്പദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ഏകദേശം പത്തോളം പൊതു ചടങ്ങിലാണ് രാജ് താക്കറെ പങ്കെടുത്ത് മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ രാജിനെതിരെയുള്ള നടപടികൾ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് എം എൻ എസ് ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News