ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി റിപ്പോര്‍ട്ട്; കേരളത്തിലും ജാഗ്രതാ നിര്‍ദേശം

ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരര്‍ എത്തിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത നിര്‍ദേശം. ശ്രീലങ്കയില്‍ നിന്ന് ഒരു മലയാളിയുള്‍പ്പെടെ ആറ് ഭീകരര്‍ എത്തിയെന്നാണ് വിവരം. ഭീകരര്‍ കോയമ്പത്തൂര്‍ എത്തിയെന്ന സൂചനയെ തുടര്‍ന്ന് സുരക്ഷാ പരിശോധന ശക്തമാക്കി. കേരളത്തിലും ജാഗ്രതാ നിര്‍ദേശം.

ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരായ ആറു പേര്‍ എത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇല്യാസ് അന്‍വര്‍ എന്ന പാകിസ്ഥാനി സ്വദേശിയും അഞ്ച് ശ്രീലങ്കന്‍ സ്വദേശികളും ഒരു മലയാളിയും സംഘത്തില്‍ ഉണ്ടെന്നാണ് വിവരം.
തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് സംഘത്തില്‍ ഉള്ള മലയാളി എന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്.

ഇവര്‍ കോയമ്പത്തൂരിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് സുരക്ഷാ പരിശോധന ശക്തമാക്കി. കുനിയമ്പുത്തൂര്‍, പോത്തന്നൂര്‍, ഉക്കടം തുടങ്ങി പ്രധാന പ്രദേശങ്ങളിലെല്ലാം പോലീസും ഇന്റലിജന്‍സും ശക്തമായ പരിശോധന നടത്തുന്നുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങള്‍ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍, പ്രധാന ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നേരത്തെ കോയമ്പത്തൂരില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷയൊരുക്കുന്നതിനോടൊപ്പം കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹന പരിശോധനയുള്‍പ്പെടെ ശക്തമാക്കി.

സംശയാസ്പദമായ സാഹചര്യങ്ങളുണ്ടായാല്‍ സംസ്ഥാന പോലീസ് കണ്‍ട്രോള്‍ റൂമിലോ 112 എന്ന നമ്പറിലോ വിവരമറിയിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തീരദേശ മേഖലയും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here