‘താരാട്ടില്‍’ താരങ്ങളായി കുഞ്ഞോമനകള്‍; വന്ധ്യതാനിവാരണ ക്ലിനിക്ക് കുടുംബ സംഗമം നടത്തി

മൂന്ന് കുഞ്ഞുങ്ങളുമായാണ് പ്രാക്കുളം സ്വദേശിനി സൗമ്യ വിക്ടോറിയ ആശുപത്രിയിലെ ‘താരാട്ട്’ വന്ധ്യതാനിവാരണ ക്ലിനിക്കിന്റെ കുടുംബ സംഗമത്തിലെത്തിയത്. ആദ്യ പ്രസവം സമ്മാനിച്ച കുരുന്നുകളായ തന്മയ, ചിന്മയ, വിസ്മയ എന്നിവരായിരുന്നു സംഗമത്തിലെ താരങ്ങളായി മാറിയത്.

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ജീവിതത്തില്‍ സന്തോഷം നിറച്ചെത്തിയ കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍, മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന ദമ്പതികള്‍ എന്നിവര്‍ക്കായി ഒരു ദിനം ഒരുക്കുകയായിരുന്നു ഗവ വിക്ടോറിയ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്കിലെ നോഡല്‍ ഓഫീസറും കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോ ജെ അഞ്ജലിയും സംഘവും.

‘താരാട്ട്’ കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്തു. നൂതന സൗകര്യങ്ങളോടെ കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ചികിത്സയ്ക്കായി ലഭ്യമാക്കുമെന്നും സേവന സന്നദ്ധരായ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും പ്രവര്‍ത്തനമാണ് ക്ലിനിക്കിന്റെ വിജയമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലേഖ വേണുഗോപാല്‍ അധ്യക്ഷയായി.

മാതൃ- ശിശു ആരോഗ്യം എന്ന വിഷയത്തില്‍ ആര്‍ സി എച്ച് ഓഫീസര്‍ ഡോ കൃഷ്ണ വേണി, പാരന്റിംഗ് സംബന്ധമായ സംശയങ്ങളെ കുറിച്ച് വിക്ടോറിയ ആശുപത്രി കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ഡോ ശ്രീകുമാരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംഗമത്തിന് എത്തിയ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള മൊമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ മിനി എസ് നായര്‍, നഴ്‌സിങ് സൂപ്രണ്ട് മാര്‍, എച്ച് എം സി അംഗങ്ങള്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2014-15 കാലയളവിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്ധ്യതാനിവാരണ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനകം അന്യ ജില്ലകളില്‍ നിന്നടക്കം അഞ്ഞൂറോളം പേര്‍ ഇവിടെ ചികിത്സ തേടി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News